പ്രഭാസിന് പിറന്നാൾ സർപ്രൈസ് ഒരുക്കി ‘രാധേ ശ്യാം’ അണിയറപ്രവർത്തകർ

തെന്നിന്ത്യ മുഴുവൻ ആരാധകരുള്ള താരമാണ് പ്രഭാസ്. ഇപ്പോഴിതാ താരത്തിന്റെ പുതിയ ചിത്രത്തിന്റെ വിശേഷങ്ങളാണ് സമൂഹമാധ്യമങ്ങളിൽ ശ്രദ്ധ നേടുന്നത്. രാധേ ശ്യാം എന്ന ചിത്രമാണ് പ്രഭാസിന്റേതായി അണിയറയിൽ ഒരുങ്ങുന്നത്. വിക്രമാദിത്യ എന്ന കഥാപാത്രത്തെയാണ് ചിത്രത്തിൽ താരം അവതരിപ്പിക്കുന്നത്. ഇപ്പോഴിതാ ചിത്രത്തിന്റെ ക്യാരക്ടർ പോസ്റ്റർ പങ്കുവെച്ചിരിക്കുകയാണ് അണിയറപ്രവർത്തകർ. വിൻഡേജ്‌ കാറിൽ ചാരി നിൽക്കുന്ന വിക്രമാദിത്യനെയാണ് ചിത്രത്തിൽ കാണുന്നത്. താരത്തിന്റെ പിറന്നാൾ ദിനത്തോട് അനുബന്ധിച്ചാണ് അണിയറ പ്രവർത്തകർ പോസ്റ്റർ പങ്കുവെച്ചത്.

ചിത്രത്തിൽ പ്രഭാസിന്റെ നായികയായി വേഷമിടുന്നത് പൂജ ഹെഗ്ഡെയാണ്. യുവി ക്രിയേഷന്റെ ബാനറില്‍  ഭൂഷണ്‍ കുമാര്‍, വാസ്മി, പ്രമോദ് എന്നിവര്‍ ചേര്‍ന്ന് നിര്‍മിക്കുന്ന ചിത്രത്തിൽ മുരളി ശര്‍മ, സാശാ ചേത്രി, കുനാല്‍ റോയ് കപൂര്‍, സച്ചിൻ ഖേദെക്കർ,ഭാഗ്യശ്രീ, പ്രിയദര്‍ശി, എന്നിവരും പ്രധാന വേഷം കൈകാര്യം ചെയ്യുന്നുണ്ട്. സിനിമയുടെ ചിത്രീകരണം ഇപ്പോൾ ഇറ്റലിയിൽ നടന്നുകൊണ്ടിരിക്കുകയാണ്.

Read also:ഒന്നിച്ചുള്ള ആറു പതിറ്റാണ്ടുകൾ, കൊവിഡ് അകറ്റിയ 215 ദിവസങ്ങൾ ഒടുവിൽ ഒന്നുചേരൽ; സ്നേഹം നിറച്ചൊരു വീഡിയോ

അതേസമയം രാമായണ കഥ പങ്കുവയ്ക്കുന്ന ആദിപുരുഷനും പ്രതിഭാസിന്റേതായി അണിയറയിൽ ഒരുങ്ങുന്ന ചിത്രമാണ്. ബിഗ് ബജറ്റിലാണ് ഈ ചിത്രം ഒരുങ്ങുന്നതും. തന്‍ഹാജി സംവിധായകന്‍ ഓം റൗത്ത് ആണ് ചിത്രത്തിന്റെ സംവിധാനം നിര്‍വഹിക്കുന്നത്. പൂര്‍ണമായും ത്രീഡിയിലാണ് ചിത്രം ഒരുങ്ങുന്നത്.

ഇതിനൊപ്പം പിറന്നാൾ ദിനത്തിൽ പ്രളയം നേരിടുന്ന ഹൈദരാബാദിന് സഹായവുമായി പ്രഭാസ് എത്തിയിരുന്നു. ഒന്നരക്കോടി രൂപയാണ് പ്രഭാസ് പ്രളയ ദുരിതാശ്വാസ ഫണ്ടിലേക്ക് കൈമാറിയത്. പ്രളയ ദുരിതാശ്വാസ പ്രവർത്തനങ്ങൾക്ക് പിന്തുണ നൽകുന്നതിനായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിക്ക് 1.5 കോടി രൂപ സംഭാവന നൽകിയതിന് പുറമെ ആവശ്യമുള്ളവരെ പിന്തുണയ്ക്കാൻ പ്രഭാസ് തന്റെ ആരാധകരോടും അഭ്യർത്ഥിച്ചിട്ടുണ്ട്. ലോക്ക്ഡൗൺ പ്രതിസന്ധി ഘട്ടത്തിലും 4 കോടി രൂപ താരം സംഭാവന നൽകിയിരുന്നു.

Story Highlights: prabhas as vikramaditya in radhe shyam