കൊവിഡ്-19 പശ്ചാത്തലത്തിൽ പരസ്യ ഏജൻസികളോട് നിരക്കുകൾ വെട്ടിക്കുറയ്ക്കരുതെന്ന അഭ്യർത്ഥനയുമായി ന്യൂസ് ബ്രോഡ്കാസ്റ്റർസ് ഫെഡറേഷൻ

കൊവിഡ് 19 പശ്ചാത്തലത്തിൽ പരസ്യ ഏജൻസികളോടും ക്ലയന്റുകളോടും പരസ്യ നിരക്കുകൾ വെട്ടിക്കുറയ്ക്കരുതെന്ന അഭ്യർത്ഥനയുമായി ന്യൂസ് ബ്രോഡ്കാസ്റ്റർസ് ഫെഡറേഷൻ(എൻ ബി എഫ്). കൊവിഡ് വ്യാപനം ശക്തമായിരിക്കുന്ന സാഹചര്യത്തിൽ സാഹചര്യം മനസിലാക്കി ഒരു ഒത്തുതീർപ്പിന് പരസ്യ ഏജൻസികൾ തയ്യാറാകണമെന്നാണ് എൻ ബി എഫ് പറയുന്നത്.

എൻ‌ബി‌എഫ് പുറത്തിറക്കിയ ഒരു പ്രസ്താവനയിൽ കഴിഞ്ഞ രണ്ടാഴ്ചയായി, മുംബൈ, ഡൽഹി, ബാംഗ്ലൂർ എന്നിവിടങ്ങളിലെ മാധ്യമ ഏജൻസികൾ ഈ പ്രദേശങ്ങളിലെ ബ്രോഡ്കാസ്റ്റർമാരുമായി പരസ്യ നിരക്കുകൾ കുറയ്ക്കുന്നതിനായി ചർച്ച നടത്തുന്നുണ്ട്. 50 % വരെയാണ് ഇവർ കുറയ്ക്കാൻ ആവശ്യപ്പെടുന്നത്. ഈ സമയത്ത് ഇത്രയും വലിയൊരു തുക വെട്ടികുറയ്ക്കുന്നത് മാധ്യമങ്ങളെ സംബന്ധിച്ച് വലിയ ആഘാതം സൃഷ്ടിക്കും.ലോക്ക് ഡൗൺ സമയത്ത് പരസ്യത്തിൽ നിന്നുള്ള മിനിമം പിന്തുണ നഷ്ടമാകുകയും ചെലവ് വർദ്ധിക്കുക്കുകയും ചെയ്യുന്നത് ഇതിനകം തന്നെ കനത്ത സാമ്പത്തിക പ്രതിസന്ധി നേരിടുന്ന വാർത്ത ചാനലുകൾക്ക് അടിയാകും. നിലവിലുള്ള സ്കീമിൽ ഫലപ്രദമായ നിരക്കുകൾ കുറയ്ക്കുന്നത് പ്രത്യേകിച്ചും പ്രാദേശിക വാർത്താ പ്രക്ഷേപകർക്ക് ദോഷകരമായി ഭവിക്കും.കൊവിഡ് 19 ന് ശേഷമുള്ള അവരുടെ നിലനിൽപ്പിനെ തന്നെ ഈ നിരക്ക് വെട്ടിക്കുറയ്ക്കുന്നത് ബാധിച്ചേക്കാം.

ഈ നിർണായക സമയത്ത് ഏജൻസികളും പരസ്യദാതാക്കളും വീണ്ടും ചർച്ച നടത്തുകയും നിരക്കുകളിൽ കിഴിവുകൾ ആവശ്യപ്പെടുകയും ചെയ്യുന്നത് തികച്ചും അനുയോജ്യമല്ലാത്ത കാര്യമാണ്, പ്രത്യേകിച്ച് ആളുകൾ രാവിലെ മുതൽ തന്നെ ന്യൂസ് ചാനലുകളെ പൂർണമായും ആശ്രയിക്കുന്ന സാഹചര്യത്തിൽ.

ന്യൂസ് ബ്രോഡ്കാസ്റ്റർസ് ഫെഡറേഷൻ പ്രസിഡന്റും റിപ്പബ്ലിക്ക് ടി വി മാനേജിങ് ഡയറക്ടറും, ചീഫ് എഡിറ്ററുമായ അർണബ് ഗോസ്വാമി ഈ സാഹചര്യത്തെ വിലയിരുത്തുന്നത് ഇങ്ങനെയാണ്; ‘എല്ലാ പരസ്യദാതാക്കൾക്കും വാർത്താ ചാനലുകൾ മികച്ച മൂല്യവും നിക്ഷേപത്തിന്റെ വരുമാനവും(Return on investment) നൽകുന്നുണ്ട്. ഈ ശ്രമകരമായ സമയങ്ങളിൽ അവശ്യ സേവനമെന്ന നിലയിൽ പ്രവർത്തിക്കുന്നുവെന്ന് മാത്രമല്ല, കൊവിഡിനെതിരായ ശക്തമായ പോരാട്ടത്തിൽ പോരാളികളെ പോലെ മുന്നിൽ നിന്ന് നയിക്കുന്ന പ്രക്ഷേപകരിൽ ഞങ്ങൾ അഭിമാനിക്കുകയും ചെയ്യുന്നുണ്ട്. അതുകൊണ്ട് ഈ കൊവിഡ് പോരാട്ട സമയത്ത് വാർത്താ പ്രക്ഷേപകരെ പിന്തുണക്കുകയും ഈ സമയത്ത് അവരെ ചൂഷണം ചെയ്യാതിരിക്കണമെന്നും മാധ്യമ വ്യവസായത്തിലെ പരസ്യദാതാക്കളോടും ഏജൻസികളോടും അഭ്യർത്ഥിക്കുകയാണ്’.

