‘ആരെങ്കിലും മേരിയെയും മലരിനെയും ഓർക്കുന്നുണ്ടോ?’-സായ് പല്ലവിക്കൊപ്പമുള്ള ചിത്രം പങ്കുവെച്ച് അനുപമ പരമേശ്വരൻ

മലയാള സിനിമയിൽ ബ്ലോക്ക് ബസ്റ്റർ ഹിറ്റായ ചിത്രമാണ് പ്രേമം. അൽഫോൻസ് പുത്രൻ സംവിധാനം ചെയ്ത സിനിമയിലൂടെ മൂന്നു നായികമാരാണ് മലയാള സിനിമയിലേക്ക് എത്തിയത്. മലർ മിസ് എന്ന കഥാപാത്രത്തിലൂടെ സായ് പല്ലവിയും മേരിയുടെ അനുപമയും സെലിനിലൂടെ മഡോണയും മലയാള ഹൃദയങ്ങളിൽ ചേക്കേറി. മൂന്നുപേരും മലയാളത്തിന് പുറമെ മറ്റു ഭാഷകളിലാണ് തിളങ്ങിയത്.

പ്രേമം റിലീസ് ചെയ്ത് അഞ്ചുവർഷങ്ങൾ പിന്നിടുമ്പോൾ സായ് പല്ലവിക്കൊപ്പമുള്ള ഒരു ചിത്രം പങ്കുവയ്ക്കുകയാണ് അനുപമ പരമേശ്വരൻ. ‘ആരെങ്കിലും മേരിയെയും മലരിനെയും ഓർക്കുന്നുണ്ടോ?’ എന്ന കുറിപ്പിനൊപ്പമാണ് നടി ചിത്രം പങ്കുവെച്ചിരിക്കുന്നത്. ‘അന്നും ഇന്നും എന്നെന്നേക്കും നിങ്ങളെ സ്നേഹിക്കുന്നു.. എന്നും ആരാധിക്കുന്നു’ എന്നും സായ് പല്ലവിക്കൊപ്പമുള്ള ചിത്രത്തിനൊപ്പം നടി കുറിക്കുന്നു. തെന്നിന്ത്യൻ സിനിമകളിൽ മുൻനിര നായികമാരായ ഇവർ വീണ്ടും ഒന്നിക്കുകയാണോ എന്ന് കമന്റുകളിലൂടെ ആരാധകർ ആരായുന്നുണ്ട്.

അതേസമയം, ചിത്രത്തിന് കമന്റുമായി സായ് പല്ലവിയുമെത്തി. ഒരുപാട് സ്നേഹം എന്നാണ് സായ് പല്ലവി കുറിച്ചിരിക്കുന്നത്. ചിത്രത്തിൽ പ്രധാന വേഷത്തിൽ എത്തിയ ശബരീഷ് വർമ്മയും കമന്റ് ചെയ്തിട്ടുണ്ട്. അനുപാമയുടെ ചോദ്യത്തിന് മറുപടിയായി ഞാൻ ഓർക്കുന്നുണ്ട് എന്നാണ് നടൻ കുറിച്ചിരിക്കുന്നത്.

മലയാളികൾക്ക് പുതിയൊരു പ്രണയാനുഭവം സമ്മാനിച്ച ചിത്രമാണ് അൽഫോൺസ് പുത്രൻ ഒരുക്കിയ ‘പ്രേമം’. സൂപ്പർ താരങ്ങളില്ലാതെ, പുതുമുഖങ്ങൾ അണിനിരന്ന ചിത്രം ബോക്സ് ഓഫീസിൽ മികച്ച വിജയമാണ് നേടിയത്. 

മൂന്നു കാലഘട്ടങ്ങളിലൂടെ ജോർജിന്റെ പ്രണയകാലം പറഞ്ഞ ചിത്രത്തിൽ നായികമാർ വളരെയധികം ശ്രദ്ധിക്കപ്പെട്ടു. സായ് പല്ലവിയുടെ ആദ്യ ചിത്രമായിരുന്നു ‘പ്രേമം’. ഇന്നും ചിത്രത്തിലെ മലർ മിസ്സെന്ന പേരിലാണ് സായ് പല്ലവി അറിയപ്പെടുന്നത്. നിരവധി ഭാഷകളിലേക്ക് ‘പ്രേമം’ റീമേക്ക് ചെയ്തിരുന്നു. നിവിൻ പോളി, ഷറഫുദ്ധീൻ, സിജു വിൽസൺ തുടങ്ങിയവർക്ക് ആരാധകരെ ലഭിച്ചതും ‘പ്രേമ’ത്തിലൂടെയാണ്.

Story highlights- Anupama parameswaran’s Instagram post