കൊവിഡ്: വാഹന ഇന്‍ഷുറന്‍സ് പുതുക്കാന്‍ സമയം നീട്ടി

കൊവിഡ് 19 എന്ന മഹാമാരിക്കെതിരെയുള്ള പ്രതിരോധപ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുകയാണ് രാജ്യത്ത്. ഇതിന്റെ അടിസ്ഥാനത്തില്‍ ഏപ്രില്‍ 14 വരെ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ത്യയില്‍ ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചിട്ടുണ്ട്. പൊതുജനങ്ങളെല്ലാം വീടുകളില്‍ തന്നെ കഴിയാനാണ് നിര്‍ദ്ദേശിച്ചിരിക്കുന്നത്. ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചിരിക്കുന്നതിനാല്‍ പല മേഖലകളിലും ഉപഭോക്താക്കള്‍ക്ക് പ്രത്യേക ഇളവുകളും പ്രഖ്യാപിച്ചിട്ടുണ്ട്.

ഇതുപ്രകാരം വാഹന ഇന്‍ഷുറന്‍സ് പുതുക്കുന്നതിനു വേണ്ടിയുള്ള സമയപരിധിയും നീട്ടി. മാര്‍ച്ച് 25 മുതല്‍ ഏപ്രില്‍ 14 വരെയുള്ള ദിവസങ്ങളില്‍ കാലാവധി അവസാനിച്ചതോ പുതുക്കേണ്ടതോ ആയ വാഹന ഇന്‍ഷുറന്‍സ് പോളിസികള്‍ പുതുക്കാന്‍ ഏപ്രില്‍ 21 വരെ സമയം അനുവദിച്ചിട്ടുണ്ട്. ഇതു സംബന്ധിച്ച നിര്‍ദ്ദേശങ്ങള്‍ കേന്ദ്ര സര്‍ക്കാര്‍ ബന്ധപ്പെട്ട അധികൃതര്‍ക്ക് നകിയിട്ടുണ്ട്.

പുതുക്കാറായ ലൈസന്‍സ്, ആര്‍സി ബുക്ക്, പെര്‍മിറ്റുകള്‍ എന്നിവയുടെ കാലാവധിയും കഴിഞ്ഞ ദിവസം നീട്ടിയിരുന്നു. ജൂണ്‍ 30 വരെയാണ് കാലാവധി നീട്ടിയിരിക്കുന്നത്. 1988 ലെ മോട്ടോര്‍ വാഹന നിയമവും 1989 ലെ കേന്ദ്ര മോട്ടോര്‍ വാഹന ചട്ടവുമായി ബന്ധപ്പെട്ട എല്ലാ രേഖകളുടെയും കാലാവധി ജൂണ്‍ 30 വരെ നീട്ടിയിട്ടുണ്ട്.

Read more: ഓണ്‍ലൈന്‍ ഭക്ഷ്യ വിതരണത്തിന്റെ സമയം നീട്ടി

മാര്‍ച്ച് 31നു മുന്‍പ് രജിസ്ട്രേഷനായി സമര്‍പ്പിച്ച വാഹനങ്ങളുടെ രജിസ്ട്രേഷന്‍ പൂര്‍ത്തിയാക്കാന്‍ ഏപ്രില്‍ 30 വരെയും സമയം അനുവദിച്ചിട്ടുണ്ട്. അതേസമയം ലൈസന്‍സ്, ആര്‍സി ബുക്ക്, പെര്‍മിറ്റ് തുടങ്ങിയവ പുതുക്കുന്നതിന് വേണ്ടിയുള്ള അപേക്ഷകള്‍ നിലവില്‍ ട്രാന്‍സ്പോര്‍ട്ട് ഓഫീസുകളില്‍ നല്‍കേണ്ടതില്ല. കൈയിലുള്ള രേഖയുടെ അടിസ്ഥാനത്തില്‍ വാഹനങ്ങള്‍ ഉപയോഗിക്കാം. പ്രത്യേക പിഴ ഈടാക്കുകയുമില്ല.