സിനിമയിലെ തന്റെ ജന്മദിനം; ആദ്യ ചിത്രത്തിന്റെ ഓർമയിൽ റഹ്മാൻ

October 22, 2020

ഒരുകാലത്ത് മലയാള സിനിമയിൽ തിളങ്ങിനിന്ന നായകനാണ് റഹ്മാൻ. ‘കൂടെവിടെ’ എന്ന പത്മരാജൻ ചിത്രത്തിലൂടെ വെള്ളിത്തിരയിൽ അരങ്ങേറ്റം കുറിച്ച താരമിപ്പോൾ തെന്നിന്ത്യയിലെ സജീവ സാന്നിധ്യമാണ്. ഇപ്പോഴിതാ ചിത്രം തിയേറ്ററിൽ എത്തി 37 വർഷങ്ങൾ പിന്നിടുമ്പോൾ ആദ്യ ചിത്രത്തിന്റെ ഓർമ്മകൾ പങ്കുവയ്ക്കുകയാണ് റഹ്മാൻ.

കൂടെവിടെയിലെ രവി പൂത്തൂരാൻ എന്ന കൗമാരക്കാരന്റെ വേഷത്തോടെയാണ് മലയാളത്തിൽ റഹ്മാൻ തന്റെ സ്ഥാനം ഉറപ്പിക്കുന്നത്. 1983 ലാണ് ചിത്രം റിലീസ് ചെയ്‌തത്‌. ചിത്രത്തിൽ മമ്മൂട്ടി, സുഹാസിനി എന്നിവര്‍ക്കൊപ്പം കേന്ദ്ര കഥാപാത്രത്തെയാണ് റഹ്മാന്‍ അവതരിപ്പിച്ചത്. ആ വർഷത്തെ ഏറ്റവും മികച്ച സഹനടനുള്ള സംസ്ഥാന സർക്കാർ പുരസ്കാരവും രവി പുത്തൂരാനിലൂടെ റഹ്മാൻ നേടിയിരുന്നു.

https://www.facebook.com/rahmanthestar/posts/10158624502186250

വാസന്തിയുടെ മൂൺഗിൽ പൂക്കൾ എന്ന തമിഴ് നോവലിനെ ആസ്പദമാക്കിയാണ് പത്മരാജൻ ഈ ചിത്രത്തിന്റെ തിരക്കഥ രചിച്ചത്. ഊട്ടിയിലെ ഒരു ബോര്‍ഡിംഗ് സ്‌കൂളിന്റെ പശ്ചാത്തലത്തിലൊരുങ്ങിയ ചിത്രത്തില്‍ ആലീസ് എന്ന അധ്യാപികയുടെ വേഷത്തില്‍ സുഹാസിനിയും ആലീസിന്റെ ക്ലാസിലെ വികൃതിക്കാരനായ വിദ്യാര്‍ഥിയായ രവി പുത്തൂരനായി റഹ്മാനും ചിത്രത്തിൽ വേഷമിടുന്നത്.  ആലീസിന്റെ കാമുകനായ ക്യാപ്റ്റൻ തോമസിനെയാണ് ചിത്രത്തിൽ മമ്മൂട്ടി അവതരിപ്പിക്കുന്നത്.

പി. പത്മരാജൻ രചനയും സംവിധാനവും നിർവഹിച്ച ചിത്രത്തിലെ ഒഎന്‍വി-ജോണ്‍സന്‍ മാഷ് കൂട്ടുകെട്ടില്‍ ജാനകിയമ്മ ആലപിച്ച ‘ആടി വാ കാറ്റെ’ എന്ന ഗാനവും എക്കാലത്തെയും സൂപ്പർഹിറ്റ് ഗാനങ്ങളിൽ ഒന്നാണ്.

Read also:ജൂനിയർ ആർട്ടിസ്റ്റിൽ നിന്നും മികച്ച നടനിലേക്ക്; പിറന്നാൾ നിറവിൽ മലയാളികളുടെ ഇഷ്ടതാരം

എൺപതുകളിൽ മലയാള സിനിമയിലെ സൂപ്പർതാരങ്ങളിൽ ഒരാളായിരുന്നു റഹ്മാൻ. തമിഴ്, തെലുങ്ക് ഭാഷകളിലേക്ക് ചുവടുമാറിയതോടെ മലയാളത്തിൽ ഇടവേള വന്നു. നൂറ്റമ്പതിലേറെ ചിത്രങ്ങളിൽ നായക-ഉപനായക വേഷങ്ങൾ ചെയ്തു.

Story Highlights: 37-years of rahmans koodevide