സംസ്ഥാന ചലച്ചിത്ര പുരസ്കാര ജേതാക്കൾക്ക് അഭിനന്ദനങ്ങളറിയിച്ച് മമ്മൂട്ടിയും മോഹൻലാലും

കേരള സംസ്ഥാന ചലച്ചിത്ര പുരസ്‌കാര ജേതാക്കൾക്ക് അഭിനന്ദനമറിയിച്ച് അഭിനേതാക്കളായ മമ്മൂട്ടിയും മോഹൻലാലും. ‘കേരള സംസ്ഥാന ചലച്ചിത്ര അവാർഡ് ജേതാക്കളായ സുരാജ് വെഞ്ഞാറമൂട്, കനി കുസൃതി, ലിജോ ജോസ് പെല്ലിശ്ശേരി എന്നിവർക്കും മറ്റ് ജേതാക്കൾക്കും ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ. ഇനിയും നിരവധി അംഗീകാരങ്ങൾ ലഭിക്കാൻ ആശംസകൾ നേരുന്നു’- മോഹൻലാൽ കുറിക്കുന്നു.

‘സംസ്ഥാന ചലച്ചിത്ര പുരസ്കാര ജേതാക്കൾക്ക് അഭിനന്ദനങ്ങൾ’ എന്നാണ് മമ്മൂട്ടി കുറിച്ചിരിക്കുന്നത്. മമ്മൂട്ടിക്കും മോഹൻലാലിനും പുറമെ നിരവധി താരങ്ങൾ പുരസ്‌കാര ജേതാക്കൾക്ക് അഭിനന്ദനം അറിയിച്ചു. ലോക്ക് ഡൗൺ പ്രതിസന്ധി സൃഷ്ടിച്ചതിനാൽ അൻപതാമത് പുരസ്‌കാര പ്രഖ്യാപനം വൈകിയാണ് നടന്നത്. ഈ വർഷം 119 ചിത്രങ്ങളാണ് പുരസ്‌കാര നിർണയത്തിൽ മാറ്റുരയ്ക്കാനുണ്ടായിരുന്നത്. മോഹൻലാലിന്റേയും ബിഗ് ബജറ്റ് ചിത്രങ്ങളായ മാമാങ്കം, മരക്കാർ; അറബിക്കടലിന്റെ സിംഹം തുടങ്ങിയ ചിത്രങ്ങളും മത്സരിച്ചിരുന്നു.

മികച്ച നടനായി സുരാജ് വെഞ്ഞാറമൂടിനെയും, മികച്ച നടിയായി ബിരിയാണി എന്ന സിനിമയിലെ അഭിനയത്തിന് കനി കുസൃതിയെയും തിരഞ്ഞെടുത്തു. ലിജോ ജോസ് പെല്ലിശ്ശേരി ജെല്ലിക്കെട്ടിലൂടെ മികച്ച സംവിധായകനായും ഫഹദ് ഫാസിൽ, സ്വാസിക വിജയ് എന്നിവർ മികച്ച സ്വഭാവ നടനും നടിയുമായും തിരഞ്ഞെടുക്കപ്പെട്ടു.

Read More:ജൈവകൃഷി ശക്തമാക്കാൻ പുതിയ സംരംഭവുമായി ശ്രീനിവാസൻ- വിഷം കലരാത്ത പച്ചക്കറികളുമായി ‘ശ്രീനി ഫാംസ്’

പ്രശസ്ത ഛായാഗ്രാഹകൻ മധു അമ്പാട്ടാണ് ഈ വർഷത്തെ ജൂറിക്ക് നേതൃത്വം നൽകിയത്. കൊവിഡ്-19 പ്രോട്ടോകോൾ അനുസരിച്ച് സ്ക്രീനിംഗ് നടത്തിയ ജൂറി അംഗങ്ങളിൽ സംവിധായകരായ സലിം അഹമ്മദ്, എബ്രിഡ് ഷൈൻ, ഛായാഗ്രാഹകൻ വിപിൻ മോഹൻ, നടി ജോമോൾ, എഡിറ്റർ എൽ ഭൂമിനാഥൻ, എഴുത്തുകാരൻ ബെന്യാമിൻ എന്നിവരും ഉൾപ്പെടുന്നു.

Story highlights- mohanlal and mammootty appreciating state award winners