അതിമനോഹരമായി ലക്ഷ്മി ‘മൃദുമന്ദഹാസം’ പാടി; ഏറ്റെടുത്ത് സൈബര്‍ലോകം, അഭിനന്ദനവുമായി എം ജയചന്ദ്രനും: വീഡിയോ

കലാകാരന്‍മാര്‍ക്ക് മുന്‍പില്‍ ഇക്കാലത്ത് അവസരങ്ങളുടെ തുറന്ന വാതായനങ്ങള്‍ ഒരുക്കുകയാണ് സമൂഹമാധ്യമങ്ങള്‍. അറിയപ്പെടാതിരുന്ന പല കലാകാരന്മാരെയും കലാകാരികളേയും സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് എത്തിക്കുന്നതിലും സോഷ്യല്‍മീഡിയ നിസ്തുലമായ പങ്കുവഹിക്കുന്നുണ്ട്. വിറകുവെട്ടുന്നതിനിടയില്‍ പാട്ടുപാടിയും അടുക്കള ജോലിക്കൊപ്പം പാട്ടുപാടിയുമെല്ലാം പലരും സൈബര്‍ ലോകത്ത് താരമാകുന്നു.

ഇത്തരത്തില്‍ സോഷ്യല്‍ മീഡിയ ഏറ്റെടുത്ത പാട്ടുകാരിയാണ് ലക്ഷ്മി. അതിമനോഹരമായ ആലാപന ശൈലിയിലൂടെ ഈ ഗായിക ആസ്വാദക ഹൃദയം കവര്‍ന്നു. ഇപ്പോഴിതാ ലക്ഷ്മിയുടെ ആലാപനത്തെ പ്രശംസിച്ചുകൊണ്ട് രംഗത്തെത്തിയിരിക്കുകയാണ് മലയാളികളുടെ പ്രിയ സംഗീത സംവിധായകന്‍ എം ജയചന്ദ്രന്‍. ലക്ഷ്മിയുടെ പാട്ട് പങ്കുവെച്ചുകൊണ്ടാണ് എം ജയചന്ദ്രന്‍ അഭിനന്ദനം അറിയിച്ചത്.

”ഫേസ്ബുക്കിലെ ഒരു പോസ്റ്റിലൂടെ ആണ് ഞാന്‍ ആദ്യമായ് ലക്ഷ്മിയുടെ പാട്ട് കേള്‍ക്കുന്നത്. ബ്രില്യന്റ് ആന്‍ഡ് എക്‌സ്ട്രാ ഓഡിനറി. എനിക്കേറെ ഇഷ്ടമാണ് അറക്കല്‍ നന്ദുവേട്ടന്റെ ‘മൃദുമന്ദഹാസം’ എന്ന ഗാനം. അത് അതിമനോഹരമായി ലക്ഷ്മി പാടിയിരിക്കുന്നു. ഇത് ലോകം കേള്‍ക്കണം. ലക്ഷ്മി നാളത്തെ വലിയ ഗായികയായി വളരട്ടെ എന്നു ആശംസിക്കുന്നു. ലക്ഷ്മിയോടൊത്തു ഒരു പാട്ട് വര്‍ക്ക് ചെയ്യാന്‍ ഉള്ള അവസരം ഭഗവാന്‍ എനിക്ക് തരട്ടെ എന്നു പ്രാര്‍ത്ഥിക്കുന്നു”. ലക്ഷ്മിയുടെ പാട്ട് പങ്കുവെച്ചുകൊണ്ട് എം ജയചന്ദ്രന്‍ കുറിച്ചു.