ചിറകുണ്ടല്ലോ, പിന്നെ പറന്നാല്‍ എന്താ: പുഴയെ പറന്ന് മറികടക്കുന്ന കോഴി

സമൂഹമാധ്യമങ്ങളില്‍ അക്കൗണ്ടില്ല, എന്തിനേറെ പറയുന്നു, സോഷ്യല്‍ മീഡിയ എന്താണെന്നു പോലും അറിയില്ല. എന്നിട്ടും പലപ്പോഴും മനുഷ്യരേക്കാള്‍ ശ്രദ്ധ നേടാറുണ്ട് മൃഗങ്ങളും പക്ഷികളുമൊക്കെ സമൂഹമാധ്യമങ്ങളില്‍. പാട്ടിനൊപ്പം നൃത്തം ചെയ്യുന്ന പക്ഷിയും ചത്തതുപോലെ അഭിനയിക്കുന്ന താറാവും കീരിക്കുഞ്ഞുമൊക്കെ അടുത്തിടെ സോഷ്യല്‍ മീഡിയയില്‍ നിറഞ്ഞ കാഴ്ചകളാണ്. ഇപ്പോഴിതാ ഒരു കോഴിയാണ് സൈബര്‍ലോകത്ത് ശ്രദ്ധ നേടുന്നത്.

കോഴികള്‍ക്ക് ചിറകുണ്ടെങ്കില്‍ അവ അത്ര ദൂരം അങ്ങനെ പറക്കാറില്ല. എന്നാല്‍ ചിറകു വിടര്‍ത്തി പറന്നുകൊണ്ട് ഒരു പുഴയെ മറികടക്കുന്ന കോഴിയുടെ വീഡിയോയാണ് ശ്രദ്ധ നേടുന്നത്. പുഴയുടെ അരികിലായി കുറച്ചധികം കോഴികള്‍ നില്‍പ്പുണ്ട്. അതില്‍ ഒരു കോഴിയാണ് അനായാസം ചിറകു വിരിച്ച് പറന്നത്. പുഴ മറികടക്കുകയും ചെയ്തു ഈ കോഴി. എന്തായാലും ഈ വീഡിയോ സോഷ്യല്‍മീഡിയയില്‍ വൈറലായിക്കഴിഞ്ഞു.