‘മഹാവീർ കർണ’യാകാനൊരുങ്ങി വിക്രം; മേക്കിങ് ടീസർ പങ്കുവെച്ച് സംവിധായകൻ

തെന്നിന്ത്യ മുഴുവൻ ആരാധകരുള്ള സൂപ്പർ താരം ചിയാൻ വിക്രമിന്റെ പിറന്നാൾ ദിനത്തിൽ വിക്രം നായകനായി എത്തുന്ന ഏറ്റവും പുതിയ ചിത്രത്തിന്റെ മേക്കിങ് ടീസർ പങ്കുവെച്ചിരിക്കുകയാണ് സംവിധായകൻ ആർ എസ് വിമൽ. ‘മഹാവീർ കർണ’ എന്ന പേരിൽ ഒരുങ്ങുന്നത് ബിഗ് ബജറ്റ് ചിത്രമാണ്.

മൂന്ന് വർഷം മുൻപ് പൃഥ്വിരാജിനെ നായകനാക്കി പ്രഖ്യാപിച്ച പ്രോജക്ടായിരുന്നു കർണൻ. എന്നാൽ ചില കാരണങ്ങൾക്കൊണ്ട് ചിത്രം മുടങ്ങുകയായിരുന്നു. എന്നാലിപ്പോൾ 300 കോടി ബഡ്ജറ്റിൽ സൂപ്പർ താരം വിക്രമിനെ നായകനാക്കി സിനിമ എടുക്കാനൊരുങ്ങുകയാണ് സംവിധായകൻ വിമൽ. ചിത്രം മലയാളത്തിലും, തമിഴിലും, ഹിന്ദിയിലും ഒരുക്കുമെന്നും 32 ഭാഷകളിലായി ഡബ്ബ് ചെയ്ത് ഇറക്കുമെന്നും സംവിധായകൻ പറഞ്ഞു.

ചിത്രത്തിൽ ബോളിവുഡില്‍ നിന്നുളള പ്രമുഖ താരങ്ങളും ഹോളിവുഡ് ടെക്‌നീഷ്യന്‍സും പ്രവര്‍ത്തിക്കുന്നുണ്ട്. ന്യൂയോര്‍ക്ക് ആസ്ഥാനമായ യുണൈറ്റഡ് ഫിലിം കിങ്ഡം ആണ് ചിത്രം നിര്‍മിക്കുന്നത്.

ദ്രുവം, മാഫിയ, ഇന്ദ്രപ്രസ്ഥം തുടങ്ങി ഒരു കാലത്ത് മലയാള സിനിമയിൽ നിറഞ്ഞു നിന്നിരുന്ന ചിയാങ് വിക്രം വീണ്ടും മലയാളത്തിലേക്ക് എത്തുന്നുവെന്ന വാർത്ത ഏറെ ആകാംക്ഷയോടെയാണ് മലയാളികൾ സ്വീകരിച്ചത്. ഇന്നലെയായിരുന്നു താരത്തിന്റെ അൻപത്തിമൂന്നാം പിറന്നാൾ.