പച്ചക്കറിയും പാലും സ്വയം അളന്നെടുക്കാം; പണം ബോക്‌സില്‍ നിക്ഷേപിച്ചാല്‍ മതി; വേറിട്ടൊരു വിപണനരീതി

October 27, 2020
Organic farmer Hema Ananth runs no shopkeeper shop

പല വിപണന മാര്‍ഗങ്ങളും സ്വീകരിക്കാറുണ്ട് കര്‍ഷകര്‍ പലരും. എന്നാല്‍ സാധാരണയില്‍ നിന്നെല്ലാം വ്യത്യസ്തമായ വിപണന മാതൃക പിന്തുടരുകയാണ് ഹേമ ആനന്ദ് എന്ന കര്‍ഷക. വിശ്വാസം അതല്ലേ എല്ലാം എന്ന പരസ്യവാചകം അക്ഷരാര്‍ത്ഥത്തില്‍ സ്വന്തം ജീവിതത്തില്‍ പ്രാവര്‍ത്തീകമാക്കിയിരിക്കുകയാണ് ഹേമ.

കര്‍ണാടകയിലെ ഗൗരി പുര എന്ന ഗ്രാമത്തിലാണ് ഹേമയുടെ പശു ഫാം. ഇവിടെ നിന്നും ഏകദേശം പതിനൊന്ന് കിലോമീറ്റര്‍ അകലെയാണ് വീട്. രാവിലെ വീട്ടില്‍ എല്ലാവരും ഉറക്കം ഉണരുന്നതിന് മുമ്പേ ഹേമ ഉറക്കമുണരും. പിന്നെ നേരെ ഫാമിലേക്ക്. സഹപ്രവര്‍ത്തകര്‍ എന്ന് ഹേമ വിശേഷിപ്പിക്കുന്ന കുറച്ച് ജോലിക്കാരുണ്ട് ഫാമില്‍. ഇരുപത് പശുക്കളില്‍ നിന്നുമായി ഏകദേശം അമ്പത് ലിറ്റര്‍ പാലെങ്കിലും ലഭിക്കും ഓരോ ദിവസവും.

ഈ പാലുമായി ഹേമ വീട്ടിലെത്തും. ആവശ്യക്കാര്‍ക്കായി പാല് വീടിന് പുറത്തു വയ്ക്കും. സമീപത്തായി ഒരു ബോക്‌സും. പാല് വേണ്ടവര്‍ക്ക് സ്വന്തമായി അളന്നെടുക്കാം. പണം ബോക്‌സില്‍ നിക്ഷേപിച്ചാല്‍ മതി. എല്ലാവരും പോയ ശേഷം മാത്രമേ ഹേമ പണം എടുക്കാനായി എത്തൂ. പാല് എടുക്കുന്നവരെ നിരീക്ഷിക്കാന്‍ സിസിടിവിയോ മറ്റാരുമോ വീട്ടുപടിക്കല്‍ ഇല്ല എന്നതാണ് മറ്റൊരു കൗതുകം.

പശു ഫാമിന് പുറമെ 30 ഏക്കറോളം വരുന്ന ഒരു കൃഷിയിടവും ഉണ്ട് ഹേമയ്ക്ക്. പ്രഭാത ഭക്ഷണത്തിനു ശേഷം കൃഷിയിടത്തിലെത്തും ഹേമ. ജൈവകൃഷിയാണ് ഫാമില്‍. പഴങ്ങളും പച്ചക്കറികളും ധാന്യങ്ങളും എല്ലാം അടങ്ങിയിട്ടുണ്ട്. വിളവെടുക്കുന്ന സാധനങ്ങള്‍ ഹേമ സ്റ്റാളിലേക്ക് കൊണ്ടുവരും. പ്രത്യേകത നിറഞ്ഞതാണ് ഹേമയുടെ ചെറിയ സ്റ്റാളും. വിലവിവരം അറിയിച്ചുകൊണ്ടുള്ള ഒരു ചാര്‍ട്ട് ഉണ്ട് കടയില്‍. സാധനങ്ങള്‍ അളന്നെടുക്കാനുള്ള സൗകര്യവുമുണ്ട്. ഓരോരുത്തര്‍ക്കും ഇഷ്ടാനുസരണം സാധനങ്ങള്‍ അളന്നെടുക്കാം. പണം സമീപത്തുള്ള ബോക്‌സില്‍ നിക്ഷേപിച്ചാല്‍ മതി.

Story highlights: Organic farmer Hema Ananth runs no shopkeeper shop