ജിബൂട്ടി സിനിമ സംഘം നാട്ടിലെത്തി; ദിലീഷ് പോത്തനടക്കം 71 പേർ

jiootty

കൊറോണ വൈറസിന്റെ പശ്ചാത്തലത്തിൽ ലോക്ക് ഡൗൺ പ്രഖ്യാപിച്ചതോടെ ആഫ്രിക്കയിൽ കുടുങ്ങിയ ജിബൂട്ടി ടീം ഇന്ന് തിരികെ നാട്ടിലെത്തി. ദിലീഷ് പോത്തനടക്കം71 പേരാണ് ആഫ്രിക്കയിലെ ജിബൂട്ടിയിൽ കുടുങ്ങിയത്.

മാർച്ച് 5 നാണ് ജിബൂട്ടിയുടെ രണ്ടാം ഷെഡ്യൂൾ ഷൂട്ടിനായി സിനിമ സംഘം ജിബൂട്ടിയിൽ എത്തുന്നത്. ഷൂട്ടിംഗ് തുടങ്ങി കുറച്ച് ദിവസങ്ങൾ പിന്നിട്ടപ്പോൾ കൊവിഡ്-19 ജിബൂട്ടിയിലും റിപ്പോർട്ട് ചെയ്തു. എന്നാൽ സിനിമ ചിത്രീകരിക്കുന്നത് ജനവാസ കേന്ദ്രങ്ങളില്‍ നിന്ന് 300 കിലോമീറ്റര്‍ അകലെയായതിനാല്‍ നിയന്ത്രണം സിനിമ ചിത്രീകരണത്തെ ബാധിച്ചിട്ടില്ല. നിശ്ചയിച്ച പ്രകാരം തന്നെ സിനിമ ചിത്രീകരണം നടന്നു. ഏപ്രിൽ 18 ന് ഷൂട്ടിംഗ് തീർന്നു. അതേസമയം ലോക്ക് ഡൗൺ ആയതിനാൽ തിരികെ വരാൻ കഴിയാതെ സിനിമ സംഘം ജിബൂട്ടിയിൽ തങ്ങുകയായിരുന്നു.

നവാഗതനായ എസ് ജെ സിനുവിന്റെ ആദ്യ ചലച്ചിത്രസംരംഭമാണ് ജിബൂട്ടി. നൈയില്‍ ആന്‍ഡ് ബ്ലു ഹില്‍ മോഷന്‍ പിക്‌ചേഴ്‌സിന്റെ ബാനറില്‍ സ്വീറ്റി മരിയ ജോബിയാണ് ചിത്രത്തിന്റെ നിര്‍മാണം. ജിബൂട്ടിയുടെ വിനോദ സഞ്ചാര സാധ്യതകള്‍ പ്രയോജനപ്പെടുത്തുന്നതാണ് സിനിമ എന്നാണ് സൂചന. ചിത്രത്തിന്റെ ലോഞ്ചിനായി രാജ്യത്തെ നാല് മന്ത്രിമാര്‍ കൊച്ചിയില്‍ എത്തിയിരുന്നു.

അമിത് ചക്കാലക്കല്‍, ഗ്രിഗറി, ദിലീഷ് പോത്തന്‍, ബിജു സോപാനം, സുനില്‍ സുഖദ, വെട്ടുകിളി പ്രകാശ്, ശകുന്‍ ജസ്വാള്‍, രോഹിത് മഗ്ഗു, അലന്‍സിയര്‍, പൗളി വത്സന്‍, മാസ്റ്റര്‍ ഡാവിഞ്ചി, സ്മിനു സിജോ തുടങ്ങി നിരവധി താരങ്ങള്‍ ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്. കേരളത്തിലും ആഫ്രിക്കയിലെ ജിബൂട്ടിയിലുമായിട്ടാണ് സിനിമയുടെ ചിത്രീകരണം.

Story Highlights: Jibootty film team back to kerala