‘പാട്ടുപെട്ടിക്കാരാ…’; ദുനിയാവിന്റെ ഒരറ്റത്ത് നിന്നും സുധികോപ്പ കൂട്ടിന് ശ്രീനാഥ് ഭാസിയും

Pattupettikara Song Duniyavinte Orattath

മികവാര്‍ന്ന അഭിനയത്തിലൂടെ പ്രേക്ഷക സ്വീകാര്യത നേടിയ ചലച്ചിത്ര താരങ്ങളാണ് ശ്രീനാഥ് ഭാസിയും സുധി കോപ്പയും. ഇരുവരും കേന്ദ്ര കഥാപാത്രങ്ങളായെത്തുന്ന പുതിയ ചിത്രം ഒരുങ്ങുന്നു. ദുനിയാവിന്റെ ഒരറ്റത്ത് എന്നാണ് സിനിമയുടെ പേര്.

ടോം ഇമ്മട്ടിയാണ് ചിത്രത്തിന്റെ സംവിധാനം. സഫീര്‍ റുമാനിയും പ്രശാന്ത് മുരളിയും ചേര്‍ന്ന് രചന നിര്‍വഹിക്കുന്നു. മനേഷ് മാധവനാണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിര്‍വഹിക്കുന്നത്. സ്റ്റോറീസ് ആന്‍ഡ് തോട്ട്സ് പ്രൊഡക്ഷന്റെ ബാനറില്‍ ലിന്റോ തോമസും പ്രിന്‍സ് ഹുസൈനും ചേര്‍ന്നാണ് നിര്‍മാണം. കാറ്റലിസ്റ്റ് എന്റര്‍ടെയ്ന്‍മെന്റ് പ്രൈവറ്റ് ലിമിറ്റഡും നിര്‍മാണത്തില്‍ പങ്കാളിയാകുന്നുണ്ട്.

ചിത്രത്തിലെ മനോഹരമായ ഒരു ഗാനത്തിന്റെ ലിറിക്കല്‍ വീഡിയോ പുറത്തെത്തി. പാട്ടുപെട്ടിക്കാര എന്നു തുടങ്ങുന്ന ഗാനമാണ് പുറത്തെത്തിയിരിക്കുന്നത്. സുധി കോപ്പയെ ഗാനരംഗത്ത് കാണാം. രാജീവ് ഗോവിന്ദന്റേതാണ് ഗാനത്തിലെ വരികള്‍. ഇന്ദുലേഖ വാര്യരാണ് ഈണം പകര്‍ന്നിരിക്കുന്നതും ഗാനം ആലപിച്ചിരിക്കുന്നതും.

അതേസമയം ശ്രീനാഥ് ഭാസിയും സുധി കോപ്പയും പ്രധാന കഥാപാത്രങ്ങളായെത്തുന്നതിനാല്‍ പ്രേക്ഷക പ്രതീക്ഷയും ചിത്രത്തിന് ആവോളമാണ്. 2012- ല്‍ പുറത്തിറങ്ങിയ പ്രണയം എന്ന ചിത്രത്തിലൂടെയായിരുന്നു ശ്രീനാഥ് ഭാസിയുടെ ചലച്ചിത്ര പ്രവേശനം. തുടര്‍ന്ന് ഉസ്താദ് ഹോട്ടല്‍, ടാ തടിയാ, ഹണീ ബീ, വൈറസ്, ഇബ്ലീസ്, ഹാപ്പി സര്‍ദാര്‍, ട്രാന്‍സ്, അഞ്ചാം പാതിരാ, കപ്പേള, തുടങ്ങി നിരവധി ചിത്രങ്ങളില്‍ അഭിനയിച്ചു. ഓരോ ചിത്രത്തിലേയും കഥാപാത്രങ്ങളെ ശ്രീനാഥ് ഭാസി അവിസ്മരണീയമാക്കാറുണ്ട്.

മോഹന്‍ലാല്‍ നായകനായെത്തിയ സാഗര്‍ ഏലിയാസ് ജാക്കി എന്ന ചിത്രത്തിലൂടെയായിരുന്നു സുധി കോപ്പയുടെ സിനിമാ രംഗത്തേക്കുള്ള അരങ്ങേറ്റം. 2009-ലാണ് ഈ ചിത്രം തിയേറ്ററുകളിലെത്തിയത്. തുടര്‍ന്ന് സീനിയേഴ്സ്, ആമേന്‍, ആട്, ഡാര്‍വിന്റെ പരിണാമം, അനുരാഗ കരിക്കിന്‍ വെള്ളം, ജോസഫ്, ഉണ്ട, പൊറിഞ്ചു മറിയം ജോസ്, വികൃതി, തുടങ്ങി നിരവധി ചിത്രങ്ങളില്‍ താരം ശ്രദ്ധേയനായി.

Story highlights: Pattupettikara Song Duniyavinte Orattath