“കുട്ടിയാണ്, ഒന്നും ചെയ്യരുത്..”; കെട്ടിപ്പിടിക്കാൻ മൈതാനത്തേക്ക് ഓടിയെത്തിയ കുട്ടി ആരാധകനോടുള്ള രോഹിത്തിന്റെ ഹൃദ്യമായ പ്രതികരണം

January 22, 2023

ഇന്നലെ നടന്ന ഇന്ത്യ-ന്യൂസിലൻഡ് ഏകദിന പരമ്പരയിലെ രണ്ടാം മത്സരത്തിൽ തകർപ്പൻ വിജയമാണ് ഇന്ത്യ നേടിയത്. 109 റൺസ് വിജയലക്ഷ്യവുമായി ഇറങ്ങിയ ടീം ഇന്ത്യ 20.1 ഓവറിൽ വെറും രണ്ട് വിക്കറ്റ് നഷ്ടത്തിലാണ് കളി ജയിച്ചത്. 51 റൺസെടുത്ത നായകൻ രോഹിത് ശർമ്മയുടെ ഇന്നിംഗ്‌സാണ് ഇന്ത്യൻ വിജയത്തിൽ നിർണായകമായത്. 40 റൺസെടുത്ത ശുഭ്മാന്‍ ഗില്ലും രോഹിതിന് മികച്ച പിന്തുണ നൽകി.

ഇപ്പോൾ മത്സരത്തിനിടയിൽ നടന്ന മറ്റൊരു സംഭവമാണ് ശ്രദ്ധ നേടുന്നത്. രോഹിത് ശർമ്മയെ കെട്ടിപ്പിടിക്കാനായി ഒരു കുട്ടി ആരാധകൻ ഗ്രൗണ്ടിലേക്ക് ഓടിയെത്തുകയായിരുന്നു. കുട്ടിയ പിന്തുടര്‍ന്ന സുരക്ഷാ ജീവനക്കാരന്‍ ആരാധകനെ പിടികൂടിയെങ്കിലും രോഹിത് ശര്‍മ്മ ഇടപെട്ടു. അവനൊരു കുട്ടിയാണ്, ഒന്നും ചെയ്യരുത് എന്ന് രോഹിത് ശര്‍മ്മ സുരക്ഷാ ജീവനക്കാരനോട് പറയുകയായിരുന്നു. രോഹിത്തിന്‍റെ നിര്‍ദേശത്തെ തുടര്‍ന്ന് ഈ ആരാധകനെ സുരക്ഷാ ജീവനക്കാര്‍ സമാധാനത്തോടെ ബൗണ്ടറിലൈനിന് പുറത്തേക്ക് കൊണ്ടുപോയി. ഇപ്പോൾ സംഭവത്തിന്റെ ചിത്രങ്ങളും വിഡിയോകളും സമൂഹമാധ്യമങ്ങളിൽ വൈറലാവുകയാണ്.

അതേ സമയം മത്സരത്തിൽ ടോസ് നഷ്‌ടമായി ബാറ്റിങ്ങിനിറങ്ങിയ ന്യൂസിലൻഡ് വമ്പൻ ബാറ്റിംഗ് തകർച്ചയാണ് നേരിട്ടത്. 34.3 ഓവറിൽ 108 റൺസിന് ഓൾ ഔട്ടാവുകയായിരുന്നു കിവീസ്. മുഹമ്മദ് ഷമിയും ഹർദിക് പാണ്ഡ്യയും മുഹമ്മദ് സിറാജും ന്യൂസിലൻഡിനെ എറിഞ്ഞിടുകയായിരുന്നു. ഇന്ത്യയ്ക്ക് വേണ്ടി മുഹമ്മദ് ഷമി മൂന്ന് വിക്കറ്റുകൾ പിഴുതപ്പോൾ ഹർദിക് പാണ്ഡ്യ രണ്ടും മുഹമ്മദ് സിറാജ്, ഷർദുൽ ഠാക്കൂർ, കുൽദീപ് യാദവ്, വാഷിംഗ്‌ടൺ സുന്ദർ എന്നിവർ ഓരോ വിക്കറ്റ് വീതവും നേടി.

Read More: ‘വിമർശകർ എവിടെ’; റൊണാൾഡോയെ പുകഴ്ത്തി വിരാട് കോലിയുടെ ഇൻസ്റ്റഗ്രാം സ്റ്റോറി

മൂന്ന് വീതം ഏകദിന, ടി-20 മത്സരങ്ങളാണ് ന്യൂസിലൻഡ് ഇന്ത്യയിൽ കളിക്കുന്നത്. ഈ മാസം 24 ന് ഇൻഡോറിലാണ് മൂന്നാം ഏകദിനം നടക്കുന്നത്. ഈ മാസം 27, 29, ഫെബ്രുവരി 1 തീയതികളിൽ റാഞ്ചി, ലക്നൗ, അഹമ്മദാബാദ് എന്നീ വേദികളിൽ ടി-20 മത്സരങ്ങളും നടക്കും. ഇന്നലത്തെ വിജയത്തോടെ ഇന്ത്യ ഏകദിന പരമ്പര സ്വന്തമാക്കി കഴിഞ്ഞു.

Story Highlights: Rohith sharma heartwarming reaction to a young fan