‘ഡൽഹിയുടെ ആകാശത്ത് ഞാൻ ആദ്യമായി നക്ഷത്രങ്ങൾ കണ്ടു..വൈറസ് വിട്ടൊഴിഞ്ഞാലും നമ്മൾ ഒരു തീരുമാനം എടുക്കണം’- യുവരാജ് സിംഗ്

കൊവിഡ് പശ്ചാത്തലത്തിൽ രാജ്യമാകെ ഏർപ്പെടുത്തിയ ലോക്ക് ഡൗൺ അനുഭവങ്ങൾ ഓരോരുത്തർക്കും ഓരോ തരത്തിലാണ്. ചിലർ വീടിനുള്ളിൽ കുടുങ്ങിപ്പോയ അനുഭവങ്ങൾ പങ്കുവയ്ക്കുമ്പോൾ ക്രിക്കറ്റ് താരം യുവരാജ് സിംഗിന് വേറിട്ടൊരു അനുഭവമാണുള്ളത്. ഡൽഹിയിൽ സ്ഥിര താമസമാക്കിയതിൽ പിന്നെ ആദ്യമായി ആകാശത്ത് നക്ഷത്രങ്ങൾ കണ്ടു.

അല്പം അതിശയോക്തിയായി തോന്നാം..എന്നാൽ അതൊരു വാസ്തവമാണ്. കാരണം അമിതമായി വായു മലിനീകരണവും മറ്റും കാരണം ഡൽഹിയിൽ പകലും രാത്രിയും ഒന്നും ആകാശം ദൃശ്യമായിരുന്നില്ല എന്നുവേണം പറയാൻ.

വാഹനങ്ങൾ ആയിരുന്നു ഡൽഹിയുടെ ഏറ്റവും വലിയ ശാപം. കയറണം വായു മലിനീകരണം അത്രക്ക് അധികമായിരുന്നു. എന്നാൽ ലോക് ഡൗൺ ദിനങ്ങളിൽ ആകാശവും ഭൂമിയും വായുവുമെല്ലാം തെളിയുകയാണ്. ഈ അനുഭവമാണ് യുവരാജ് സിംഗ് പങ്കുവെച്ചത്.

ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് യുവരാജ് സിംഗ് അനുഭവങ്ങൾ പങ്കുവെച്ചത്. നല്ലവശവും ചീത്ത വശവും ഇതിനുണ്ട് എന്നും, ആളുകൾ കൂട്ടത്തോടെ മരിക്കുമ്പോൾ ആശങ്കപ്പെടുന്നതിനു പകരം സംഘടനയുടെ വെബ്‌സൈറ്റിൽ പോയി രോഗം എന്താണെന്നു മനസിലാക്കുകയാണ് വേണ്ടതെന്നും യുവരാജ് സിംഗ് പറയുന്നു.

‘ഡൽഹിയിൽ ജീവിക്കാൻ തുടങ്ങിയശേഷം ആദ്യമായി ഞാൻ ആകാശത്ത് നക്ഷത്രങ്ങൾ കണ്ടു, ഇപ്പോൾ ഇവിടെ ശബ്ദ മലിനീകരണവും വായു മലിനീകരണവും ഇല്ല. വൈറസ് വ്യാപനം നിയന്ത്രണത്തിലായി എല്ലാം പഴയപടിയായാലും ആഴ്ചയിൽ ഒരു ദിവസമെങ്കിലും വാഹനമെടുത്ത് പുറത്തിറങ്ങില്ലെന്ന് നമ്മൾ തീരുമാനിക്കണം. ഒരു ദിവസം കുടുംബത്തിനൊപ്പം പൂർണമായി ചെലവഴിക്കുക. ഇത് ഭൂമിയോട് നാം പ്രകടിപ്പിക്കുന്ന ആദരവു കൂടിയാണ്. ഈ ദിവസം കുറേ മരങ്ങളും ചെടികളും നടുക. മലിനീകരണത്തിനു കാരണമാകുന്ന എല്ലാത്തരം പ്രവർത്തനങ്ങളിലും നിന്ന് വിട്ടുനിൽക്കുക ‘- യുവരാജ് സിംഗ് പറയുന്നു.