ന്യൂസ് ബ്രോഡ്കാസ്റ്റർസ് ഫെഡറേഷൻ അംഗവും 24 ന്യൂസ് ചീഫ് ഓപ്പറേറ്റിംഗ് ഓഫീസറുമായ അനിൽ അയിരൂർ പറയുന്നതിങ്ങനെ; ‘നിലവിൽ തന്നെ നിരക്കുകൾ വളരെ കുറവാണ്, അതിനൊപ്പം വെട്ടിക്കുറയ്ക്കുന്ന സ്ഥിതി കൂടി ഉണ്ടായാൽ അത് പ്രാദേശിക വാർത്താ ചാനലുകളെ സാരമായി ബാധിക്കും. എന്റർടൈൻമെന്റ് ചാനലുകൾ പരസ്യം പിൻവലിക്കുന്ന സാഹചര്യത്തിൽ ക്ലയന്റുകൾ‌ ന്യൂസ് ചാനലുകളിലെ സ്ത്രീ കാഴ്ചക്കാരുടെ വർദ്ധനവ് മനസിലാക്കി സ്ത്രീ കേന്ദ്രീകൃത ഉൽപ്പന്നങ്ങൾ ഉൾപ്പെടുത്തിയ പരസ്യങ്ങൾ വാർത്ത ചാനലുകളിൽ ചേർക്കുന്നതിനെ കുറിച്ച് ചിന്തിക്കേണ്ടതാണ്. പുരുഷന്മാരായുള്ള കാഴ്ചക്കാരെ ഒഴിച്ചുനിർത്തി മറ്റ് ടാർഗറ്റ് ഓഡിയൻസിലേക്ക് ക്ലയന്റുകൾക്ക് എത്തിച്ചേരാൻ വളരെ ലാഭകരമായൊരു മാർഗം കൂടിയാണിത്’.

ന്യൂസ് ബ്രോഡ്കാസ്റ്റർസ് ഫെഡറേഷന്റെ സെക്രട്ടറി ജനറലായ ആർ. ജയ് കൃഷ്ണയുടെ പ്രതികരണം ഇങ്ങനെയാണ്; ‘ലോക്ക് ഡൗൺ പ്രഖ്യാപിച്ചത് മുതൽ, കഴിഞ്ഞ രണ്ടാഴ്ചയ്ക്കിടെ വാർത്ത ചാനലുകളിൽ കാഴ്ചക്കാരുടെ എണ്ണത്തിൽ ചരിത്രപരമായ വർദ്ധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. കാരണം സാധാരണക്കാരായ ജനങ്ങൾ ന്യൂസ് ചാനലുകളെ പകർച്ചവ്യാധിയെപ്പറ്റിയുള്ള ആധികാരികമായ വിവരങ്ങൾക്കും കൊറോണ വൈറസിന്റെ വ്യാപനത്തെ ചെറുക്കുന്നതിനുള്ള സർക്കാർ നിർദേശങ്ങൾ അറിയുന്നതിനായി ആശ്രയിക്കുന്നു. പരസ്യദാതാക്കളെ സംബന്ധിച്ച് അവർക്ക് വാർത്ത പ്രക്ഷേപകരെ ആശ്രയിച്ച് ഉപഭോക്താക്കളിലേക്ക് എത്തിച്ചേരുവാനും ബ്രാൻഡുകൾ നിർമ്മിക്കാനുള്ള സുവർണ്ണാവസരമാണിത്’.

ന്യൂസ് ബ്രോഡ്കാസ്റ്റർസ് ഫെഡറേഷൻ വൈസ് പ്രസിഡന്റും ഫോർത്ത് ഡൈമൻഷൻ മീഡിയ സൊല്യൂഷൻസ് സി ഇ ഒയുമായ ശങ്കർ ബിയുടെ വാക്കുകൾ; ‘ഈ സമയത്ത് വാർത്താ ചാനലുകൾ ശരിയായ വാർത്തകൾ പ്രചരിപ്പിക്കുന്നതിൽ പ്രധാന പങ്ക് വഹിക്കുന്നുണ്ട്, പ്രത്യേകിച്ച് വളരെ ചുരുങ്ങിയ റിസോഴ്സുകൾ മാത്രമുള്ളതുകൊണ്ട്. ഈ ശ്രമകരമായ സമയത്ത് നിരക്കുകളും വാണിജ്യ നിബന്ധനകളും വീണ്ടും ക്രമീകരിക്കേണ്ടി വരുന്നത് ഞങ്ങളുടെ സ്പിരിറ്റ് തന്നെ ചോർത്തിക്കളയുകയും ബിസിനസ്സ് മോഡലിന് ക്ഷീണമാകുകയും ചെയ്യും, കാരണം ഞങ്ങളിൽ ഭൂരിഭാഗവും ഫ്രീ ടു എയർ വാർത്താ പ്രക്ഷേപകരാണ്’.

കൊവിഡ് -19 ആരംഭിച്ചതിന് ശേഷം 2020 മാർച്ചിൽ 43% വളർച്ചയാണ് വാർത്ത ചാനലുകളിൽ സംഭവിച്ചിരിക്കുന്നത്. രാജ്യത്തെ ജനസംഖ്യയുടെ പകുതിയോളം ആഴ്ചയിൽ 7 ദിവസവും ടിവി കാണുന്നതായും പഠനങ്ങൾ കണ്ടെത്തിയിരിക്കുന്നു.