പല വീടുകളിലും കാണും ദേ, ഇതുപോലെ ഒരാള്‍; ശ്രദ്ധ നേടി ‘പരല്‍മീന്‍’

July 3, 2020
Paralmeen Short Film By John K Paul

മിനിറ്റുകളുടെ ദൈര്‍ഘ്യം മാത്രമേയുള്ളുവെങ്കിലും ചില ഹ്രസ്വ ചിത്രങ്ങള്‍ക്ക് ഒരുപാട് കാര്യങ്ങള്‍ പങ്കുവയ്ക്കാനുണ്ടാകും. ചിലപ്പോള്‍ ഒരു സിനിമ സംസാരിക്കുന്ന അത്രയും. മറ്റ് ചിലപ്പോള്‍ ഒരു സിനിമയേക്കാളും അധികമായി ഹ്രസ്വചിത്രങ്ങള്‍ സംസാരിച്ചേക്കാം. അതുകൊണ്ടുതന്നെ ഹ്രസ്വചിത്രങ്ങള്‍ക്ക് ആസ്വാദകരില്‍ നിന്നും മികച്ച പ്രതികരണമാണ് ലഭിക്കാറുള്ളതും. കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായ ലോക്ക്ഡൗണില്‍ സിനിമാ മേഖല നിശ്ചലമായപ്പോള്‍ ഹ്രസ്വചിത്രങ്ങള്‍ക്കാണ് സ്വീകാര്യത ഏറിയതും.

മാസങ്ങളായി കൊവിഡ് 19 എന്ന മഹാമാരിക്കെതിരായി പോരാടുകയാണ് നമ്മുടെ സമൂഹം. എന്നാല്‍ നമുക്കിടയില്‍ ചിലരുണ്ട്. പ്രളയവും കൊവിഡും മാത്രമല്ല എന്തുതന്നെ സംഭവിച്ചാലും ഒരു കുലുക്കവും ഇല്ലാത്ത ചിലര്‍. ചില പ്രത്യേക തരം അലസന്മാര്‍ എന്നും വിശേഷിപ്പിക്കാം ഇവരെ. അലസതയില്‍ മുഴുകി വീട്ടുകാര്‍ക്കും നാട്ടുകാര്‍ക്കും പിടികൊടുക്കാതെ പരല്‍മീനിനെപ്പോലെ വഴുതിമാറുന്ന ചില ജീവിതങ്ങളെ തുറന്നു കാട്ടുകയാണ് ഒരു ഹ്രസ്വചിത്രം. ‘പരല്‍മീന്‍’ എന്നാണ് ഈ കുഞ്ഞു ചിത്രത്തിന്റെ പേര്. അലസനായ ഒരു ചെറുപ്പക്കാരന്റെ ജീവിതത്തിലെ കൊവിഡിനു മുന്‍പുള്ള കാലഘട്ടവും ഇപ്പോഴുള്ള കൊവിഡ് കാലവുമാണ് പരല്‍മീനില്‍ മനോഹരമായി ആവിഷ്‌കരിച്ചിരിക്കുന്നത്.

ദൃശ്യഭംഗിയിലും ഈ ഹ്രസ്വചിത്രം ഏറെ മികച്ചു നില്‍ക്കുന്നു. അലക്‌സ് എന്ന ഒരു കഥാപാത്രം മാത്രമാണ് ഹ്രസ്വചിത്രത്തില്‍ പ്രധാനമായും ദൃശ്യമാകുന്നത്. എന്നാല്‍ ശബ്ദത്തിലൂടെ ഒരു കുടുംബത്തിലെ മുഴുവന്‍ അംഗങ്ങളും ഈ കുഞ്ഞു സിനിമയില്‍ നിറഞ്ഞു നില്‍ക്കുന്നു. സ്‌ക്രീനില്‍ ഈ കഥാപാത്രങ്ങള്‍ ദൃശ്യമാകുന്നില്ലെങ്കിലും ഭാവം ചോരാതെയുള്ള ഡയലോഗുകള്‍ ഈ കഥാപാത്രങ്ങള്‍ക്ക് ജീവന്‍ പകരുന്നു. ആഖ്യാന ശൈലിയിലെ വ്യത്യസ്ത തികച്ചും വേറിട്ട ദൃശ്യാനുഭവമാണ് കാഴ്ചക്കാര്‍ക്ക് സമ്മാനിക്കുന്നത്.

സിനിമേറ്റ്‌സ് ക്രിയേഷന്‍സിന്റെ ബാനറിലാണ് പരല്‍മീന്‍ എന്ന ഹ്രസ്വചിത്രം ഒരുക്കിയിരിക്കുന്നത്. ടിനു തോമസ് അലക്‌സ് എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. ജോണ്‍ കെ പോള്‍ ആണ് ഹ്രസ്വചിത്രത്തിന്റെ രചനയും സംവിധാനവും. സുജിത്ത് മാവേലിക്കര സിനിമാറ്റോഗ്രഫി നിര്‍വഹിച്ചിരിക്കുന്നു. ഹരീഷ് ഹരിദാസ് ആണ് ചിത്രസംയോജനം. ലിജിന്‍ ബാംബിനോ സംഗീതവും നിര്‍വഹിച്ചിരിക്കുന്നു.

Story highlights: Paralmeen Short Film By John K Paul