‘ബും ബും ആക്ഷന്‍’; ബുംറയുടെ ബൗളിങ്ങ് അനുകരിച്ച് രോഹിത് ശര്‍മ്മയുടെ മകള്‍: വൈറല്‍ വീഡിയോ

കളിക്കളത്തില്‍ ആവേശം നിറയ്ക്കുന്ന കായകതാരങ്ങള്‍ക്കൊപ്പം തന്നെ പലപ്പോഴും അവരുടെ മക്കളും സമൂഹമാധ്യമങ്ങളില്‍ ശ്രദ്ധ നേടാറുണ്ട്. ഇപ്പോഴിതാ ഇന്ത്യന്‍ ക്രിക്കറ്റിലെ ഹിറ്റ്മാന്‍ രോഹിത് ശര്‍മ്മയുടെ മകളാണ് സമൂഹമാധ്യമങ്ങളിലെ താരം. ഇന്ത്യന്‍ പേസ് ബൗളര്‍ ജസ്പ്രീത് ബുംറയുടെ ബൗളിങ് ആക്ഷന്‍ അനുകരിക്കുകയാണ് ഈ കുട്ടിത്താരം. സമൈറ എന്നാണ് രോഹിത് ശര്‍മ്മയുടെ മകളുടെ പേര്. ഒരു വയസ്സാണ് പ്രായം.

ബുംറയാണ് സമൈറയുടെ രസകരമായ ഈ വീഡിയോ ട്വിറ്ററില്‍ പങ്കുവെച്ചതും. നിരവധിപ്പേര്‍ വീഡിയോയ്ക്ക് കമന്റുമായി എത്തുന്നുണ്ട്. ‘ഞാന്‍ ചെയ്യുന്നതിനേക്കാള്‍ നന്നായി അവള്‍ ചെയ്യുന്നുണ്ട്. ഞാന്‍ അവളുടെ ആരാധകനായിക്കഴിഞ്ഞു’ എന്നു കുറിച്ചുകൊണ്ടാണ് ബുംറ വീഡിയോ പങ്കുവെച്ചത്.

സമൈറയ്‌ക്കൊപ്പം രോഹിത് ശര്‍മ്മയും വീഡിയോയില്‍ ഉണ്ട്. കുഞ്ഞിനോട് ‘ബും ബും’ കാണിക്ക് എന്ന് പറയുമ്പോള്‍ സമൈറ കൈകൊണ്ട് ബുംറയുടെ ബൗളിങ് ആക്ഷന്‍ കാണിക്കുന്നു.

Read more: “നിന്നെ കാണുന്നതിനും മുന്‍പേ എന്റെ ആദ്യ ചിത്രത്തില്‍ നിന്റെ പേരിലുള്ള ആ പാട്ട് ഞാന്‍ മൂളി”: ഭാര്യ പ്രിയയോട് കുഞ്ചാക്കോ ബോബന്‍

ഇന്ത്യയിലെ മികച്ച പേസ് ബൗളര്‍മാരുടെ ഗണത്തിലാണ് ജസ്പ്രീത് ബുംറയുടെ സ്ഥാനം. നിലവില്‍ ഏക ദിന ബൗളര്‍മാരുടെ റാങ്കിങ്ങില്‍ ഒന്നാമതാണ് ഈ സൂപ്പര്‍ താരം. ഗുജറാത്ത് സ്വദേശിയാണ് ഈ വലംകയ്യന്‍ ഫാസ്റ്റ് ബോളര്‍. നിരവധി ആരാധകരുമുണ്ട് ജസ്പ്രീത് ബുംറയ്ക്ക്. ഐപിഎല്‍ ടീം മുംബൈ ഇന്ത്യന്‍സിലെ സഹതാരങ്ങളാണ് രോഹിത് ശര്‍മ്മയും ജസ്പ്രീത് ബുംറയും.