‘ഇന്ത്യയിൽ ലോക്ക് ഡൗൺ നീട്ടിയത് അവസരോചിതമായ നടപടി’- അഭിനന്ദനവുമായി ലോകാരോഗ്യ സംഘടന

ഇന്ത്യയിൽ 19 ദിവസം കൂടി ലോക്ക് ഡൗൺ നീട്ടിയതിൽ അഭിനന്ദനമറിയിച്ച് ലോകാരോഗ്യ സംഘടന. കഠിനവും അവസരോചിതവുമായ നടപടി എന്നാണ് ലോകാരോഗ്യ സംഘടന പ്രതികരിച്ചത്. മെയ് 3 വരെയാണ് ഇപ്പോൾ ലോക്ക് ഡൗൺ നീട്ടിയിരിക്കുന്നത്. ഇന്നായിരുന്നു നേരത്തെ പ്രഖ്യാപിച്ചതിനനുസരിച്ച് ലോക്ക് ഡൗൺ അവസാനിക്കേണ്ടിയിരുന്നത്.

‘ആറാഴ്ച രാജ്യമാകെ സമ്പൂർണ ലോക്ഡൗൺ നടപ്പാക്കുമ്പോൾ, കൃത്യമായ ശാരീരിക അകലം പാലിച്ചും പരിശോധന, ഐസലേഷൻ, രോഗികളുമായി സമ്പർക്കത്തിലായവരെ കണ്ടുപിടിക്കൽ തുടങ്ങിയവ ശക്തമാക്കിയും കൊറോണ വൈറസ് വ്യാപനം ഫലപ്രദമായി തടയാനാകും.’ ലോകാരോഗ്യ സംഘടന സൗത്ത് ഈസ്റ്റ് ഏഷ്യ റീജിയനൽ ഡയറക്ടർ ഡോ. പൂനം ഖേത്രപാൽ സിങ് പറയുന്നു.

ഇന്ത്യയിൽ കൊവിഡ് ബാധിതരുടെ എണ്ണം വർധിക്കുകയാണ്. 1211 കേസുകളാണ് കഴിഞ്ഞ 24 മണിക്കൂറിനിടെ സ്ഥിരീകരിച്ചത്. 10363 പേര്‍ക്കാണ് ഇതുവരെ കൊവിഡ് ബാധിച്ചത്. ഈ സാഹചര്യത്തിൽ ലോക്ക് ഡൗൺ നീട്ടിയ തീരുമാനം സ്വാഗതാർഹമാണ്.

വരുന്ന ഒരാഴ്ച കർശന നിയന്ത്രണങ്ങളിലായിരിക്കും രാജ്യം. ഏപ്രിൽ 20ന് ശേഷം ഏതൊക്കെ സംസ്ഥാനങ്ങൾക്ക് ഇളവ് ലഭിക്കുമെന്നറിയാൻ സാധിക്കും.