അർജുനും സംയുക്തയ്ക്കുമൊപ്പം ഷൈൻ ടോം ചാക്കോയും; ‘വൂൾഫ്’ ചിത്രീകരണം ആരംഭിച്ചു

അർജുൻ അശോകനെ നായകനാക്കി ഷാജി അസീസ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ഒരുങ്ങുന്നു. വൂൾഫ് എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിൽ നായികയായി എത്തുന്നത് സംയുക്ത മേനോൻ ആണ്. ഷൈന്‍ ടോം ചാക്കോ, ഇര്‍ഷാദ്, ജാഫര്‍ ഇടുക്കി എന്നിവരും ചിത്രത്തിൽ മുഖ്യ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. ദാമർ സിനിമയുടെ ബാനറിൽ സന്തോഷ് ദാമോദരൻ നിർമിക്കുന്ന ചിത്രത്തിന്റെ രചന നിർവഹിച്ചിരിക്കുന്നത് ജി.ആര്‍. ഇന്ദുഗോപനാണ്.

കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ട് സിനിമയുടെ ചിത്രീകരണം ഇന്ന് ആരംഭിക്കും. ഷാജി അസീസിന്റെ മൂന്നാമത്തെ ചിത്രമാണ് വൂള്‍ഫ്. ചിത്രത്തിൽ രഞ്ജിന്‍ രാജാണ് സംഗീത സംവിധായകൻ.

അർജുൻ അശോകനെ നായകനാക്കി അണിയറയിൽ ഒരുങ്ങുന്ന ചിത്രമാണ് ‘മെമ്പർ രമേശൻ 9-ാം വാർഡ്’. ആൻറോ ജോസ് പെരിയ, എബി ട്രീസ പോൾ എന്നിവർ ചേർന്നാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ബോബൻ ആൻഡ് മോളി പ്രൊഡക്ഷന്റെ ബാനറിലാണ് ചിത്രം നിർമിക്കുന്നത്. ചെമ്പൻ വിനോദ്, ഇന്ദ്രൻസ്, ശബരീഷ് വർമ്മ, സാബുമോൻ എന്നിവരും ചിത്രത്തിൽ മുഖ്യകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്.

ടിനു പാപ്പച്ചൻ ഒരുക്കുന്ന ‘അജഗജാന്തരം’ എന്ന ചിത്രത്തിലും അർജുൻ മുഖ്യകഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. ചിത്രത്തിന്റെ തിരക്കഥ ഒരുക്കുന്നത് കിച്ചു ടെല്ലസും വിനീത് വിശ്വവും ചേർന്നാണ്. സിൽവർ ബേ സ്റ്റുഡിയോസിന്റെ ബാനറിൽ ഇമ്മാനുവേൽ ജോസഫും അജിത് തലപ്പിള്ളിയും ചേർന്ന് നിർമിക്കുന്ന ചിത്രത്തിൽ ആന്റണി വർഗീസ്, അർജുൻ അശോകൻ എന്നിവർക്ക് പുറമെ ചെമ്പൻ വിനോദ്, സാബുമോൻ, സുധി കോപ്പ, ലുക്ക്‌ മാൻ, ജാഫർ ഇടുക്കി, കിച്ചു ടെല്ലസ്, സിനോജ് വര്‍ഗീസ്, വിനീത് വിശ്വം, ബിറ്റോ ഡേവിസ്, രാജേഷ് ശർമ്മ, ടിറ്റോ വിൽ‌സൺ, വിജ്‌ലീഷ് എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. 

‘പറവ’യിലെ ക്രിക്കറ്റ് ഭ്രാന്തനായ കഥാപാത്രത്തിലൂടെയാണ് അര്‍ജുന്‍ ഏറെ ശ്രദ്ധിക്കപ്പെട്ടത്. ഫഹദ് ഫാസിലിന്റെ ‘വരത്തനി’ല്‍ വില്ലന്‍ വേഷത്തിലൂടെയും അര്‍ജുന്‍ ശ്രദ്ധേയനായി. ആസിഫ് അലി നായകനായ ‘മന്ദാര’ത്തിലും പ്രധാന വേഷത്തില്‍ അര്‍ജുന്‍ എത്തിയിരുന്നു. മമ്മൂട്ടി നായകനായി എത്തിയ ‘ഉണ്ട’, രജിഷ വിജയൻ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ച ‘ജൂൺ’ എന്നീ ചിത്രങ്ങളിലും താരം മുഖ്യകഥാപാത്രങ്ങളെ അവതരിപ്പിച്ചിരുന്നു. 

വെള്ളിത്തിരയിലൂടെ പ്രേക്ഷകരെ ഏറെ പൊട്ടിചിരിപ്പിച്ച ഹരിശ്രീ അശോകന്റെ മകനാണ് അർജുൻ അശോകൻ. അച്ഛനെ പോലെത്തന്നെ നിരവധി ആരാധകരുണ്ട് അർജുനും. കുറഞ്ഞ കാലയളവുകൊണ്ട് നിരവധി ആരാധകരെ നേടിയെടുത്തു കഴിഞ്ഞു താരം.

Story Highlights: Arjun Ashokan shaji azeez movie woolf starting today