സ്ത്രീ വിരുദ്ധ ലൈബ്രറിയുടെ ഉദ്‌ഘാടനത്തിന് ജസ്‌ല മാടശ്ശേരിയെ വിളിച്ച മാനത്ത് വീട്ടിലെ ചന്ദ്രൻ -‘ഗുലുമാലി’ലാക്കിയ ദിയ സന; രസകരമായ വീഡിയോ

ചിരിക്കാനും ചിരിപ്പിക്കാനും വളരെ ഇഷ്ടമുള്ളവരാണ് മലയാളികൾ. അതുകൊണ്ടുതന്നെ ഗുലുമാൽ എന്ന പരിപാടി എല്ലാവർക്കും സുപരിചിതമാണ്. ഇപ്പോൾ യുട്യൂബിൽ ഗുലുമാൽ ഓൺലൈൻ എന്ന പേരിലാണ് അനൂപ് പന്തളം രസകരമായ പ്രാങ്ക് വീഡിയോകൾ പങ്കുവയ്ക്കുന്നത്. ഒട്ടേറെ സിനിമാതാരങ്ങൾ ഈ ലോക്ക് ഡൗൺ കാലത്ത് അനൂപിന്റെ പ്രാങ്ക് വീഡിയോകളിലൂടെ പറ്റിക്കപ്പെട്ടു കഴിഞ്ഞു. ആമസോൺ കാട്ടിലെ അഹാനയും, ഹിസ്ബുൾ രാജേന്ദ്രനിലൂടെ പണികിട്ടിയ സിജു വിൽസണും പിന്നാലെ സാമൂഹിക പ്രവർത്തക ജസ്‌ല മാടശ്ശേരിയാണ് അനൂപിന്റെ പ്രാങ്കിന് ഇരയായത്.

സോഷ്യൽ ആക്ടിവിസ്റ്റും പ്രേക്ഷകർക്ക് സുപരിചിതയുമായ ദിയ സനയാണ് ജസ്‍ലക്ക്, അനൂപുമായി ചേർന്ന് ഒരു ഗംഭീര ഗുലുമാൽ പണി നൽകിയത്. സ്ത്രീകൾക്കുവേണ്ടി ശക്തമായി വാദിക്കുന്ന ഒരാളായതുകൊണ്ടുതന്നെ ജസ്‌ലയെ അനൂപ് വിളിച്ചത് ഒരു പുരുഷവാദിയായാണ്. സ്ത്രീവിരോധികളായ ഒരുകൂട്ടം പുരുഷന്മാരുടെ കൂട്ടായ്മയാണ് ശ്രീദേവി പുരുഷ സ്വയം സഹായ സംഘം. ഈ കൂട്ടായ്മയ്ക്ക് ഒരു ലൈബ്രറി ഉണ്ട്. ലൈബ്രറിയുടെ പ്രത്യേകത ആകട്ടെ, മുഴുവനും സ്ത്രീ വിരുദ്ധ പുസ്തകങ്ങളാണ്. ഈ ലൈബ്രറിയുടെ ഉദ്ഘാടനത്തിനായാണ് അനൂപ് ജസ്‌ലയെ വിളിക്കുന്നത്. പിന്നെ പറയേണ്ട കാര്യമില്ലല്ലോ?

മാനത്തുവീട്ടിൽ ചന്ദ്രൻ എന്ന പേരിൽ വിളിച്ച അനൂപ് പന്തളവുമായി ജസ്‌ല സ്ത്രീപക്ഷത്തിനായി വാദിച്ച് കലഹിക്കുകയാണ്. വഴക്ക് മൂത്ത് ഫോൺ കട്ട് ചെയ്‌ത്‌ പോകുകയും ദിയ സനയെ വിളിച്ച് ദേഷ്യപ്പെടുകയുമാണ്. ഈ പ്രാങ്ക് കോളിൽ ഏറ്റവും ശ്രദ്ധേയം ജസ്‌ലയെ പ്രകോപിപ്പിക്കാൻ അനൂപ് പറയുന്ന ചില ഡയലോഗുകളാണ്.

‘നിങ്ങൾ ഈ സംസാരിക്കുന്ന ഫോൺ കണ്ടുപിടിച്ചത് തന്നെ ഗ്രഹാംബെല്ലാണ്, അയാളുടെ ഭാര്യ അല്ല’, ‘നിങ്ങൾ സ്ത്രീകൾക്ക് അച്ചപ്പവും മുറുക്കും ഉണ്ടാക്കാനല്ലേ അറിയൂ’ എന്നൊക്കെയാണ് അനൂപിന്റെ രസകരമായ ചോദ്യങ്ങൾ. എന്തായാലും സമൂഹ മാധ്യമങ്ങളിൽ ഗംഭീര സ്വീകരണമാണ് ഈ പ്രാങ്ക് വീഡിയോയ്ക്ക് ലഭിക്കുന്നത്.

ഫോണിലൂടെയാണെങ്കിലും മികച്ച ആശയവും ആസൂത്രണവുമൊക്കെ കൊണ്ട് ശ്രദ്ധേയമാകുകയാണ് അനൂപിന്റെ ഗുലുമാൽ വീഡിയോകൾ. ഓരോ എപ്പിസോഡിന്റെയും പ്രമേയത്തിനനുസരിച്ച് ഒരു ആരാധകൻ വരച്ച് നൽകിയ കരിക്കേച്ചറുകളും ശ്രദ്ധിക്കപ്പെട്ടിരുന്നു.

Story highlights- gulumal online prank video with jazla madasseri