തോക്ക് ചൂണ്ടി അനൂപ് മേനോൻ; ‘മരട് 357’ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി

മരട് ഫ്ലാറ്റ് പൊളിക്കുന്നതുമായി ബന്ധപ്പെട്ട് കണ്ണൻ താമരക്കുളം സംവിധാനം ചെയ്യുന്ന ചിത്രം ‘മരട് 357’-ന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി. അനൂപ് മേനോൻ ആണ് ചിത്രത്തിൽ മുഖ്യകഥാപാത്രമായി എത്തുന്നത്. ധർമജൻ ബോൾഗാട്ടി, ഷീലു അബ്രഹാം, നൂറിൽ ഷെരീഫ് എന്നിവരും ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്. കൈയിൽ തോക്കും പിടിച്ച് നിൽക്കുന്ന അനൂപ് മേനോനാണ് ഫസ്റ്റ് ലുക്ക് പോസ്റ്ററിൽ പ്രത്യക്ഷപ്പെടുന്നത്.

ഏറെ ചർച്ചകൾക്ക് ഇടം നൽകിയ സംഭവമായിരുന്നു മരട് ഫ്ലാറ്റ് വിഷയം. അനധികൃതമായി നിർമിച്ച ഫ്ലാറ്റുകളിൽ നിന്നും 357 കുടുംബങ്ങൾക്കാണ് മാറി താമസിക്കേണ്ടി വന്നത്. മരട് ഫ്ലാറ്റ് വിഷയം വെള്ളിത്തിരയിൽ എത്തിക്കാനൊരുങ്ങുകയാണ് കണ്ണൻ താമരക്കുളം. ദിനേശ് പള്ളത്തിന്റെ തിരക്കഥയിലാണ് ചിത്രം ഒരുങ്ങുന്നത്. അബാം മൂവീസിന്റെ ബാനറിൽ അബ്രഹാം മാത്യു ആണ് ചിത്രം നിർമിക്കുന്നത്.

ഫ്ലാറ്റിൽ നിന്നും ഇറങ്ങേണ്ടി വന്ന 357 കുടുംബങ്ങളുടെ അവസ്ഥയും ഒപ്പം ഫ്ലാറ്റ് നിർമാണത്തിൽ നടന്ന അഴിമതിയും മാധ്യമങ്ങളിൽ വന്നിട്ടില്ലാത്ത ഒട്ടേറെ സംഭവങ്ങളുമാണ് സിനിമയിലൂടെ പങ്കുവെയ്ക്കുന്നതെന്ന് കണ്ണൻ താമരക്കുളം പറഞ്ഞു.

ബൈജു സന്തോഷ്, പ്രേം കുമാർ, രഞ്ജി പണിക്കർ, ഹരീഷ് കണാരൻ, ജയൻ ചേർത്തല, രാജാമണി(സെന്തിൽ), ശ്രീജിത്ത് രവി, കൈലാഷ്, ജയകൃഷ്ണൻ പടന്നയിൽ, കൃഷ്ണ, കലാഭവൻ ഹനീഫ്, സരയു, അഞ്ജലി എന്നിവരാണ് ചിത്രത്തിൽ അണിനിരക്കുന്ന മറ്റ് താരങ്ങൾ.
ഫോർ മ്യുസിക്‌സ് ആണ് സംഗീതം. രചന കൈതപ്രം, രാജീവ് ആലുങ്കൽ. ക്യാമറ രവി ചന്ദ്രൻ, എഡിറ്റ് – വി ടി ശ്രീജിത്ത്.