‘അന്ന് നിന്നെ കണ്ടതിൽപ്പിന്നെ അനുരാഗമെന്തെന്ന് ഞാനറിഞ്ഞു…’വീഡിയോ കോളിനിടെ മമ്മൂട്ടിയുടെ പാട്ട്, ഏറ്റെടുത്ത് സോഷ്യൽ മീഡിയ

July 31, 2020
mammootty

‘അന്ന് നിന്നെ കണ്ടതിൽപ്പിന്നെ അനുരാഗമെന്തെന്ന് ഞാനറിഞ്ഞു…മലയാളത്തിലെ എക്കാലത്തെയും സൂപ്പർഹിറ്റ് ഗാനങ്ങളിൽ ഒന്നാണ് 1961 ൽ പുറത്തിറങ്ങിയ ഉണ്ണിയാർച്ച എന്ന ചിത്രത്തിലെ ഈ ഗാനം. പി. ഭാസ്ക്കരന്റെ വരികൾക്ക് കെ. വി. മഹാദേവൻ സംഗീതം നൽകി എ. എം. രാജയും പി. സുശീലയും ചേർന്ന് പാടിയ ഗാനം പതിറ്റാണ്ടുകൾ പിന്നിട്ടെങ്കിലും ഇത് ഒരിക്കലെങ്കിലും ഏറ്റുപാടാത്ത മലയാളികൾ ഉണ്ടാവില്ല..

ഇപ്പോഴിതാ സുഹൃത്തുക്കളുമായുള്ള സൗഹൃദ സംഭാഷണത്തിനിടെ ഈ ഗാനം ആലപിക്കുന്ന മമ്മൂട്ടിയുടെ വീഡിയോയാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നത്. വീഡിയോ കോളിനിടെ ഈ ഗാനം ആലപിക്കുന്ന മമ്മൂട്ടിയുടെ ദൃശ്യങ്ങൾ ഫ്രൈഡേ മാറ്റിനി എന്ന ഫേസ്ബുക്ക് പേജിലാണ് പങ്കുവെച്ചിരിക്കുന്നത്.

Read also:ഓരോ മഴയിലും മലയാളികൾ ഓർത്തെടുക്കുന്ന ആ മനോഹര പ്രണയത്തിന് ഇന്ന് 33 വയസ്; തൂവാനത്തുമ്പികളുടെ ഓർമ്മയിൽ…

പാട്ടിന്റെ ആദ്യ രണ്ട് വരികൾ പാടിയ ശേഷം ‘ഇനി അങ്ങോട്ട് ഇല്ല. ഇത്രയേ എന്നെക്കൊണ്ട് സാധിക്കൂ. ഇതിൽ നിങ്ങൾക്കു ചിരിക്കാൻ പറ്റിയാൽ ചിരിക്കുക, സന്തോഷിക്കുക എല്ലവർക്കും നന്ദി’ എന്ന് മമ്മൂക്ക പറയുന്നതും ദൃശ്യങ്ങളിൽ വ്യക്തമാണ്. അതേസമയം സമൂഹമാധ്യമങ്ങളിൽ പങ്കുവയ്ക്കപ്പെട്ട ഈ ഗാനം ഇതിനോടകം വൈറലായിക്കഴിഞ്ഞു. മികച്ച പിന്തുണയാണ് താരത്തിന്റെ പാട്ടിന് ലഭിച്ചുകൊണ്ടിരിക്കുന്നതും.

അതേസമയം വെള്ളിത്തിരയില്‍ എക്കാലത്തും അഭിനയം കൊണ്ട് വിസ്മയങ്ങള്‍ ഒരുക്കുന്ന നടനാണ് മമ്മൂട്ടി. 1951 സെപ്തംബര്‍ ഏഴിന് കോട്ടയം ജില്ലയിലെ വൈക്കത്തിനടത്ത് ചെമ്പ് എന്ന സ്ഥലത്തായിരുന്നു മമ്മൂട്ടിയുടെ ജനനം. അഭിഭാഷകനായി യോഗ്യത നേടിയെങ്കിലും സിനിമാ മേഖലയിലാണ് താരം ചുവടുറപ്പിച്ചത്. മൂന്ന് പതിറ്റാണ്ടുകളിലേറെയായി താരം വെള്ളിത്തിരയിലെ നിറസാന്നിധ്യമാണ്.താരത്തിന്റേതായി അണിയറയിൽ ഒരുങ്ങികൊണ്ടിരിക്കുന്ന ചിത്രമാണ് വൺ. ചിത്രത്തിൽ മുഖ്യമന്ത്രിയുടെ വേഷത്തിലാണ് മമ്മൂട്ടി എത്തുന്നത് എന്നാണ് സൂചന.

Story Highlights: mammootty singing during video call