ഇബ്രാഹിം കുട്ടിയുടെ കൊഞ്ച് ഫ്രൈ കൂട്ടി ബോധം പോയ യുവതി- വാപ്പച്ചിക്ക് മക്ബൂൽ സൽമാൻ നൽകിയ ‘ഗുലുമാൽ’ പണി- വീഡിയോ

രസകരമായ പ്രാങ്കുകളുമായി സമൂഹ മാധ്യമങ്ങളിൽ ശ്രദ്ധേയമാകുകയാണ് ഗുലുമാൽ ഓൺലൈൻ. ലോക്ക് ഡൗൺ സമയത്ത് ഫോൺ കോളുകളിലൂടെ അനൂപ് പന്തളം നൽകിയ പ്രങ്കുകൾ എല്ലാം പ്രേക്ഷകർ ഏറ്റെടുത്തുകഴിഞ്ഞു. ഏറ്റവുമൊടുവിൽ ഷംന കാസിമിനാണ് അനൂപ് പ്രാങ്ക് കൊടുത്തത്. ഇപ്പോൾ ഈദ് ഉൽ ഫിത്തർ പ്രമാണിച്ച് ഗംഭീരമായൊരു പ്രാങ്കുമായാണ് അനൂപ് എത്തിയിരിക്കുന്നത്.

നടനും എഴുത്തുകാരനും മമ്മൂട്ടിയുടെ സഹോദരനുമായ ഇബ്രാഹിം കുട്ടിയാണ് ഇത്തവണ അനൂപിൻറെ പ്രാങ്കിന് ഇരയായത്. ഇബ്രാഹിം കുട്ടിയുടെ മകനും നടനുമായ മക്ബൂൽ സൽമാനാണ് ഈദ് പ്രമാണിച്ച് വാപ്പച്ചിക്ക് ഒരു പണി നൽകിയത്. അനൂപിന്റെ സുഹൃത്ത് കൂടിയാണ് മക്ബൂൽ. അടുത്തിടെ ഇബ്രൂസ് ഡയറി എന്ന പേരിൽ ഒരു യൂട്യൂബ് ചാനൽ ഇബ്രാഹിം കുട്ടി ആരംഭിച്ചിരുന്നു. പാചകവും വീട്ടു വിശേഷവുമൊക്കെ ഉൾപ്പെടുത്തിയ ചാനലിന്റെ ആരാധകൻ എന്ന നിലക്കാണ് അനൂപ് ഇബ്രാഹിം കുട്ടിയെ വിളിക്കുന്നത്.

വളരെ സന്തോഷത്തോടെ സംസാരിക്കുന്നതിനിടയിൽ തന്റെ ഭാര്യയും ഈ ചാനലിന്റെ ആരാധിക ആണെന്നും ചാനലിൽ കാണിച്ച കൊഞ്ച് ഫ്രൈ കഴിച്ച് തളർന്ന് കിടപ്പാണെന്നുമൊക്കെ ഉസ്മാൻ എന്ന പേരിൽ വിളിച്ച അനൂപ് പറയുന്നു. ഇതോടെ ആകെ വിഷമത്തിലായ ഇബ്രാഹിം കുട്ടിയോട് ഇങ്ങനെയൊന്നും ആരോടും ചെയ്യരുത് എന്നൊക്കെ അനൂപ് പറയുന്നുണ്ട്. വളരെ സങ്കടത്തോടെയും ആശങ്കയോടെയുമാണ് ഇബ്രാഹിം കുട്ടി സംസാരിക്കുന്നത്. ഒടുവിൽ ഇത് മക്ബൂൽ പറഞ്ഞിട്ട് വിളിക്കുന്നതെന്നും പ്രാങ്കാണെന്നും പറഞ്ഞപ്പോഴാണ് അദ്ദേഹത്തിന് ആശ്വാസമായത്.

വളരെ രസകരമായ പ്രാങ്ക് ധാരാളം ആളുകൾ ഇതിനോടകം കണ്ടുകഴിഞ്ഞു. മുൻപ് മക്ബൂൽ സൽമാൻ അഭിനയിച്ച ‘മാഫിഡോണ’യുടെ സെറ്റിൽ നടി ശ്രീവിദ്യക്ക് നൽകിയ പ്രാങ്ക് ശ്രദ്ധേയമായിരുന്നു. ഗുലുമാൽ ഓൺലൈൻ എന്ന യൂട്യൂബ് ചാനലിലും അനൂപിന്റെ ഇൻസ്റാഗ്രാമിലും പ്രാങ്ക് വീഡിയോകൾ ലഭ്യമാണ്.

Story highlights-gulumal online prank with ibrahim kutty