‘പുറത്തുകണ്ട യാഥാർഥ്യം വല്ലാതെ അമ്പരപ്പെടുത്തി, സത്യത്തിൽ ഞാൻ കരയുകയായിരുന്നു’- ലോക്ക് ഡൗൺ കാഴ്ചയുടെ അനുഭവം പങ്കുവെച്ച് കനിഹ

ലോക്ക് ഡൗൺ ദിനങ്ങൾ ഓരോരുത്തർക്കും ഓരോ തരത്തിലുള്ള അനുഭവങ്ങളാണ് നൽകുന്നത്. ചിലർ കുടുംബത്തിനുള്ളിലെ സുരക്ഷിതത്വത്തിൽ കഴിയുമ്പോൾ ചിലർ പുറത്തെ കാഴ്ചകളിലും സംഭവങ്ങളിലും ആകുലതയിലാണ്. അത്തരമൊരു സങ്കടത്തിലാണ് നടി കനിഹയും. ലോക്ക് ഡൗൺ കാഴ്ചകൾ ഹൃദയഭേദകമാണെന്നു പറയുകയാണ് നടി.

‘കഴിഞ്ഞ പത്തുദിവസമായി വീടിനുള്ളിൽ തന്നെ കഴിയുകയാണ്. ഇന്നലെയാണ് അത്യാവശ്യ സാധനങ്ങൾ വാങ്ങാൻ പുറത്തേക്കിറങ്ങിയത്. പുറത്തുകണ്ട യാഥാർഥ്യം വല്ലാതെ അമ്പരപ്പെടുത്തി. ലോകത്ത് സംഭവിച്ചുകൊണ്ടിരിക്കുന്ന കാര്യങ്ങൾ ഉൾകൊള്ളാൻ അല്പം പ്രയാസപ്പെടുകയാണ്. വിജനമായ റോഡിൽ കൂടി വണ്ടിയോടിച്ചു പോയപ്പോൾ സത്യത്തിൽ ഞാൻ കരയുകയായിരുന്നു. എന്തിനെന്നു പോലുമറിയില്ല.

നമ്മൾ ഈ സാഹചര്യങ്ങളുമായി പൊരുത്തപ്പെട്ടു കഴിഞ്ഞു. പുറത്തു പോയി ഇഷ്ടം പോലെ കളിച്ചിരുന്ന അവർക്ക് വീട്ടിൽ അടച്ചു പൂട്ടിയിരിക്കേണ്ടി വരുന്നതിന്റെ ഗൗരവം ചിലപ്പോൾ മനസ്സിലായില്ലെന്നിരിക്കാം. നമ്മുടെ യാന്ത്രിക ജീവിതത്തിനും ഒരു ഫുൾസ്റ്റോപ്. വന്നുപെട്ടിരിക്കുന്നു. നമ്മളിൽ പലർക്കും ഇപ്പോൾ വേതനം പോലുമില്ല. ഇതുവരെയായി സമ്പാദിച്ചതു കൊണ്ട് കഴിയുകയാണ്. ഇനി ഇത് എത്ര നാൾ തുടരേണ്ടി വരുമെന്നും അറിയില്ല. പ്രതീക്ഷയാണ് ഇനി ആകെ ബാക്കിയുളളത്.’ കനിഹ പറയുന്നു.

എല്ലാവരും വീടിനുള്ളിൽ കഴിയുന്നതുകൊണ്ട് പുറത്തെ കാഴ്ചകൾ അറിയാനുള്ള ഏകമാർഗം ചാനലുകളാണ്. വീടിനു വെളിയിൽ കുടുംബത്തിലെ ഒരംഗം മാത്രം പോകാനാണ് അനുവാദമുള്ളത്. അതുകൊണ്ട് തന്നെ പുറത്തുള്ള വിജനത അധികമാരും നേരിട്ട് അറിഞ്ഞിട്ടുമുണ്ടാകില്ല.