സിനിമാ പ്രേമികളുടെ പ്രിയനടിയാണ് ഖുശ്‌ബു. തമിഴിന് പുറമെ മലയാളത്തിലും ശ്രദ്ധേയമായ വേഷങ്ങൾ ഖുശ്‌ബു അവതരിപ്പിച്ചിട്ടുണ്ട്. സമൂഹമാധ്യമങ്ങളിലും സജീവമായ താരം,കുടുംബ വിശേഷങ്ങളും, സൗന്ദര്യ സംരക്ഷണ കൂട്ടുകളുമെല്ലാം ആരാധകർക്കായി പങ്കുവയ്ക്കാറുണ്ട്. ഇപ്പോൾ ഭർത്താവും നടനും സംവിധായകനുമായ സുന്ദറിനൊപ്പമുള്ള ഒരു ചിത്രം പങ്കുവയ്ക്കുകയാണ് ഖുശ്‌ബു. മനോഹരമായൊരു കുറിപ്പും ചിത്രത്തിനൊപ്പമുണ്ട്.
‘എന്റെ എല്ലാമെല്ലാം..നിങ്ങളില്ലായിരുന്നുവെങ്കിൽ എന്റെ ജീവിതം എത്ര അർത്ഥശൂന്യമായേനെ’- ഖുശ്‌ബു കുറിക്കുന്നു. ജീവിതത്തിൽ സംഭവിച്ച ഏറ്റവും മികച്ച കാര്യം സുന്ദറാണെന്ന് ഖുശ്‌ബു പലപ്പോഴും പങ്കുവെച്ചിട്ടുണ്ട്. സുഹൃത്തുക്കൾക്കൊപ്പമുള്ള ചിത്രങ്ങളും വിശേഷങ്ങളുമാണ് ഖുശ്‌ബു അധികവും പങ്കുവയ്ക്കാറുള്ളത്. അതുകൊണ്ട് തന്നെ സുന്ദറിനൊപ്പമുള്ള ചിത്രങ്ങൾ ആരാധകർ ഏറ്റെടുക്കാറുണ്ട്.
അടുത്തിടെ അൻപതാം പിറന്നാൾ ആഘോഷിച്ച ഖുശ്ബുവിന്റെ ചിത്രങ്ങൾ ശ്രദ്ധ നേടിയിരുന്നു. സുഹൃത്തുക്കളെല്ലാം താരത്തിന് ഹൃദ്യമായ ആശംസയും അറിയിച്ചിരുന്നു. അതേസമയം, ലോക്ക് ഡൗൺ ദിനങ്ങളിൽ സിനിമാതിരക്കിൽ നിന്നും ഇടവേളയെടുത്ത് സൗന്ദര്യ സംരക്ഷണത്തിനായി സമയം മാറ്റിവയ്ക്കുകയാണ് ഖുശ്‌ബു.
1980 കളിൽ ഒരു ബാലതാരമായിട്ടാണ് ഖുശ്ബു അഭിനയ ജീവിതം തുടങ്ങിയത്. ‘തോടിസി ബേവഫായി’ എന്ന ചിത്രത്തിലാണ് ആദ്യമായി വേഷമിട്ടത്. ലാവാരിസ് എന്ന ചിത്രത്തിൽ ഒരു പ്രധാന വേഷം ചെയ്തതോടെ ഖുശ്‌ബു ശ്രദ്ധിക്കപ്പെട്ടു.
രജനികാന്ത്, കമലഹാസൻ, സത്യരാജ്,പ്രഭു,സുരേഷ്‌ഗോപി,മോഹൻലാൽ,മമ്മൂട്ടി,ജയറാം,ദിലീപ്, എന്നിവരോടൊപ്പമെല്ലാം ഖുശ്‌ബു വേഷമിട്ടിരുന്നു. തമിഴിലും മലയാളത്തിലും കന്നടയിലും സജീവമാണ് ഖുശ്‌ബു. മലയാളത്തിൽ മിസ്റ്റർ മരുമകൻ എന്ന ചിത്രത്തിലാണ് ഏറ്റവും ഒടുവിൽ അഭിനയിച്ചത്.
Story highlights- khushbu about sundar