അമ്മയുടെ നാടന്‍ പാട്ടിന് താളം തെറ്റാതെ കുഞ്ഞുമോന്റെ ചേലുള്ള ‘കൊട്ട്’: വൈറല്‍ വീഡിയോ

കലാകാരന്‍മാര്‍ക്ക് മുന്‍പില്‍ ഇക്കാലത്ത് അവസരങ്ങളുടെ തുറന്ന വാതായനങ്ങള്‍ ഒരുക്കുകയാണ് സമൂഹമാധ്യമങ്ങള്‍. അറിയപ്പെടാതിരുന്ന പല കലാകാരന്മാരെയും കലാകാരികളേയും സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് എത്തിക്കുന്നതിലും സോഷ്യല്‍മീഡിയ നിസ്തുലമായ പങ്കുവഹിക്കുന്നുണ്ട്. വിറകുവെട്ടുന്നതിനിടയില്‍ പാട്ടുപാടിയും അടുക്കള ജോലിക്കൊപ്പം പാട്ടുപാടിയുമെല്ലാം പലരും സൈബര്‍ ലോകത്ത് താരമാകുന്നു. പ്രായത്തെ പോലും വെല്ലുന്ന പ്രകടനങ്ങളാണ് പലരും സമൂഹമാധ്യമങ്ങളില്‍ അവതരിപ്പിക്കാറുള്ളത്. ഇപ്പോഴിതാ ശ്രദ്ധ നേടുകയാണ് ഒരു കൊച്ചു മിടുക്കുന്‍.

അമ്മയുടെ നാടന്‍ പാട്ടിനൊപ്പം ഒരു കുഞ്ഞു ചെണ്ട മനോഹരമായി കൊട്ടുകയാണ് ഈ മിടുക്കന്‍. പാട്ടിന്റെ ഭംഗിയ്ക്ക് അനുസരിച്ച് താളം ചോരാതെ അതിമനോഹരമായാണ് കുട്ടിത്താരത്തിന്റെ കൊട്ട്. പ്രായത്തെ പോലും വെല്ലുന്നതാണ് ഈ പ്രകടനം.

Read more: നയാഗ്രാ വെള്ളച്ചാട്ടത്തില്‍ വീണാല്‍ രക്ഷപ്പെടല്‍ സാധ്യമോ; ചരിത്രത്തെപ്പോലും അത്ഭുതപ്പെടുത്തിയ സംഭവങ്ങള്‍

കൈതോല പായ വിരിച്ച്… എന്ന സുന്ദരമായ നാടന്‍ പാട്ടാണ് ചേലോടെ അമ്മ പാടുന്നത്. പാട്ടിന് അനുസരിച്ച് കൊച്ചുമിടുക്കന്‍ കുഞ്ഞിച്ചെണ്ടയില്‍ താളം പിടിയ്ക്കുന്നു. ഏറെ പ്രേക്ഷക സ്വീകാര്യത നേടിയിട്ടുള്ള നാടന്‍ പാട്ടാണ് കൈതോല പായ വിരിച്ച്… എന്നു തുടങ്ങുന്ന ഗാനം. കുഞ്ഞുമകന്റെ താളത്തിലുള്ള കൊട്ട് പോലെതന്നെ മനോഹരമാണ് അമ്മയുടെ ആലാപനവും. എന്തായാലും സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ് അമ്മയുടെ ഈ പാട്ടും മകന്റെ കൊട്ടും.