‘ആരോ വിരൽ മീട്ടി..’- അഭിനയത്തിനും സംവിധാനത്തിനും പുറമെ പാട്ടിലും ഒരു കൈ നോക്കി ഗൗതമി നായർ

സെക്കൻഡ് ഷോയിലൂടെയാണ് അരങ്ങേറ്റമെങ്കിലും ഡയമണ്ട് നെക്‌ളേസ്‌ എന്ന ലാൽ ജോസ് ചിത്രത്തിലെ തമിഴ് പെൺകൊടിയായാണ് ഗൗതമി നായരെ പ്രേക്ഷകർക്ക് പരിചയം. രാജേന്ദ്രൻ സംവിധാനം ചെയ്ത ചിത്രത്തിലൂടെ ദുൽഖർ സൽമാന്റെ ആദ്യ നായികയായി അരങ്ങേറ്റം കുറിച്ച നടിയാണ് ഗൗതമി നായർ. വളരെ കുറച്ച് ചിത്രങ്ങളിൽ മാത്രമാണ് വേഷമിട്ടതെങ്കിലും പ്രേക്ഷകരുടെ പ്രിയങ്കരിയാണ് നടി. അഭിനയത്തിൽ നിന്നും ഇടവേളയെടുത്ത് പഠനത്തിൽ കൂടുതൽ ശ്രദ്ധ ചെലുത്തിയ ഗൗതമി ഇപ്പോഴിതാ, സംവിധാന രംഗത്തേക്കും ചുവടുവയ്ക്കുകയാണ്. അഭിനേത്രി, സംവിധായിക എന്നതിന് പുറമെ ഗായിക കൂടിയായ ഗൗതമി ‘ആരോ വിരൽ മീട്ടി’ എന്ന ഗാനം ആലപിച്ച് ആരാധക ഹൃദയം കീഴടക്കുകയാണ്.

ഇത്ര നല്ല ഗായികയാണെന്ന് അറിഞ്ഞില്ലെന്നാണ് ആരാധകർ ഗൗതമിയുടെ പാട്ടിന് കമന്റ്റ് ചെയ്യുന്നത്. അതേസമയം, വൃത്തം എന്ന ചിത്രത്തിലൂടെയാണ് ഗൗതമി നായർ സംവിധാനം രംഗത്തേക്ക് കടക്കുന്നത്. ആദ്യ ചിത്രത്തിലെ സംവിധായകനായ ശ്രീനാഥ് രാജേന്ദ്രനെയാണ് ഗൗതമി വിവാഹം ചെയ്തത്. ഗൗതമി സംവിധാനം ചെയ്യുന്ന ചിത്രത്തിനും പിന്തുണയുമായി ശ്രീനാഥ്‌ ഒപ്പമുണ്ട്. വൃത്തമെന്ന സിനിമയിൽ സണ്ണി വെയ്‌നും, ദുർഗ കൃഷ്ണയുമാണ് നായികാനായകന്മാർ. തിരുവനന്തപുരത്ത് ചിത്രത്തിന്റെ ഏതാനും ഭാഗങ്ങൾ ചിത്രീകരിച്ച് കഴിഞ്ഞു.

അഭിനയത്തിനും സംവിധാനത്തിനും പുറമെ, എഴുത്തിലും മുദ്രപതിപ്പിക്കാനൊരുങ്ങുകയാണ് ഗൗതമി നായർ. സൈക്കോളജിയിൽ റാങ്ക് ഹോൾഡറായ ഗൗതമി മാനസിക ആരോഗ്യത്തെക്കുറിച്ചും, സയൻസ്, ദൈനംദിന കാര്യങ്ങൾ എന്നിവയെപ്പറ്റി ഉപകാരപ്രദമായ ബ്ലോഗുകൾ എഴുതുന്നുണ്ട്. സിനിമയിലും എഴുത്തിലും ഒരുപോലെ സജീവമാകാനൊരുങ്ങുകയാണ് താരം.

Story highlights- gouthami nair singing