അറിയാമോ കൊറോണ വൈറസിന്റെ ചിത്രാവിഷ്‌കാരം രൂപപ്പെട്ടത് എങ്ങനെയെന്ന്; ആ ബയോമെഡിക്കല്‍ ആര്‍ട്ടിന്റെ പിറവിയെക്കുറിച്ച്..

കൊറോണ വൈറസ് ആ പേര് അപരിചിതമായവരുടെ എണ്ണം വിരളമായിരിക്കും. കാരണം ചൈനയിലെ വുഹാനില്‍ നിന്നുംപൊട്ടിപ്പുറപ്പെട്ട കൊറോണ വൈറസ് ഇന്ന് ദേശത്തിന്റെ അതിര്‍വരമ്പുകള്‍ എല്ലാം ഭേദിച്ച് 200-ല്‍ അധികം രാജ്യങ്ങളില്‍ വ്യാപിച്ചുകഴിഞ്ഞു. കൊറോണ വൈറസ് എന്നു കേള്‍ക്കുമ്പോള്‍തന്നെ മനസ്സില്‍ തെളിയുന്ന ഒരു രൂപമുണ്ട്. ചാരനിറത്തിലുള്ള ഒരു ഗോളം, ചുറ്റും മുന്നിലേയ്ക്ക് തള്ളി നില്‍ക്കുന്ന ചുവപ്പ് നിറത്തിലുള്ള തൊങ്ങലുകള്‍, ഗോളത്തിന്റെ പ്രതലത്തില്‍ മഞ്ഞയും ഓറഞ്ചും നിറത്തില്‍ പഞ്ചസാര തരികളുടെ ആകാരത്തിലുള്ള ചിലതും. കൊറോണ വൈറസുമായി ബന്ധപ്പെട്ട കുറിപ്പുകളിലും വാര്‍ത്തകളിലുമൊക്കെ നിറഞ്ഞു നില്‍ക്കുന്നത് ഈ ഒരു രൂപത്തിലുള്ള ചിത്രമാണ്.

ചിത്രകലാ വൈദഗ്ധ്യത്തോടൊപ്പം ശാസ്ത്രത്തെക്കുറിച്ചുള്ള അറിവും ഉള്ള ചിലര്‍ രൂപപ്പെടുത്തിയെടുത്തതാണ് കൊറോണ വൈറസിന്റെ ഈ ചിത്രത്തെ. ബയോമെഡിക്കല്‍ ആര്‍ട്ട് എന്നാണ് ശാസ്ത്രീയമായി ഇതിന് പറയുന്ന പേര്. കൊറോണ വൈറസിന്റെ ചിത്രാവിഷ്‌കാരത്തിലൂടെ വ്യക്തമാക്കുന്നത് ഈ വൈറസിനെ ഗൗരവമായി കണക്കാക്കേണ്ട ഒന്നാണ് എന്നുതന്നെയാണ്.

അമേരിക്കയിലെ സെന്റേഴ്‌സ് ഫോര്‍ ഡിസീസസ് കണ്‍ട്രോള്‍ ആന്‍ഡ് പ്രിവന്‍ഷന്‍(സിഡിസി)-ലെ ബയോമെഡിക്കല്‍ ആര്‍ടിസ്റ്റുകളായ അലീസ്സ എക്കോര്‍ട്ട്, ഡാന്‍ ഹിഗ്ഗിന്‍സ് എന്നിവരാണ് കൊറോണ വൈറസിന്റെ ചിത്രം രൂപപ്പെടുത്തിയെടുത്തത്. ഓട്ടോഡെസ്‌ക് 3ഡിഎസ് മാക്‌സ് എന്ന പ്രൊഫഷണല്‍ ഇല്ലസ്‌ട്രേഷന്‍ സോഫ്‌റ്റ്വെയറിന്റെ സഹായത്തോടെയാണ് ആര്‍ടിസ്റ്റുകള്‍ ഈ ചിത്രം വരച്ചെടുത്തത്.

നഗ്ന നേത്രങ്ങള്‍ക്കൊണ്ട് കാണാന്‍ സാധിക്കാത്ത ഒന്നിനെ കാഴ്ചയിലേയ്ക്ക് കൊണ്ടുവരിക എന്നതായിരുന്നു കൊറോണ വൈറസുമായി ബന്ധപ്പെട്ട് സിഡിസിയിലെ ബയോമെഡിക്കല്‍ ആര്‍ടിസ്റ്റുകളുടെ ദൗത്യം. അവര്‍ അത് ഭംഗിയായിതന്നെ നിര്‍വഹിച്ചു. നിരവധിതവണ മാറ്റിവരച്ചിട്ടാണ് കൊറോണ വൈറസിന്റെ അന്തിമ രൂപത്തിലേയ്ക്ക് സംഘമെത്തുന്നത്. ഒരാഴ്ചത്തെ പരിശ്രമത്തിനൊടുവിലാണ് കൊറോണ വൈറസിന്റെ ചിത്രാവിഷ്‌കാരം തയാറായത്.