പൃഥ്വിരാജിന് പിന്നാലെ സംവിധായകനും കൊവിഡ് സ്ഥിരീകരിച്ചു-സുരാജ് വെഞ്ഞാറമൂട് സ്വയം നിരീക്ഷണത്തിൽ

October 20, 2020

‘ജന ഗണ മന’ സിനിമയുടെ ഷൂട്ടിംഗിനിടെ പൃഥ്വിരാജിന് കൊവിഡ് സ്ഥിരീകരിച്ചിരുന്നു. പിന്നാലെ ചിത്രത്തിന്റെ സംവിധായകൻ ഡിജോ ജോസിനും രോഗം സ്ഥിരീകരിച്ചിരിക്കുകയാണ്. ഈ സാഹചര്യത്തിൽ ഷൂട്ടിംഗിൽ പങ്കെടുത്ത സുരാജ് വെഞ്ഞാറമൂട് സ്വയം നിരീക്ഷണത്തിൽ പ്രവേശിച്ചു. താനുമായി സമ്പർക്കത്തിലേർപ്പെട്ടവർ ഉടൻ തന്നെ നിരീക്ഷണത്തിൽ പോകണമെന്നും സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ച കുറിപ്പിലൂടെ സുരാജ് വ്യക്തമാക്കി. രോഗം സ്ഥിരീകരിച്ചതിന് പിന്നാലെ പൃഥ്വിരാജ് സമൂഹമാധ്യമങ്ങളിൽ കുറിപ്പ് പങ്കുവെച്ചിരുന്നു.

‘ഒക്ടോബർ 7 മുതൽ ഞാൻ ഡിജോ ജോസ് ആന്റണിയുടെ “ജന ഗണ മന” യുടെ ഷൂട്ടിംഗിലാണ്. കൊവിഡ് നിയന്ത്രണങ്ങളും അനുബന്ധ സുരക്ഷാ നടപടികളും സംബന്ധിച്ച് ഞങ്ങൾക്ക് കർശനമായ പ്രോട്ടോക്കോളുകൾ ഉണ്ടായിരുന്നു. മാനദണ്ഡം പോലെ, ഷൂട്ടിംഗിൽ ഉൾപ്പെടുന്ന എല്ലാവരേയും ഷെഡ്യൂൾ ആരംഭിക്കുന്നതിന് മുമ്പ് പരിശോധിക്കുകയും കോടതിമുറി സെറ്റിലെ അവസാന ദിവസത്തെ ഷൂട്ടിന് ശേഷം പരിശോധനകൾ ആവർത്തിക്കുകയും ചെയ്തു. നിർഭാഗ്യവശാൽ, ഇത്തവണ പരീക്ഷണ ഫലങ്ങൾ പോസിറ്റീവ് ആയി തിരിച്ചെത്തി. ഞാൻ ഐസൊലേഷനിൽ പ്രവേശിച്ചു. എനിക്ക് ലക്ഷണങ്ങൾ ഇല്ലായിരുന്നു. ഇപ്പോഴും ആരോഗ്യ പ്രശ്നങ്ങൾ ഒന്നുമില്ല. എന്റെ എല്ലാ പ്രൈമറി, സെക്കണ്ടറി കോൺടാക്റ്റുകളും പരിധോധന നടത്തണം. ഉടൻ സുഖം പ്രാപിച്ച് ഉടൻ ജോലിയിൽ പ്രവേശിക്കുമെന്ന് പ്രതീക്ഷിക്കുന്നു. നന്ദി’- പൃഥ്വിരാജ് പറയുന്നു.

ഡ്രൈവിംഗ് ലൈസൻസിന്റെ വൻ വിജയത്തിന് ശേഷം പൃഥ്വിരാജ് സുകുമാരനും സുരാജ് വെഞ്ഞാറമൂടും വീണ്ടും ഒന്നിക്കുന്ന ചിത്രമാണ് ‘ ജന ഗണ മന’. ക്വീൻ എന്ന ക്യാമ്പസ് ചിത്രത്തിന്റെ സംവിധായകൻ ഡിജോ ജോസ് ആന്റണി സംവിധാനം ചെയ്യുന്ന ചിത്രമാണിത്. പൃഥ്വിരാജ് അഭിഭാഷകന്റെ വേഷത്തിലാണ് ചിത്രത്തിലെത്തുന്നത്.

Story highlights- suraj venjaramoodu self quarantine