അന്ന് കോര്‍ണര്‍ കിക്ക് കൊണ്ട് കൈയടി നേടി; ഇന്ന് സമ്മാനത്തുക കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക്

ഒരു കോര്‍ണര്‍ കിക്ക് കൊണ്ട് കുറച്ചു നാളുകള്‍ക്ക് മുമ്പ് സമൂഹമാധ്യമങ്ങളില്‍ ശ്രദ്ധ നേടിയ ഡാനിഷ്(ഡാനി)-നെ ഓര്‍മ്മയില്ലേ… എങ്ങനെ മറക്കാനാണ് അതിശയിപ്പിക്കുന്ന തരത്തിലല്ലായിരുന്നോ ആ കുരുന്നുകാല്‍കൊണ്ട് കോര്‍ണര്‍ കിക്ക് പിറന്നത്. ഇപ്പോഴിതാ വീണ്ടും ശ്രദ്ധ നേടുകയാണ് കുഞ്ഞു ഡാനി.

തനിക്ക് ലഭിച്ച സമ്മാനത്തുകകള്‍ കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേയ്ക്ക് ഡാനിഷ് സംഭാവന നല്‍കി. 31,500 രൂപയുടെ ചെക്കാണ് പത്തുവയസ്സുകാരന്‍ പി കെ ഡാനിഷ് സംഭാവന നല്‍കിയത്.

വയനാട്ടിലെ മീനങ്ങാടിയില്‍ നടന്ന അഖില കേരള കിഡ്സ് അണ്ടര്‍ 9 ഫൈവ്സ് ഫുട്ബോള്‍ ടൂണ്‍മെന്റ് ഫൈനലില്‍ കെ.എഫ്.ടി.സിക്ക് വേണ്ടി ഡാനിഷ് നേടിയ തകര്‍പ്പന്‍ ഗോളാണ് കാഴ്ചക്കാരെ അതിശയിപ്പിച്ചത്. ഡാനിയായിരുന്നു ടൂര്‍ണമെന്റിലെ താരവും. ഗ്രൗണ്ടിന്റെ വലത്തേ അറ്റത്തുനിന്നും കുരുന്നു കാലുകൊണ്ട് തൊടുത്ത ഗോള്‍ കായികപ്രേമികളുടെ ഹൃദയത്തിലും ഇടംനേടി. ലക്ഷ്യംതെറ്റാതെ ഗോള്‍പോസ്റ്റിലേക്ക് പതിച്ച ആ ഗോളിന്റെ പേരില്‍ നിരവധി പേര്‍ ഡാനിഷിന് സമ്മാനങ്ങളുമായി എത്തി. ഈ സമ്മാനത്തുകയാണ് ദുരിതാശ്വാസ നിധിയിലേയ്ക്ക് ഡാനിഷ് സംഭാവന നല്‍കിയിരിക്കുന്നത്.

Read more: ‘ജീവാംശമായി’ പാടി സോഷ്യല്‍ മീഡിയയെ പാട്ടിലാക്കിയ നിരഞ്ജന; അതിശയിപ്പിക്കുന്നു എന്ന് സംഗീത സംവിധായകന്‍

മെസ്സിയാണ് ഡാനിഷിന്റെ ഇഷ്ടതാരം. മെസ്സിയുടെ ചില ഫുട്ബോള്‍ സ്‌കില്ലുകള്‍ മൈതാനത്ത് പുനഃരാവിഷ്‌കരിക്കാനും ശ്രമിക്കാറുണ്ട് ഈ മിടുക്കന്‍. മെസ്സിയെപ്പോലെ മികച്ച ഒരു ഫുട്ബോള്‍ പ്ലെയര്‍ ആകണമെന്നതാണ് ഡാനിഷിന്റെ സ്വപ്നവും. കോഴിക്കോട് പ്രസന്റേഷന്‍ സ്‌കൂളിലെ അഞ്ചാം ക്ലാസ് വിദ്യാര്‍ത്ഥിയാണ് ഡാനിഷ്. കഴിഞ്ഞ അഞ്ച് വര്‍ഷങ്ങളായി കെ.എഫ്.ടി.സിയില്‍ ഫുട്ബോള്‍ പരിശീലനവും നടത്തുന്നുണ്ട് ഈ മിടുക്കന്‍.