രാജ്യത്ത് കൊവിഡ് മരണം 199; അസുഖബാധിതരുടെ എണ്ണം 6500ലേക്ക്

കൊവിഡ്-19 വളരെ ശക്തിയായി വ്യാപിക്കുകയാണ് ഇന്ത്യയിലും. കേരളത്തിൽ ആശ്വാസകരമായ നിലയാണെങ്കിലും മറ്റ് സംസ്ഥാനങ്ങളുടെ നില അങ്ങനെയല്ല. മഹാരാഷ്ട്രയിൽ ആയിരത്തിലധികമാണ് രോഗ ബാധിതർ.

ഇപ്പോൾ രാജ്യത്ത് 199 മരണങ്ങളാണ് സ്ഥിരീകരിച്ചിരിക്കുന്നത്. 24 മണിക്കൂറിനിടയ്ക്ക് 33 പേരാണ് രോഗബാധിതരായി മരിച്ചത്. കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ പുതിയ കണക്ക് പ്രകാരം 6412 പേർക്കാണ് അസുഖം സ്ഥിരീകരിച്ചിരിക്കുന്നത്. 600 പേർക്ക് വ്യാഴാഴ്ച രോഗം സ്ഥിരീകരിച്ചു.

മഹാരാഷ്ട്രയിൽ മാത്രം 97 പേരാണ് മരിച്ചത്. അതേസമയം തമിഴ്‌നാടാണ് ഏറ്റവും ഭീതിതമായ രീതിയിൽ രോഗികളുടെ വളർച്ച സംഭവിച്ചിരിക്കുന്നത്. നിലവിൽ 834 പേരാണ് അസുഖ ബാധിതർ. ഏപ്രിൽ പത്തിന് ശേഷമേ ഇന്ത്യയിൽ സാമൂഹിക വ്യാപനം നടന്നിട്ടുണ്ടോ എന്ന് അറിയാൻ സാധിക്കൂ എന്ന് എയിംസിലെ ഡോക്ടർ വ്യക്തമാക്കിയിരുന്നു.