പ്രതിദിനം അരലക്ഷത്തിലധികം കൊവിഡ് കേസുകൾ; കഴിഞ്ഞ 24 മണിക്കൂറിനിടെ മരിച്ചത് 764 പേർ

Covid 19 Corona Virus India New Cases And Updates

രാജ്യത്ത് കൊറോണ വൈറസ് ബാധിതരുടെ എണ്ണം ക്രമാതീതമായി വർധിക്കുകയാണ്. പ്രതിദിനം രേഖപ്പെടുത്തുന്ന രോഗബാധിതരുടെ എണ്ണം കഴിഞ്ഞ മൂന്ന് ദിവസങ്ങളായി അരലക്ഷത്തിലധികമാണ്. കഴിഞ്ഞ 24 മണിക്കൂറിനിടെ രോഗം സ്ഥിരീകരിച്ചത് 57,117 പേർക്കാണ്. 764 മരണവും റിപ്പോർട്ട് ചെയ്തു. ഇതോടെ രാജ്യത്തെ രോഗബാധിതരുടെ എണ്ണം 17 ലക്ഷത്തോട് അടുക്കുകയാണ്. 16,95,988 പേർക്കാണ് ഇതുവരെ രോഗം ബാധിതച്ചത്. നിലവിൽ ചികിത്സയിലുള്ളത് 5,65,103 പേരാണ്. ആകെ രോഗമുക്തരായവർ 10,94,374 പേരാണ്. രാജ്യത്തെ ഇതുവരെ കൊറോണ വൈറസ് ബാധിച്ച് മരിച്ചത് 36,511 പേരാണ്. 2.18 ശതമാനമാണ് മരണനിരക്ക്.ഇന്ത്യയിൽ 1,93,58,659 പേരിൽ ഇതുവരെ സാംപിൾ പരിശോധന നടത്തി.

അതേസമയം ഇന്ത്യയിൽ ഏറ്റവും കൂടുതൽ രോഗികൾ ഉള്ളത് മഹാരാഷ്ട്രയിലാണ്. എന്നാൽ പ്രതിദിന കേസുകളുടെ എണ്ണത്തിൽ ആന്ധ്രാപ്രദേശ് ആണ് ഒന്നാം സ്ഥാനത്ത്. 24 മണിക്കൂറിനിടെ 10,376 പേർക്കാണ് ആന്ധ്രയിൽ രോഗം സ്ഥിരീകരിച്ചത്. മഹാരാഷ്ട്രയിൽ 10,320 പേർക്കും രോഗം സ്ഥിരീകരിച്ചു. തമിഴ്‌നാട്ടിൽ 5,881 പുതിയ കേസുകളും 97 മരണവും റിപ്പോർട്ട് ചെയ്തു. ആകെ പോസിറ്റീവ് കേസുകൾ 2,45,859 ആയി. കർണാടകയിൽ 5,483 പുതിയ കേസുകളും 84 മരണവും റിപ്പോർട്ട് ചെയ്തു.

Read also: സംസ്ഥാനത്ത് വരുന്ന ആറ്‌ ദിവസത്തേക്ക് കനത്ത മഴയ്ക്ക് സാധ്യത; വിവിധ ഇടങ്ങളിൽ യെല്ലോ അലേർട്ട്

അതേസമയം കേരളത്തിൽ ഇന്നലെ പുതിയതായി 1310 പേര്‍ക്കു കൂടി കൊവിഡ് രോഗം സ്ഥിരീകരിച്ചു. രോഗം സ്ഥിരീകരിച്ചവരില്‍ 48 പേര്‍ വിദേശ രാജ്യങ്ങളില്‍ നിന്നും 54 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നതാണ്. 1,162 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. അതില്‍ 36 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല.

Story Highlights: India Covid Updates