നടൻ ഉണ്ണി മുകുന്ദന്റെ സ്വപ്ന പദ്ധതിയാണ് ‘മേപ്പടിയാൻ’. ചിത്രത്തിൽ നായകവേഷം കൈകാര്യം ചെയ്യുന്നതിന് പുറമെ അദ്ദേഹത്തിന്റെ കന്നി നിർമ്മാണ സംരംഭം കൂടിയാണിത്. ഉണ്ണി മുകുന്ദൻ ഫിലിംസ് പ്രൈവറ്റ് ലിമിറ്റഡാണ് ചിത്രം നിർമിക്കുന്നത്. ഷൂട്ടിംഗ് ആരംഭിച്ചതോടെ ആവേശത്തിലാണ് ഉണ്ണി മുകുന്ദൻ. എല്ലാ അഭിനേതാക്കളും ക്രൂ അംഗങ്ങളും ഷൂട്ടിംഗിൽ ചേരുന്നതിന് മുമ്പ് കൊവിഡ് ടെസ്റ്റ് നടത്തിയിരുന്നു.
ഇപ്പോഴിതാ, ഷൂട്ടിംഗിനിടയ്ക്കുള്ള വിശേഷങ്ങളുമായി വീഡിയോ പങ്കുവെച്ചിരിക്കുകയാണ് ഉണ്ണി മുകുന്ദൻ. മെക്കാനിക്കായ ജയകൃഷ്ണൻ എന്ന സാധാരണക്കാരനായിട്ടാണ് ഉണ്ണി മുകുന്ദൻ മേപ്പടിയാനിൽ അഭിനയിക്കുന്നത്. ഈ കഥാപാത്രത്തിനായി 15 കിലോ ഭാരം വർധിപ്പിച്ചിരുന്നു ഉണ്ണി മുകുന്ദൻ.
ഇന്ദ്രൻസ്, സൈജു കുറുപ്പ്, അജു വർഗീസ്, അഞ്ജു കുര്യൻ എന്നിവർ ചിത്രത്തിലെ ചില പ്രധാന വേഷങ്ങൾ അവതരിപ്പിക്കുന്നു. വിജയ് ബാബു, കലാഭവൻ ഷാജോൺ, അപർണ ജനാർദ്ദനൻ, നിഷ സാരംഗ്, കുണ്ടറ ജോണി, മേജർ രവി, ശ്രീജിത്ത് രവി, കോട്ടയം രമേഷ്, പോളി വിൽസൺ, കൃഷ്ണ പ്രസാദ്, മനോഹരി അമ്മ എന്നിവരും ചിത്രത്തിൽ വേഷമിടുന്നുണ്ട്.
Read More: മൂന്നു ചിത്രങ്ങൾ, ഒരു ഭാഷ, ഒരേയൊരു ഉർവ്വശി- ഒടിടി റിലീസുകളിൽ താരമായി പ്രിയനടി
വിഷ്ണു മോഹനാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ഷമീർ മുഹമ്മദ് എഡിറ്ററും സാബു മോഹൻ കലാസംവിധായകനുമായി പ്രവർത്തിക്കുന്നു. രാഹുൽ സുബ്രഹ്മണ്യൻ ചിത്രത്തിന് സംഗീതം നൽകും.
Story highlights- meppadiyan location video