മൂന്നു ചിത്രങ്ങൾ, ഒരു ഭാഷ, ഒരേയൊരു ഉർവ്വശി- ഒടിടി റിലീസുകളിൽ താരമായി പ്രിയനടി

മലയാളത്തിലെ എക്കാലത്തെയും മികച്ച നടിമാരുടെ പട്ടികയെടുത്താൽ മുൻനിരയിൽ ഉർവ്വശിയുണ്ടാകും. കാരണം, 1980 മുതലിങ്ങോട്ട് വൈവിധ്യമാർന്ന കഥാപാത്രങ്ങളിലൂടെ പ്രേക്ഷക മനസിൽ ഇത്രത്തോളം ഇടംനേടിയ മറ്റൊരു നടിയുണ്ടാകില്ല. ഇടക്കാലത്ത് സിനിമയിൽ നിന്നും ഇടവേളയെടുത്തെങ്കിലും മടങ്ങിവരവിലും ശ്രദ്ധേയ വേഷങ്ങളാണ് ഉർവ്വശിയെ കാത്തിരുന്നത്. ലോക്ക് ഡൗൺ കാലത്ത് ഏറ്റവുമധികം ഒടിടി റിലീസുകളുടെ ഭാഗമാകുന്ന നടി എന്ന പേരും ഉർവ്വശി സ്വന്തമാക്കുമോ എന്ന ആകാംക്ഷയിലാണ് ആരാധകർ.

ഉർവ്വശി മുഖ്യ വേഷത്തിൽ എത്തുന്ന മൂന്നു ചിത്രങ്ങളാണ് ഓൺലൈനായി റിലീസിനെത്തുന്നത്. മൂന്നു ചിത്രങ്ങളും തമിഴ് ഭാഷയിലാണ് എന്നുമാത്രം. പുത്തം പുതു കാലൈ, മൂക്കുത്തി അമ്മൻ,  സുരരൈ പോട്രു എന്നിങ്ങനെ മൂന്നു ബിഗ് ബജറ്റ് ചിത്രങ്ങളിലാണ് ഉർവ്വശി വേഷമിട്ടിരിക്കുന്നത്.

ആമസോൺ പ്രൈം വീഡിയോ ആദ്യമായി ഒരുക്കുന്ന തമിഴ് ആന്തോളജി ചിത്രമാണ് പുത്തം പുതുകാലൈ.  അഞ്ച് കഥകളിലൂടെ വ്യത്യസ്ത ബന്ധങ്ങളെക്കുറിച്ചും ലോക്ക് ഡൗൺ സമയത്ത് അവ എങ്ങനെ മുന്നോട്ട് പോയി എന്നതിനെക്കുറിച്ചും ചിത്രം പങ്കുവയ്ക്കുന്നു. ഇതിൽ ‘ഇളമൈ ഇതോ ഇതോ’ എന്ന് പേരിട്ടിരിക്കുന്ന സുധ കൊങ്കരയുടെ ചിത്രത്തില്‍ ജയറാം, കാളിദാസ് ജയറാം, ഉര്‍വ്വശി, കല്യാണി പ്രിയദർശൻ എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.  വർഷങ്ങൾക്ക് ശേഷം പ്രിയ ജോഡികളെ സ്‌ക്രീനിൽ കാണാൻ സാധിച്ച സന്തോഷത്തിലാണ് പ്രേക്ഷകർ. ആമസോൺ പ്രൈമിൽ പ്രദർശനത്തിനെത്തിയ പുത്തം പുതു കാലൈയിൽ ഏറ്റവും ശ്രദ്ധ നേടിയതും ഇളമൈ ഇതോ ഇതോ ആയിരുന്നു.

 നയന്‍താര മൂക്കുത്തി അമ്മനായി എത്തുന്ന ചിത്രത്തില്‍ പ്രധാനവേഷത്തിൽ എത്തുന്നതും ഉർവ്വശിയാണ്. ആർ‌ജെ ബാലാജിയും എൻ‌ ജെ ശരവണനും ചേർന്നൊരുക്കിയ ചിത്രം രാജ്യത്തെ ബാധിക്കുന്ന നിലവിലെ പ്രശ്നങ്ങളെക്കുറിച്ച് സംസാരിക്കുന്ന ഒരു രാഷ്ട്രീയ ആക്ഷേപഹാസ്യ ചിത്രമാണ്. ദീപാവലി ദിനത്തിൽ ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാറിലൂടെ പ്രേക്ഷകരിലേക്കെത്തുന്ന ചിത്രം ഉർവ്വശിയുടെ മറ്റൊരു ഒടിടി റിലീസാകുകയാണ്.

Read More: ‘ഇതാണെന്റെ പുതിയ സുഹൃത്ത്’- കുതിര സവാരിയുടെ ചിത്രങ്ങൾ പങ്കുവെച്ച് തൃഷ

തമിഴ് ചലച്ചിത്ര താരം സൂര്യ കേന്ദ്ര കഥാപാത്രമായെത്തുന്ന ‘സുരരൈ പോട്രു’ നവംബർ 12 ന് റിലീസ് ചെയ്യും.ആമസോൺ പ്രൈമിലാണ് ഈ ചിത്രവും എത്തുന്നത് . ചിത്രത്തിൽ സൂര്യ അവതരിപ്പിക്കുയന്ന കഥാപാത്രത്തിന്റെ അമ്മ വേഷത്തിലാണ് ഉർവ്വശി എത്തുന്നത്. ട്രെയിലറിൽ വളരെ വൈകാരികമായ ഉർവ്വശിയുടെ രംഗങ്ങൾ ഉൾപ്പെടുത്തിയിട്ടുണ്ട്. എയർ ഡെക്കാൻ സ്ഥാപകൻ ക്യാപ്റ്റൻ ജി ആർ ഗോപിനാഥിന്റെ ജീവിതത്തെ ആസ്പദമാക്കിയാണ് ചിത്രം ഒരുക്കുന്നത്. വിമാനക്കമ്പനി സ്ഥാപിക്കാൻ അദ്ദേഹം നടത്തിയ പോരാട്ടങ്ങളാണ് സിനിമയുടെ മുഖ്യപ്രമേയം. 

Story highlights- urvashi’s new tamil movies