‘അപ്പോൾ എങ്ങനെയാ ആഘോഷിക്കുവല്ലേ?’- അയ്യപ്പന് പിറന്നാൾ ആശംസിച്ച് കണ്ണമ്മയും കോശിയും

ഏത് കഥാപാത്രത്തിലേക്കും ഇഴുകി ചേരാൻ പ്രത്യേക കഴിവുള്ള ചുരുക്കം നടന്മാരിൽ ഒരാളാണ് ബിജു മേനോൻ. നായകനായും, വില്ലനായും, ഹാസ്യനടനായുമെല്ലാം വിവിധ തരത്തിലുള്ള കഥാപാത്രങ്ങളെ ബിജു മേനോൻ വെള്ളിത്തിരയിൽ അനശ്വരമാക്കി. കൃഷ്ണഗുഡിയിലൊരു പ്രണയകാലത്തിൽ തുടങ്ങി അയ്യപ്പനും കോശിയിലും വരെ ആ മികവ് അതേപടി നിലനിർത്തിയ ബിജു മേനോൻ ഇന്ന് അൻപതാം വയസിലേക്ക് കടക്കുകയാണ്. ആശംസകളുമായി സിനിമാ സുഹൃത്തുക്കളുമെത്തി.

അനാർക്കലിയിലും അയ്യപ്പനും കോശിയിലും ബിജു മേനോനൊപ്പം മത്സരിച്ച് അഭിനയിച്ച പൃഥ്വിരാജ് പ്രിയനടന് ആശംസയറിയിച്ചത് അയ്യപ്പനും കോശിയും സിനിമാ ലൊക്കേഷനിൽ നിന്നുള്ള ചിത്രത്തിനൊപ്പമാണ്. ‘ജന്മദിനാശംസകൾ ബിജു ചേട്ടാ..’ പൃഥ്വിരാജ് കുറിക്കുന്നു.

പിറന്നാൾ ആശംസകൾ അറിയിച്ചുകൊണ്ട് ബിജു മേനോന്റെ ചിത്രം പങ്കുവെച്ചിരിക്കുകയാണ് ഉണ്ണി മുകുന്ദനും, ജയസൂര്യയും. നയൻതാരയും ബിജു മേനോന് പിറന്നാൾ ആശംസിച്ചിട്ടുണ്ട്. അയ്യപ്പനും കോശിയും സിനിമയിൽ ബിജു മേനോന്റെ ഭാര്യയുടെ വേഷത്തിൽ എത്തിയ ഗൗരി നന്ദ ചിത്രത്തിലെ ഒരു ഡയലോഗിനൊപ്പമാണ് ആശംസ അറിയിച്ചിരിക്കുന്നത്. ‘കണ്ണമ്മ : അപ്പോൾ എങ്ങനെയാ ആഘോഷിക്കുവല്ലേ? … അയ്യപ്പൻ നായർ : നീ പറയുന്നത് കേട്ട് ഞാൻ എന്തെങ്കിലും ചെയ്യാറുണ്ടോ..ഇപ്പോ ഒരു കേക്ക് കൊണ്ട് വന്നാൽ ഞാൻ മുറിക്കാം’.

മഞ്ജു വാര്യർക്കൊപ്പം വർഷങ്ങൾക്ക് ശേഷം ബിജു മേനോൻ വേഷമിടുന്ന ലളിതം സുന്ദരം ടീമും താരത്തിന് ജന്മദിനം ആശംസിച്ചു. ബിജു മേനോന്റെ കുട്ടിക്കാല ചിത്രം പങ്കുവെച്ചാണ് മധു വാര്യർ ആശംസ അറിയിച്ചത്.

Story highlights- biju menon’s 50th birthday