ദുല്‍ഖറിന് പകരം മോഹന്‍ലാല്‍; ഫഹദിന് പകരക്കാരനായി മമ്മൂട്ടിയും; ശ്രദ്ധ നേടി ‘ബാംഗ്ലൂര്‍ ഡെയ്‌സ്’ കാസ്റ്റിങ് ചലഞ്ച്

Bangalore Days challenge card trends in social media

തിയേറ്ററുകളില്‍ മികച്ച പ്രതികരണം നേടിയ ചിത്രമായിരുന്നു ‘ബാംഗ്ലൂര്‍ ഡെയ്സ്’. പ്രണയത്തിന്റെയും കുടുംബബന്ധത്തിന്റെയും സൗഹൃദത്തിന്റേയുമെല്ലാം ആഴവും പരപ്പും ആവോളം ആവഹിച്ച സിനിമ. ഫഹദ് ഫാസില്‍, ദുല്‍ഖര്‍ സല്‍മാന്‍, നിവിന്‍ പോളി, നസ്രിയ നസീം, പാര്‍വതി എന്നിവര്‍ കേന്ദ്ര കഥാപാത്രങ്ങളായെത്തിയ ചിത്രം മലയാളികളുടെ കണ്ണും മനവും ഒരുപോലെ നിറച്ചു. അഞ്ജലി മേനോനാണ് ‘ബാംഗ്ലൂര്‍ ഡെയ്സ്’ എന്ന ചിത്രത്തിന്റെ സംവിധാനം നിര്‍വ്വഹിച്ചത്.

ബാംഗ്ലൂര്‍ ഡെയ്‌സ് വീണ്ടും സമൂഹമാധ്യമങ്ങളില്‍ നിറയുകയാണ്, വ്യത്യസ്തമായ ഒരു കാസ്റ്റിങ് ചലഞ്ചിലൂടെ. ചലച്ചിത്ര ആസ്വാദകനായ ജിത്തു സതീശന്‍ മംഗലത്ത് പങ്കുവെച്ച വിവിധ തരം കാസ്റ്റിങ് ചലഞ്ച് കാര്‍ഡുകള്‍ക്ക് മികച്ച പ്രതികരണമാണ് സമൂഹമാധ്യമങ്ങളില്‍ നിന്നു ലഭിയ്ക്കുന്നതും.

കാസ്റ്റിങ്ങ് ചലഞ്ചില്‍ ഏറ്റവും ശ്രദ്ധിക്കപ്പെട്ടത് മമ്മൂട്ടിയും മോഹന്‍ലാലും അടക്കമുള്ളവര്‍ അണിനിരന്ന കാര്‍ഡാണ്. ദുല്‍ഖര്‍ സല്‍മാന്റെ കഥാപാത്രമായി മോഹന്‍ലാല്‍ എത്തുമ്പോള്‍ ഫഹദ് ഫാസിലിന്റെ പകരക്കാരനായാണ് മമ്മൂട്ടി എത്തുന്നത്. നിവിന്‍ പോളിക്ക് പകരമായി ജയറാമും നസ്രിയക്ക് പകരമായി നദിയ മൊയ്തുവും എത്തുന്നു.

മറ്റ് ചലച്ചിത്രതാരങ്ങളെ ഉള്‍പ്പെടുത്തിക്കൊണ്ടും വ്യത്യസ്തമായ കാസ്റ്റിങ് കാര്‍ഡുകള്‍ തയാറാക്കിയിട്ടുണ്ട്. ബാംഗ്ലൂര്‍ ഡേയ്‌സ് ബ്ലാക്ക് ആന്‍ഡ് വൈറ്റ് കാലഘട്ടത്തില്‍ എത്തിയപ്പോള്‍ ജയനായി ദുല്‍ഖര്‍ സല്‍മാന്റെ കഥാപാത്രം. ഒപ്പം നിവിന്‍ പോളിയായി നസീറും ഫഹദ് ആയി സത്യനും കാര്‍ഡില്‍ ഇടം നേടി. നസ്രിയയുടെ കഥാപാത്രമായി എത്തിയതാകട്ടെ ഷീലയും.

തമിഴ് ചലച്ചിത്ര താരങ്ങളെ ഉള്‍പ്പെടുത്തിക്കൊണ്ടും ബാംഗ്ലൂര്‍ ഡെയ്‌സിന്റെ കാസ്റ്റിങ് കാര്‍ഡ് ഒരുക്കിയിട്ടുണ്ട്. വിജയ്, സൂര്യ, അജിത്, നയന്‍താര തുടങ്ങിയവരാണ് ഈ കാര്‍ഡില്‍ ഇടം നേടിയിരിക്കുന്നത്. എന്തായാലും ബാംഗ്ലൂര്‍ ഡേയ്‌സ് തിയേറ്ററുകളിലെത്തി ആറ് വര്‍ഷം പിന്നിട്ടിട്ടും സിനിമയുടെ ഓര്‍മ്മകള്‍ മലയാളികള്‍ക്ക് ഒപ്പമുണ്ടെന്ന് വ്യക്തമാക്കുകയാണ് വ്യത്യസ്തമായ ഈ കാസ്റ്റിങ് ചലഞ്ച്.

Story highlights: Bangalore Days challenge card trends in social media