‘ആളുകള്‍ കരഞ്ഞുകൊണ്ട് സംസാരിക്കുന്നത് കേട്ട് ഉറക്കം നഷ്ടമായി, എന്റെ മൂന്ന് കോടി കൊണ്ട് ഒന്നുമാകില്ലെന്ന് അറിയാം’- മൂന്നുകോടിക്ക് പുറമെ വീണ്ടും സഹായവുമായി രാഘവാ ലോറൻസ്

കാരുണ്യ പ്രവർത്തനങ്ങളിലൂടെയാണ് സിനിമ താരമെന്നതിലുപരി രാഘവാ ലോറൻസ് ശ്രദ്ധേയനായത്. വളരെ വിശാല മനസോടെ എവിടെയും സഹായമെത്തിക്കുന്ന ഇദ്ദേഹം കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്കായി 3 കോടി രൂപ സംഭാവന നൽകിയത് ശ്രദ്ധിക്കപ്പെട്ടിരുന്നു. ഇപ്പോൾ കൂടുതൽ സഹായമെത്തിക്കാനായി തയ്യാറെടുക്കുകയാണ് ഇദ്ദേഹം. ട്വിറ്ററിലാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്.

ട്വീറ്റിന്റെ പ്രസക്ത ഭാഗങ്ങൾ

മൂന്നു കോടിക്ക് പുറമെ മറ്റെന്തെങ്കിലും ചെയ്യുന്നതിനെക്കുറിച്ച് ആലോചിച്ചിരുന്നില്ല. സംഭാവന നല്‍കിയ ശേഷം നിരവധി കോളുകളാണ് വരുന്നത്. എന്റെ മൂന്ന് കോടി കൊണ്ട് ഒന്നുമാകില്ലെന്ന് അറിയാം. ആളുകള്‍ കരഞ്ഞുകൊണ്ട് സംസാരിക്കുന്നത് കണ്ട് ഇന്നലെ ഉറങ്ങാനായില്ല. ആരും ഒന്നും കൊണ്ടല്ല ലോകത്തേക്ക് വരുന്നത്. തിരികെ ഒന്നും കൊണ്ടുപോകുന്നുമില്ല.  ജനങ്ങളുടെ വിഷമതകളിലും വിശപ്പിലുമാണ് ദൈവം. ദൈവത്തിന് നല്‍കിയാല്‍ ജനങ്ങളിലെത്തില്ല. പക്ഷേ ജനങ്ങള്‍ക്ക് എന്തെങ്കിലും നല്‍കിയാല്‍ അത് ദൈവത്തിലെത്തും. അവര്‍ക്കുള്ളിലുണ്ട് ദൈവം. സേവനത്തിന് എന്നെ പ്രാപ്തനാക്കിയതും ദൈവമാണ്. ഇത് നിര്‍ണായക സമയമാണ്. എനിക്ക് ചെയ്യാനാകുന്നത് സര്‍ക്കാരിനും ജനങ്ങള്‍ക്കുമായി ചെയ്യും. അഭ്യുദയകാംക്ഷികളുമായും ഓഡിറ്ററുമായും ഇക്കാര്യം ചര്‍ച്ച ചെയ്തു കഴിഞ്ഞു.’ രാഘവാ ലോറൻസ് പറയുന്നു.

അതേസമയം, രജനികാന്ത്‌ നായകനായി പി വാസു സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ‘ചന്ദ്രമുഖി 2’ൽ അഭിനയിക്കുന്നതിന്‌ കിട്ടിയ അഡ്വാൻസ് തുകയായ 3 കോടി രൂപ മുഴുവനും കൊറോണ ഫണ്ടിലേക്ക് നൽകിയിരുന്നു ഇദ്ദേഹം.

50 ലക്ഷം രൂപ പ്രധാന മന്ത്രിയുടെ ഫണ്ടിലേക്കും, 50 ലക്ഷം തമിഴ്‌നാട് മുഖ്യമന്ത്രിയുടെ ഫണ്ടിലേക്കും, 50 ലക്ഷം രൂപ ഫെഫ്‌സിയുടെ ദിവസവേതനകാർക്ക് വേണ്ടിയും,50 ലക്ഷം ഡാൻസർ യൂണിയനിലേക്കും, 25 ലക്ഷം രൂപ ശാരീരിക വൈകല്യമുള്ള കുട്ടികൾക്കും, 75 ലക്ഷം രൂപ രാഘവാ ലോറൻസ് ജനിച്ച റോയപുരത്തെ ദിവസ വേതനക്കാരായ ജീവനക്കാർക്ക് വേണ്ടിയുമാണ് വീതിച്ച് നൽകിയത്.