‘എന്നെ അമ്മ തല്ലിയെങ്കിലും അച്ഛന്റെ ഭാര്യയാണെന്ന് ഓർത്ത് ക്ഷമിച്ചേക്ക്’- വീണ്ടും ചിരിപ്പിച്ച് കുറുമ്പി; വീഡിയോ

ലോക്ക് ഡൗൺ സമയത്ത് വീട്ടിലിരിക്കുമ്പോൾ നേരം പോകാൻ ഒരു കുറുമ്പനോ കുറുമ്പിയോ വീട്ടിലുണ്ടായാൽ മതി. ദിവസങ്ങൾ പോകുന്നത് അറിയില്ല. കുസൃതി നിറഞ്ഞ സംസാരത്തിലൂടെ കഴിഞ്ഞ കുറച്ച് നാളുകളായി ആളുകളെ ചിരിപ്പിച്ച ഒരു കൊച്ചുമിടുക്കിയാണ് വേദിക. ഈ നാലര വയസുകാരിയുടെ കൊറോണകാലത്തെ വിശേഷങ്ങളൊക്കെ ഫ്‌ളവേഴ്‌സ് ഓൺലൈനിലൂടെയാണ് വൈറലായത്.

ദുബായിലാണെങ്കിലും കേരളത്തിൽ വേദികയാണ് താരം. ഇപ്പോൾ വീണ്ടും കുറുമ്പുമായി എത്തിയിരിക്കുകയാണ് കക്ഷി. പക്ഷെ, ഇത്തവണ ഇത്തിരി ഗൗരവമുള്ള കാര്യങ്ങളാണ് വിഷയം. അമ്മയുടെ കയ്യിൽ നിന്ന് നല്ല അടിയും വാങ്ങി വന്നിട്ട്, അടി കിട്ടാനുണ്ടായ സാഹചര്യം അച്ഛനോട് പറയുകയാണ് മിടുക്കി.

അമ്മയെ വഴക്ക് പറയണോ എന്ന് ചോദിച്ചപ്പോൾ മറുപടിയാണ് രസകരം..’ അച്ഛന്റെ ഭാര്യയാണെന്ന് ഓർത്ത് ക്ഷമിച്ചേക്ക്’. മോളെ വഴക്ക് പറയുമ്പോൾ അച്ഛൻ അമ്മയെ വഴക്ക് പറയണ്ടേ എന്ന് ചോദിച്ചപ്പോഴും നല്ല ഗംഭീര മറുപടിയാണ് കക്ഷിക്ക്. ‘സാരമില്ല, ഇങ്ങനെയല്ലേ അമ്മമാർ ഓരോ കുട്ടികളെ വളർത്തുന്നത്?’. എന്തായാലും വേദിക ഇപ്പോൾ സമൂഹമാധ്യമങ്ങളിലെ താരമായി മാറുകയാണ്.