ലോക്ക് ഡൗണിൽ പുതിയ ചിത്രത്തിനായി ഹിന്ദിയിൽ പാട്ടെഴുതി ഉണ്ണി മുകുന്ദൻ

ലോക്ക് ഡൗൺ പ്രഖ്യാപിച്ചതോടെ സിനിമ താരങ്ങൾ ഉൾപ്പെടെയുള്ളവർ വീടുകളിൽ ലോക്ക് ആണ്. കുടുംബത്തിനൊപ്പമുള്ള ഓരോ മുഹൂർത്തങ്ങളും സമൂഹമാധ്യമങ്ങളിൽ പങ്കുവയ്ക്കാറുമുണ്ട് താരങ്ങൾ. ഇപ്പോഴിതാ ഹിന്ദിയിൽ പാട്ടെഴുതുന്ന തിരക്കിലാണ് മലയാളികളുടെ പ്രിയതാരം ഉണ്ണി മുകുന്ദൻ.

‘മരട് 357’ എന്ന ചിത്രത്തിനു വേണ്ടിയാണ് താരം ഹിന്ദിയിൽ പാട്ടൊരുക്കുന്നത്. മുൻപ് അച്ചായൻസ് എന്ന ചിത്രത്തിൽ താരം പിന്നണി ഗാനം ആലപിച്ചിരുന്നു. ഉണ്ണി മുകുന്ദൻ ആലപിച്ച ‘അനുരാഗം പുതു മഴ പോലെ’ എന്ന ഗാനം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ഉണ്ണി മുകുന്ദനും രതീഷ് വേഗയും ചേർന്നാണ് പാട്ടിന് വരികൾ ഒരുക്കിയത്. പിന്നീട് ചാണക്യതന്ത്രം, കുട്ടനാടൻ ബ്ലോഗ്, ഷൈലോക്ക് തുടങ്ങിയ ചിത്രങ്ങളിലും താരം ഗാനം ആലപിച്ചിരുന്നു.

ദിനേശ് പള്ളത്തിന്റെ തിരക്കഥയിൽ കണ്ണൻ താമരക്കുളം സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘മരട് 357’. കുറച്ച് നാളുകൾക്ക് മുൻപ് കേരളത്തിൽ ചർച്ചയായ വിഷയമായിരുന്നു മരട് ഫ്ലാറ്റ് പ്രശ്‍നം. സംഭവത്തെ ആസ്പദമാക്കി ഒരുക്കുന്ന ചിത്രമാണ് മരട് 357.

‘മരട് 357’ൽ അനൂപ് മേനോനും ധർമജനുമാണ് നായകന്മാർ. ഷീലു ഏബ്രഹാമും നൂറിൻ ഷെരീഫും നായികമാരായി എത്തുന്നു. ഫ്ലാറ്റിൽ നിന്നും ഇറങ്ങേണ്ടി വന്ന 357 കുടുംബങ്ങളുടെ അവസ്ഥയും ഒപ്പം ഫ്ലാറ്റ് നിർമാണത്തിൽ നടന്ന അഴിമതിയും മാധ്യമങ്ങളിൽ വന്നിട്ടില്ലാത്ത ഒട്ടേറെ സംഭവങ്ങളുമാണ് സിനിമയിലൂടെ പങ്കുവെയ്ക്കുന്നത്.