നവതിയുടെ നിറവിൽ എംടി; ആശംസകൾ അറിയിച്ച് മമ്മുട്ടിയും മോഹൻലാലും

July 15, 2023

ജ്ഞാനപീഠ ജേതാവായ എംടി വാസുദേവൻ നായരുടെ 90-ാം പിറന്നാളാണ് ഇന്ന്. വള്ളുവനാടിന്റെ ലാളിത്യവും നൻമയുമുള്ള ഭാഷയുമായി മലയാള സാഹിത്യ ലോകത്തേക്ക് ചേക്കേറിയ എം ടിയുടെ മിക്ക കഥാപാത്രങ്ങളും നമുക്കൊപ്പം ജീവിക്കുന്നു. മലയാള ഭാഷയെയും മലയാളിയുടെ ഭാവനയെയും പരിപോഷിപ്പിച്ച തൊണ്ണൂറു വർഷങ്ങളാണ് കടന്നുപോയത്. (MT vasudevan nair 90th birthday)

ആസ്വാദകർക്ക് വായനയുടെ പുതു വാതായനങ്ങൾ തുറന്നിട്ട് ഭാഷയുടെ തറവാട്ട് മുറ്റത്ത് വിഹരിക്കുന്ന എം ടി ഇന്നും ഊർജസ്വലനാണ്. വായനക്കാർക്ക് അനുഭവിക്കാനായി ഭാഷ മൃദുവായ ചർമ്മം പോലെയാവണമെന്ന് ഉദ്ഘോഷിച്ച എം ടി ലളിത ഭാഷയുടെ പ്രായോക്താവും പ്രചാരകനുമായിരുന്നു. നവതി നിറവിൽ എംടിയ്ക്ക് ആശംസകൾ അറിയിച്ചിരിക്കുകയാണ് മലയാള സിനിമയുടെ പ്രിയ താരങ്ങളായ മോഹൻലാലും മമ്മൂട്ടിയും.

“നവതിയുടെ നിറവിൽ നിൽക്കുന്ന മലയാളത്തിൻ്റെ പ്രിയപ്പെട്ട എം.ടി സാറിന് ഹൃദയം നിറഞ്ഞ പിറന്നാൾ ആശംസകൾ,” എന്നാണ് ചിത്രത്തോടൊപ്പം പിറന്നാളാ ആശംസകൾ നേർന്നത്. സംവിധായകൻ പ്രിയദർശൻ, നടിമാരായ ദുർഗ്ഗ കൃഷ്ണ, സുരഭി എന്നിവരെ ചിത്രത്തിൽ കാണാം. “നവതി ആഘോഷിക്കുന്ന പ്രിയപ്പെട്ട എം.ടി സാറിന് ഹൃദയം നിറഞ്ഞ ആശംസകൾ” എന്നാണ് മമ്മുട്ടി കുറിച്ചത്.

Read Also: അച്ഛനും അമ്മയും ജീവിച്ചിരിക്കുമ്പോൾ തന്നെ അനാഥമന്ദിരത്തിൽ എത്തിപ്പെട്ടു; ഒരു ട്രെയിൻ യാത്രയിൽ മാറിമറിഞ്ഞ ജയസൂര്യയുടെ ജീവിതം- വിഡിയോ

ദാരിദ്ര്യം കാർന്ന് തിന്ന പുന്നയൂർകുളത്തേയും കൂടല്ലൂരെയും ബാല്യകാലമാണ് എംടിക്കുള്ളത്. വിക്ടോറിയ കോളജിന്റെ പൈതൃക മുറ്റത്തു നിന്നും രസതന്ത്രത്തിന്റെ ആദ്യ പാഠങ്ങൾ പഠിച്ച് അധ്യാപനത്തിന്റെ വഴി തെരഞ്ഞെടുത്തപ്പോളും സർഗാത്മകതയുടെ ലോകത്തോട് വല്ലാത്ത അഭിനിവേശമായിരുന്നു എംടിക്ക്. പത്രപ്രവർത്തനം എംടിക്ക് സാഹിത്യത്തോട് അടുക്കാനുള്ള മറ്റൊരു മാർഗമായിരുന്നു. എഴുത്തുകാരനായി ചുവടു വച്ച് പിന്നീട് ചലച്ചിത്ര മേഖലക്ക് എംടി നൽകിയ സംഭാവനകൾ വിലമതിക്കാനാവാത്തതാണ്.

കഥാപാത്രങ്ങളുടെ തെരെഞ്ഞെടുപ്പും സൃഷ്ടിയും എംടി നടത്തുന്നത് തികച്ചും അവിശ്വസനീയമായ രീതിയിലാണ്. തിരസ്‌കരിക്കപ്പെട്ടവരും, എല്ലാം നഷ്ടപ്പെടുന്നവരും എല്ലായ്‌പ്പോഴും ആ തൂലികക്ക് വിഷയമായി.

Story highlights – MT vasudevan nair’s 90th birthday