‘വിമർശകർ എവിടെ’; റൊണാൾഡോയെ പുകഴ്ത്തി വിരാട് കോലിയുടെ ഇൻസ്റ്റഗ്രാം സ്റ്റോറി

January 21, 2023

കഴിഞ്ഞ ദിവസം സൗദിയിൽ റിയാദ് ഓൾ സ്റ്റാർ ഇലവനും ഫ്രഞ്ച് ക്ലബ്ബായ പിഎസ്‌ജിയും തമ്മിൽ നടന്ന സൗഹൃദ മത്സരം ഏറെ ശ്രദ്ധേയമായി മാറിയിരുന്നു. ലോകത്തെ എക്കാലത്തെയും ഏറ്റവും മികച്ച ഫുട്‌ബോൾ താരങ്ങളായ മെസിയും റൊണാൾഡോയും വർഷങ്ങൾക്ക് ശേഷം ഏറ്റുമുട്ടിയ സൗഹൃദ മത്സരം ആവേശപ്പോരാട്ടമായി മാറുകയായിരുന്നു.

റിയാദിലെ കിംഗ് ഫഹദ് ഇന്റർനാഷണൽ സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ മെസി, നെയ്‌മർ, എംബാപ്പെ, റാമോസ് തുടങ്ങിയ ലോകോത്തര താരങ്ങൾ അണിനിരന്ന ഫ്രഞ്ച് ക്ലബ് പിഎസ്‌ജി റൊണാൾഡോ നയിച്ച റിയാദ് ഓൾ സ്റ്റാർ ഇലവനെ പരാജയപ്പെടുത്തുകയായിരുന്നു. ഒൻപത് ഗോളുകൾ പിറന്ന മത്സരത്തിൽ റിയാദ് നേടിയ നാല് ഗോളുകൾക്കെതിരെ അഞ്ച് ഗോളുകൾ അടിച്ചാണ് പിഎസ്‌ജി ജയിച്ചത്.

ഇപ്പോൾ മത്സരത്തിലെ റൊണാൾഡോയുടെ പ്രകടനത്തെ പുകഴ്ത്തി മുൻ ഇന്ത്യൻ നായകൻ വിരാട് കോലി പങ്കുവെച്ച ഇൻസ്റ്റഗ്രാം സ്‌റ്റോറിയാണ് ശ്രദ്ധേയമാവുന്നത്. “38-ാം വയസിലും അദ്ദേഹം തന്റെ ഏറ്റവും മികച്ച പ്രകടനം പുറത്തെടുത്തു കൊണ്ടിരിക്കുന്നു. എല്ലാ ആഴ്ച്ചയും റൊണാൾഡോയെ വിമർശിച്ചു കൊണ്ടിരിക്കുന്ന ഫുട്‌ബോൾ നിരീക്ഷകരൊക്കെ ഇപ്പോൾ മൗനം പാലിക്കുകയാണ്. ലോകത്തെ ഏറ്റവും മികച്ച ക്ലബുകളിൽ ഒന്നിനെതിരെയാണ് അദ്ദേഹം ഈ പ്രകടനം കാഴ്ച്ചവെച്ചിരിക്കുന്നത്”- റൊണാൾഡോയുടെ ചിത്രം പങ്കുവെച്ചു കൊണ്ട് കോലി കുറിച്ചു.

Read More: ഇന്ത്യൻ ടീമിന് ഇതുവരെ ലഭിച്ച ഏറ്റവും മികച്ച ക്യാപ്റ്റനുമൊത്തുള്ള ചിത്രം- മിഥുന് ഇത് സ്വപ്ന സാക്ഷാത്കാരം

അതേ സമയം ലോകകപ്പിന് ശേഷം ലോകമെങ്ങുമുള്ള ഫുട്‌ബോൾ പ്രേമികൾ വലിയ ആവേശത്തോടെ കാത്തിരുന്ന മത്സരം കൂടിയായിരുന്നു പിഎസ്‌ജിയും റിയാദ് സീസൺ ഇലവനും തമ്മിൽ ഏറ്റുമുട്ടിയ സൗഹൃദ മത്സരം. വർഷങ്ങൾക്ക് മുൻപ് സ്‌പാനിഷ്‌ ലീഗിൽ റയൽ മാഡ്രിഡും ബാഴ്‌സിലോണയും തമ്മിൽ നടന്ന എൽ-ക്ലാസിക്കോ മത്സരങ്ങൾ റൊണാൾഡോയും മെസിയും തമ്മിലുള്ള പോരാട്ടമായി കൂടിയാണ് ആരാധകർ കണ്ടിരുന്നത്. ഒരു സമയത്ത് ഫുട്‌ബോൾ പ്രേമികൾ ഏറ്റവും ആവേശത്തോടെ കാത്തിരുന്ന മത്സരമാണ് റൊണാൾഡോയുടെ റയലും മെസിയുടെ ബാഴ്‌സിലോണയും തമ്മിൽ ഏറ്റുമുട്ടിയിരുന്ന എൽ-ക്ലാസിക്കോ. ലോകത്ത് ഏറ്റവും കൂടുതൽ പ്രേക്ഷകർ ടെലിവിഷനിൽ കണ്ടിരുന്ന മത്സരം കൂടിയായിരുന്നു ഇത്.

Story Highlights: Virat kohli instagram story praising ronaldo