ഈ ആഴ്ച്ച അതിനിർണായകം; വിദേശത്തുനിന്നെത്തിയവരുടെ നിരീക്ഷണ കാലാവധി ഏപ്രിൽ 7 വരെ

April 1, 2020
new Covid cases reported in Kerala

കൊറോണ വൈറസ് എന്ന മഹാമാരിക്കെതിരെ പോരാടുന്ന കേരളക്കരയ്ക്ക് ഈ ഒരാഴ്ച അതിനിർണായകം. ലോക്ക് ഡൗണിന് മുൻപ് വിദേശത്തുനിന്നെത്തിയവരിൽ ഭൂരിഭാഗം ആളുകളുടെയും ക്വാറന്റീൻ കാലാവധി ഈ മാസം 7 ന് അവസാനിക്കും. ഈ ദിവസങ്ങളിൽ രോഗികളുടെ എണ്ണം കാര്യമായി കൂടുന്നില്ലെങ്കിൽ കാര്യങ്ങൾ നിയന്ത്രണവിധേയമാകും എന്നാണ് ആരോഗ്യവിദഗ്ധരുടെ കണ്ടെത്തൽ.

നിലവിൽ കേരളത്തിൽ കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചവരിൽ ഭൂരിഭാഗവും വിദേശത്തുനിന്ന് എത്തിയവർക്കാണ്. സംസ്ഥാനത്ത് ലോക്ക് ഡൗൺ ഉൾപ്പെടെ കർശന നിയന്ത്രണങ്ങൾ പാലിച്ചതിനാൽ കൂടുതൽ ആളുകളിലേക്ക് രോഗം പടർന്നിട്ടില്ലെന്നാണ് ഇതുവരെയുള്ള വിലയിരുത്തൽ.

അതേസമയം കേരളത്തില്‍ ഇന്നലെ ഏഴ് പേര്‍ക്കുകൂടി കൊവിഡ് 19 സ്ഥിരീകരിച്ചു. ഇതോടെ രോഗബാധിതരുടെ എണ്ണം 215 ആയി. ആകെ 1,63,129 പേരാണ് സംസ്ഥാനത്ത് നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 1,62,471 പേര്‍ വീടുകളിലും 658 പേര്‍ ആശുപത്രികളിലുമാണ്.