ഇന്ത്യയിലും യുഎഇയിലും നെറ്റ്ഫ്ലിക്സ് ട്രെൻഡിങ്ങിൽ ഒന്നാം സ്ഥാനത്ത് ‘മണിയറയിലെ അശോകൻ’; സന്തോഷം പങ്കുവെച്ച് ദുൽഖർ സൽമാൻ

തിരുവോണ ദിനത്തിൽ നെറ്റ്ഫ്ലിക്സിലാണ് ദുൽഖർ സൽമാന്റെ പ്രൊഡക്ഷനിലൊരുങ്ങിയ മണിയറയിലെ അശോകൻ പ്രദർശനത്തിനെത്തിയത്. ആറുമാസക്കാലമായി തിയേറ്റർ റിലീസുകൾ മുടങ്ങിക്കിടക്കുന്ന സാഹചര്യത്തിൽ ഓൺലൈൻ റിലീസുകൾക്ക് വൻ സ്വീകാര്യതയാണ് ലഭിക്കുന്നത്. പ്രദർശനത്തിനെത്തി രണ്ടു ദിവസം പിന്നിടുമ്പോൾ മറ്റൊരു നേട്ടത്തിന്റെ സന്തോഷം പങ്കുവയ്ക്കുകയാണ് ദുൽഖർ സൽമാൻ.

മണിയറയിലെ അശോകൻ ഇന്ത്യയിലെയും യുഎഇയിലെയും ടോപ് ടെൻ ലിസ്റ്റിൽ ഒന്നാം സ്ഥാനത്ത് എത്തിയിരിക്കുകയാണ്. വേഫെയറര്‍ ഫിലിംസിന്റെ ബാനറിൽ ദുൽഖർ സൽമാൻ നിർമിച്ച മണിയറയിലെ അശോകനിൽ ജേക്കബ് ഗ്രിഗറിയാണ് നായകനായത്. ദുൽഖർ തന്നെയാണ് ചിത്രത്തിന്റെ നേട്ടത്തെക്കുറിച്ച് പങ്കുവെച്ചത്. ആദ്യമായി നെറ്റ്ഫ്ലിക്സ് നേരിട്ട് റിലീസ് ചെയ്യുന്ന ചിത്രമെന്ന ഖ്യാതിയോടെയാണ് മണിയറയിലെ അശോകൻ പ്രദർശനത്തിന് എത്തിയത്.

നാട്ടിൻപുറത്തുകാരനായ അശോകന്റെ പ്രണയവും വിവാഹവുമൊക്കെയാണ് മണിയറയിലെ അശോകൻ പങ്കുവയ്ക്കുന്നത്. ഗ്രിഗറിയുടെ നായികമാരായി നിരവധി താരങ്ങളാണ് എത്തുന്നത്. ശ്യാമ എന്ന കഥാപാത്രമായാണ് അനുപമ ചിത്രത്തിൽ വേഷമിടുന്നത്. ചിത്രത്തിന്റെ അസിസ്റ്റന്റ് ഡയറക്ടർ കൂടിയാണ് അനുപമ പരമേശ്വരൻ. അനുപമയെ കൂടാതെ അനുസിത്താരയും ചിത്രത്തിൽ വേഷമിടുന്നു.

ഷൈൻ ടോം ചാക്കോ, കൃഷ്ണ ശങ്കർ, വിജയരാഘവൻ,ഇന്ദ്രൻസ്, സുധീഷ്, ശ്രീലക്ഷ്മി, നയന, ശ്രിത ശിവദാസ്, തുടങ്ങി ഒട്ടേറെ താരങ്ങൾ ‘മണിയറയിലെ അശോകനി’ൽ അണിനിരക്കുന്നുണ്ട്. ചിത്രത്തിന്റെ ഛായാഗ്രഹകനായ സജദ് കക്കു, സ്‌ക്രിപ്റ്റ് എഴുതിയ വിനീത് കൃഷ്ണന്‍, മഗേഷ് ബോജി, സംഗീത സംവിധായകന്‍ ശ്രീഹരി കെ നായര്‍, സ്റ്റില്‍ ഫോട്ടോഗ്രാഫര്‍ ഷുഹൈബ് എന്നിവരും പുതുമുഖങ്ങളാണ്.

Story highlights- maniyarayile ashokan Trending No 1 on Netflix Indian Films