ലൂസിഫർ തെലുങ്കിലേക്ക്; സ്റ്റീഫൻ നെടുമ്പള്ളിയാകാൻ ചിരഞ്ജീവി

മലയാള സിനിമയിൽ ആദ്യമായി 200 കോടി വാരിയ ചിത്രമായിരുന്നു പൃഥ്വിരാജ് സംവിധാനം ചെയ്ത് മോഹൻലാൽ നായകനായ ‘ലൂസിഫർ’. ചിത്രം തെലുങ്കിലേക്ക് റീമേയ്ക്കിന് ഒരുങ്ങുകയാണ്. തെലുങ്ക് സൂപ്പർതാരം ചിരഞ്ജീവിയാണ് നായകൻ എന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

സഹോ എന്ന ചിത്രം സംവിധാനം ചെയ്ത സുഗീത് ആണ് ‘ലൂസിഫർ’ തെലുങ്കിൽ ഒരുക്കുന്നത്. മോഹൻലാലിന്റെ കഥാപാത്രമായാണ് ചിരഞ്ജീവി എത്തുന്നത്. അതിനൊപ്പം തന്നെ സ്വന്തം പ്രൊഡക്ഷൻ കമ്പനിയായ കോണിഡെല പ്രൊഡക്ഷൻസിന്റെ ബാനറിലാണ് ചിത്രം നിർമിക്കുന്നതെന്നും റിപ്പോർട്ടുകൾ ഉണ്ട്.

‘ആചാര്യ’ എന്ന ചിത്രത്തിന്റെ പ്രൊഡക്ഷൻ ജോലികൾക്ക് ശേഷമേ ‘ലൂസിഫർ’ റീമേയ്ക്ക് ആരംഭിക്കൂ. ‘ലൂസിഫറി’ന്റെ റൈറ്റ്സ് ചിരഞ്ജീവി സ്വന്തമാക്കിയതായാണ് അടുത്ത വൃത്തങ്ങൾ പറയുന്നത്.