‘നെഞ്ചോട് ചേർത്ത് നിവിൻ പോളിക്ക്’; പ്രിയതാരത്തിന് പിറന്നാൾ സമ്മാനമായി കവർ ഗാനമൊരുക്കി ഒരുകൂട്ടം കലാകാരന്മാർ

ഒക്ടോബർ 11ന് ജന്മദിനമാഘോഷിക്കാനൊരുങ്ങുകയാണ് മലയാളികളുടെ പ്രിയനടൻ നിവിൻ പോളി. മലർവാടി ആർട്സ് ക്ലബ്ബിലൂടെ അഭിനയലോകത്തേക്ക് അരങ്ങേറ്റം കുറിച്ച നിവിൻ പോളി സിനിമയിലേക്കെത്തിയിട്ട് പത്തുവർഷം തികയുകയാണ്. പത്താം വാർഷികത്തിൽ നിവിന്റെ ജന്മദിനം കൂടുതൽ സ്പെഷ്യലാക്കുകയാണ് ആരാധകർ. ഇപ്പോഴിതാ, നിവിന് ജന്മദിന സമ്മാനമായി ഒരു കവർ സോംഗ് ഒരുക്കിയിരിക്കുകയാണ് ഒരുകൂട്ടം കാലാകാരന്മാർ.

‘നെഞ്ചോട് ചേർത്ത് നിവിൻ പോളിക്ക്’ എന്ന പേരിൽ ‘തട്ടത്തിൻ മറയത്ത്’ എന്ന ചിത്രത്തിലെ അനുരാഗത്തിൽ വേളയിൽ എന്ന ഗാനത്തിനാണ് കവർ ഒരുക്കിയിരിക്കുന്നത്. അഖിൽ പറക്കാടനും കൃഷ്ണകുമാറും ചേർന്നാണ് ഗാനത്തിന് കവർ വേർഷൻ ഒരുക്കിയിരിക്കുന്നത്. പാടിയിരിക്കുന്നത് ദേവിദാസ് ബാലചന്ദ്രനാണ്. കവർ ഗാനത്തിന്റെ ഡിഓപിയും സംവിധാനവും ടിന്റോ ജോണാണ്. ബെയ്‌സി അനീഷും കൃഷ്ണകുമാറും ചേർന്നാണ് നിർമ്മിച്ചിരിക്കുന്നത്.

പ്രോഗ്രാമിംഗും മിക്സിംഗും വിഷ്ണു പ്രസാദ് നിർവഹിച്ചിരിക്കുന്നു. നന്ദു ദിലീപാണ് വയലിൻ. എഡിറ്റിംഗും ഗ്രേഡിംഗും- റെജിൻ സി ആർ, കല- അജിത് വി.കെ, അജാൻ ഷാജി, അസിസ്റ്റന്റ് ക്യാമറ- ബിനു പി മാധവൻ. അമൽ സാബു, ആനന്ദ് ബാബു, സൂരജ് സതീഷ് എന്നിവരാണ് സംവിധാന സഹായികൾ.

2012ൽ റിലീസ് ചെയ്ത ‘തട്ടത്തിൻ മറയത്തി’ലെ ഹിറ്റ് ഗാനമാണ് ‘അനുരാഗത്തിൻ വേളയിൽ’. നിവിൻ പോളിയെ ജനപ്രിയനാക്കിയ ചിത്രവും ഗാനവുമായിരുന്നു ഇത്. അനു എലിസബത്ത് ജോസും വിനീത് ശ്രീനിവാസനും ചന്ദ്രശേഖരൻ എങ്ങണ്ടിയൂരും ചേർന്ന് രചിച്ച ഗാനത്തിന് ഷാൻ റഹ്മാനാണ് സംഗീതം പകർന്നിരിക്കുന്നത്. വിനീത് ശ്രീനിവാസനാണ് ആലപിച്ചിരിക്കുന്നത്.

Story highlights- Artists compose cover song for Nivin Pauly