ഡ്രൈവിങ് ലൈസന്‍സ്: ലേണേഴ്‌സ് ടെസ്റ്റ് ഓണ്‍ലൈനായി എഴുതാം- ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

Directions For Online Driving Licence Learners Test

കൊവിഡ് 19 എന്ന മഹാമാരിക്കെതിരായ പോരാട്ടത്തിലാണ് മാസങ്ങളായി നമ്മുടെ സമൂഹം. പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി വിവിധ മേഖലകളില്‍ നിരവധി മാറ്റങ്ങളും വന്നുതുടങ്ങി. ഓണ്‍ലൈന്‍ ക്ലാസുകളും വീട്ടിലിരുന്നുള്ള ജോലിയുമൊക്കെ ഇതിന് ഉദാഹരണങ്ങളാണ്. കൊവിഡ് പശ്ചാത്തലത്തില്‍ ഡ്രൈവിങ് ലൈസന്‍സിനു വേണ്ടിയുള്ള ലേണേഴ്സ് ടെസ്റ്റും ഓണ്‍ലൈന്‍ ആക്കുന്നു.

ഓണ്‍ലൈന്‍ ലേണേഴ്‌സ് ടെസ്റ്റ് ഈ ആഴ്ച ആരംഭിക്കാനുള്ള അവസാനഘട്ട പരിശ്രമത്തിലാണ് മോട്ടോര്‍ വാഹന വകുപ്പ്. കംപ്യൂട്ടറിലോ അല്ലെങ്കില്‍ സ്മാര്‍ട് ഫോണിലോ ഇത്തരത്തില്‍ ഓണ്‍ലൈനായി ലേണേഴ്സ് 50 ചോദ്യങ്ങളായിരിക്കും പരീക്ഷയ്ക്കായി നല്‍കുക. അരമണിക്കൂര്‍ സമയവും അനുവദിക്കും. ഓണ്‍ലൈനായി പരീക്ഷ എഴുതാന്‍ അപേക്ഷ സമര്‍പ്പിക്കുമ്പോള്‍ പരീക്ഷ സൈറ്റില്‍ പ്രവേശിക്കുന്നതിന് ആവശ്യമായ യൂസെര്‍നെയിമും പാസ്-വേഡും നല്‍കും. നാല് ലക്ഷത്തോളം അപേക്ഷകള്‍ നിലവില്‍ പരിഗണനയിലുണ്ട്. കൊവിഡ് പശ്ചാത്തലത്തില്‍ ഓഫീസുകളിലിരുന്ന ടെസ്റ്റ് നടത്തുക എന്നത് പ്രായോഗികമല്ലാത്തതിനാലാണ് ഇത്തരത്തില്‍ ഓണ്‍ലൈനായി ലേണേഴ്സ് ടെസ്റ്റ് നടത്താന്‍ തീരുമാനിച്ചത്.

പരീക്ഷാര്‍ത്ഥികളുടെ ശ്രദ്ധക്ക്

ഓണ്‍ ലൈനായി അപേക്ഷ parivahan.gov.in എന്ന വെബ് സൈറ്റില്‍ കൂടി സമര്‍പ്പിക്കണം.

എല്ലാ ഫോറങ്ങളും നിയമപ്രകാരം ആവശ്യമായ മെഡിക്കല്‍, കാഴ്ച പരിശോധന സര്‍ട്ടിഫിക്കറ്റുകളും, വയസ്സ്, അഡ്രസ്സ് എന്നിവ തെളിയിക്കാനുള്ള രേഖകളും സ്‌കാന്‍ ചെയ്ത് അപ്-ലോഡ് ചെയ്യണം.

ഓണ്‍ലൈന്‍ ടെസ്റ്റിനായി ലഭ്യമായ തീയതികളില്‍ നിന്നും സൗകര്യപ്രദമായത് തെരെഞ്ഞെടുക്കുക.

അപേക്ഷകളില്‍ എന്തെങ്കിലും പിഴവ് ഉണ്ടെങ്കില്‍ അപേക്ഷകന് അത് സംബന്ധിച്ച വിവരം മെസേജ് ആയി ആയി ലഭിക്കും.

പരിവാഹന്‍ സൈറ്റില്‍ സാരഥി ലിങ്കില്‍ apply online എന്ന മെനുവില്‍ application status എന്ന ലിങ്ക് ഉപയോഗിച്ച് പോരായ്മകള്‍ പരിഹരിച്ച് വീണ്ടും സമര്‍പ്പിക്കാവുന്നതാണ്.

ടെസ്റ്റിന് അനുവദിക്കപ്പെട്ട ദിവസം ഐ.ഡി.യും പാസ് വേര്‍ഡും അപേക്ഷകന്റെ റജിസ്‌ട്രേര്‍ഡ് മൊബൈലില്‍ എസ്എംഎസ് ആയി ലഭിക്കും. യാതൊരു കാരണവശാലും ഈ എസ്എംഎസ് മറ്റുള്ളവര്‍ക്ക് ഫോര്‍വേഡ് ചെയ്യാനോ കൈമാറ്റം ചെയ്യാനോ പാടില്ല.

അപേക്ഷകന്‍ അദ്ദേഹത്തിന്റെ കമ്പ്യൂട്ടറിലോ മൊബൈല്‍ ഫോണിലോ ടെസ്റ്റില്‍ പങ്കെടുക്കുക.

ലേണേഴ്‌സ് ടെസ്റ്റിന് 50 ചോദ്യങ്ങള്‍ ഉണ്ടാവും. ഇതില്‍ 30 എണ്ണത്തിന് ശരിയായ ഉത്തരം തെരെഞ്ഞെടുത്താല്‍ ലേണേഴ്‌സ് ലൈസന്‍സ് ലഭിക്കും. ആകെ അനുവദിക്കുന്ന സമയം 30 മിനിറ്റ് ആണ്.

പാസ്സായവര്‍ക്ക് അവരുടെ ലേണേഴ്‌സ് ലൈസന്‍സ് സാരഥി സോഫ്റ്റ് വെയറില്‍ നിന്നും ഡൗണ്‍ലോഡ് ചെയ്ത് പ്രിന്റ് എടുക്കാം. ഇത് മൊബൈല്‍ ഡോക്യുമെന്റായും സൂക്ഷിക്കാം.

പരീക്ഷയില്‍ പരാജയപ്പെട്ടാല്‍ റീ ടെസ്റ്റ് ഫീസടച്ച് മറ്റൊരു ദിവസം പരീക്ഷയില്‍ പങ്കെടുക്കാം.

പരീക്ഷാ സഹായി mvd.kerala.gov.in എന്ന വെബ് സൈറ്റില്‍ ലഭിക്കും.

പരീക്ഷാര്‍ത്ഥികള്‍, യാതൊരു കാരണവശാലും പരീക്ഷാ സമയത്ത് മറ്റുള്ളവരുടെ സഹായം തേടാന്‍ പാടുള്ളതല്ല.

എന്തെങ്കിലും തരത്തിലുള്ള ഇത്തരം ക്രമക്കേടുകള്‍ ബോദ്ധ്യപ്പെടുന്ന പക്ഷം അത്തരം അപേക്ഷകരെ അയോഗ്യരാക്കും.

ക്രമക്കേടുകള്‍ക്ക് ഒത്താശ ചെയ്യുന്നവര്‍ക്കെതിരെയും കര്‍ശന നിയമ നടപടികള്‍ സ്വീകരിക്കുന്നതായിരിക്കും.

Story highlights: Directions For Online Driving Licence Learners Test