നദിയില്‍ രൂപപ്പെട്ട നിഗൂഢ ഗര്‍ത്തം ഒരു കൂറ്റന്‍ വെള്ളച്ചാട്ടത്തെ ഇല്ലാതാക്കിയപ്പോള്‍: അതിശയിപ്പിക്കുന്ന ദൃശ്യങ്ങള്‍

പ്രകൃതി ഒരുക്കിയിരിക്കുന്ന ദൃശ്യവിസ്മയങ്ങളും പ്രകൃതിയിലെ പ്രതിഭാസങ്ങളുമൊക്കെ പലപ്പോഴും മനുഷ്യന്റെ ചിന്തകള്‍ക്കും വര്‍ണ്ണനകള്‍ക്കുമെല്ലാം അതീതമാണ്. അനുദിനവും മാറ്റങ്ങള്‍ക്ക് വിധേയമായിക്കൊണ്ടിരിക്കുകയാണ് പ്രകൃതിയിലെ പല വിസ്മയ കാഴ്ചകളും. അതുകൊണ്ടുതന്നെ പ്രകൃതി മിക്കപ്പോഴും ഗവേഷകര്‍ക്ക് പഠനവിഷയമാകുന്നു. നദിയില്‍ രൂപപ്പെട്ട ഒരു നിഗൂഢ ഗര്‍ത്തം ഇല്ലതാക്കിയ ഭീമന്‍ വെള്ളച്ചാട്ടത്തെക്കുറിച്ചുള്ള പഠനങ്ങളും വിലയിരുത്തലുമാണ് ഗവേഷകര്‍ക്കിടയില്‍ ശ്രദ്ധ നേടുന്നത്.

ഇക്വഡോറിലെ ഏറ്റവും വലിയ വെള്ളച്ചാട്ടമാണ് സാന്‍ റാഫേല്‍ വെള്ളച്ചാട്ടം. എന്നാല്‍ ഈ ഭീമന്‍ വെള്ളച്ചാട്ടം ഇന്ന് ഇല്ലാതായിക്കൊണ്ടിരിക്കുകയാണ്. നദിയില്‍ രൂപപ്പെട്ട ഒരു നിഗൂഢ ഗര്‍ത്തമാണ് വെള്ളച്ചാട്ടത്തിന്റെ ഈ അവസ്ഥയ്ക്ക് പിന്നിലെന്ന് കണ്ടെത്തിയിരിക്കുകയാണ് ഗവേഷകര്‍.

അഞ്ഞൂറ് അടി ഉയരത്തിലുള്ള ഈ വെള്ളച്ചാട്ടം അപ്രത്യക്ഷമാകുന്നത് ശ്രദ്ധയില്‍പ്പെട്ടപ്പോഴാണ് ഗവേഷകര്‍ പ്രത്യേക പഠനം നടത്തിയത്. നദിയില്‍ നിഗൂഢ ഗര്‍ത്തം എങ്ങനെ ഉണ്ടായി എന്ന് കണ്ടെത്തുകയായിരുന്നു പഠനത്തിന്റെ ലക്ഷ്യം. വെള്ളച്ചാട്ടത്തിന്റെ സമീപത്തായി നിര്‍മിച്ച ജലവൈദ്യുത നിലയത്തിന്റെ പ്രവര്‍ത്തനമാകാം നിഗൂഢ ഗര്‍ത്തത്തിന് പിന്നിലെന്നാണ് ഗവേഷകര്‍ വാദിക്കുന്നത്. 2016 ലാണ് ജലവൈദ്യുത നിലയം പണികഴിപ്പിക്കപ്പെട്ടത്. ആയിരക്കണക്കിന് വര്‍ഷങ്ങളായി ഒഴുകിയിരുന്ന വെള്ളച്ചാട്ടം നിശ്ചലമായത് വൈദ്യുത നിലയം കാരണമാണെന്നാണ് ഗവേഷകരുടെ വിലയിരുത്തല്‍.

നദിയില്‍ വലിയ ഗര്‍ത്തം രൂപപ്പെട്ടപ്പോള്‍ ശക്തമായി ഒഴുകിയിരുന്ന നദി കൈവഴികളായി ഒഴുകാന്‍ തുടങ്ങി. അങ്ങനെയാണ് വെള്ളച്ചാട്ടം ഇല്ലാതാവാന്‍ തുടങ്ങിയത്. നദിയില്‍ രൂപപ്പെട്ട ഈ ഗര്‍ത്തം നദിയുടെ സ്വാഭാവിക ആവാസ വ്യവസ്ഥയെ ദോഷകരമായി ബാധിക്കുമെന്നും ഗവേഷകര്‍ മുന്നറിയിപ്പ് നല്‍കുന്നുണ്ട്.