ലോക്ക് ഡൗൺ കാലത്ത് റോഡിൽ സന്ദർശനം നടത്തി കാണ്ടാമൃഗം; ഓടിരക്ഷപെട്ട് യുവാവ്, വീഡിയോ

April 9, 2020

ലോക്ക് ഡൗൺ പ്രഖ്യാപിച്ചതിനാൽ അവശ്യസേവനങ്ങൾക്ക് ഒഴികെ പുറത്തിറങ്ങാൻ ജനങ്ങൾക്ക് അവകാശമില്ല. അനാവശ്യമായി പുറത്തിറങ്ങുന്നവരെ കണ്ടെത്താൻ ഏറെ ജാഗ്രതയോടെ പൊലീസും രംഗത്തുണ്ട്. എന്നാൽ പൊലീസിന്റെ കണ്ണെത്താത്തിടത്ത് തെരുവിൽ ആളുകളെ നിരീക്ഷിക്കാൻ ഇറങ്ങിയ കാണ്ടാമൃഗത്തിന്റെ ദൃശ്യങ്ങളാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നത്.

നേപ്പാളിലെ വിജനമായ തെരുവുകളിലൂടെയാണ് കാണ്ടാമൃഗത്തിന്റെ സവാരി. ചിത്വാൻ ദേശീയ പാർക്കിന്റെ സമീപത്തുകൂടിയാണ് കാണ്ടാമൃഗം പരിശോധനയ്ക്ക് ഇറങ്ങിയത്. അതേസമയം കാണ്ടാമൃഗത്തെ കാണാതെ അബദ്ധത്തിൽ ഒരു യുവാവ് ഇതിന്റെ മുന്നിൽപെട്ടു. പിന്നീട് കാണ്ടാമൃഗം അദ്ദേഹത്തെ ഓടിക്കുന്നതും, അത്ഭുതകരമായി അദ്ദേഹം രക്ഷപ്പെടുന്നതുമെല്ലാം ദൃശ്യങ്ങളിൽ കാണാം.

ഐഎഫ്‌എസ് ഉദ്യോഗസ്ഥനായ പർവീൺ കസ്വാനാണ് ഈ വീഡിയോ ട്വിറ്ററിൽ പങ്കുവെച്ചത്. ഇതിനോടകം ലക്ഷക്കണക്കിന് ആളുകൾ ഈ വീഡിയോ കണ്ടുകഴിഞ്ഞു. ഭാഗ്യം കൊണ്ടാണ് യുവാവ് രക്ഷപെട്ടതെന്നാണ് ആളുകൾ പറയുന്നത്.