പാർവതി തിരുവോത്തിനൊപ്പം ഉർവശി- ‘ഉള്ളൊഴുക്ക്’ ഒരുങ്ങുന്നു

July 16, 2022

മലയാളത്തിലെ മുൻനിര നായികമാരാണ് ഉർവശിയും പാർവതി തിരുവോത്തും. ഇരുവരും ഒന്നിക്കുന്ന പുതിയ ചിത്രമാണ് ഉള്ളൊഴുക്ക്. ‘ഡിയർ ഫ്രണ്ട്’ എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ അർജുൻ രാധാകൃഷ്ണനും ഒരു പ്രധാന വേഷത്തിൽ എത്തുന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് അടുത്തിടെ പൂർത്തിയായി.

വിർജിൻ, സ്വീറ്റ്ഹാർട്ട് തുടങ്ങിയ നിരൂപക പ്രശംസ നേടിയ ഹ്രസ്വചിത്രങ്ങളിലൂടെ ശ്രദ്ധിക്കപ്പെട്ട സംവിധായകൻ ക്രിസ്റ്റോ ടോമിയാണ് ‘ഉള്ളൊഴുക്ക്’ സംവിധാനം ചെയ്യുന്നത്. ബോളിവുഡ് നടൻ ആമിർ ഖാനും ‘പികെ’ സംവിധായകൻ രാജ്കുമാർ ഹിരാനിയും അടങ്ങുന്ന ജൂറി മത്സരത്തിൽ ‘ഉള്ളൊഴുക്കിന്റെ തിരക്കഥയ്ക്ക് സംവിധായകൻ ഒന്നാം സമ്മാനം നേടിയിരുന്നു.

അഭിനേതാക്കളായ ഷെബിൻ ബെൻസൺ, അലൻസിയർ ലോപ്പസ് എന്നിവരും ‘ഉള്ളൊഴുക്ക്’ അഥവാ എന്ന ചിത്രത്തിൽ പ്രധാന വേഷങ്ങൾ അവതരിപ്പിക്കുന്നു. പാർവതി തിരുവോത്തും ഉർവ്വശിയും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ‘ഉള്ളൊഴുക്ക്’ എന്ന ചിത്രത്തിന് പ്രേക്ഷകർക്കിടയിൽ വലിയ പ്രതീക്ഷയാണ് നൽകുന്നത്.

അതേസമയം, പുഴു എന്ന ചിത്രത്തിലാണ് പാർവതി ഏറ്റവും ഒടുവിൽ വേഷമിട്ടത്. മലയാള സിനിമയുടെ ദേശീയ മുഖമായി പാർവതി മാറിയതോടെ ബോളിവുഡ് താരങ്ങൾക്കൊപ്പം ഒട്ടേറെ വേദികൾ പങ്കിടാൻ പാർവതിക്ക് സാധിച്ചു. അടുത്തിടെ ഇന്ത്യൻ സിനിമയിൽ ശ്രദ്ധേയ സാന്നിധ്യം വഹിച്ച താരങ്ങളെ ഉൾക്കൊള്ളിച്ച് നടത്തിയ ‘റൗണ്ട് ടേബിൾ’ എന്ന പരിപാടിയിൽ ഏറ്റവും ശ്രദ്ധിക്കപ്പെട്ടതും പാർവതിയുടെ നിലപാടുകൾ തന്നെയായിരുന്നു.

Read Also: ബി ഉണ്ണികൃഷ്ണൻ ഒരുക്കുന്ന ത്രില്ലർ ചിത്രത്തിൽ നായകനായി മമ്മൂട്ടി; എത്തുന്നത് പൊലീസ് വേഷത്തിൽ

അതേസമയം, ‘ഒരു പോലീസുകാരന്റെ മരണം’ എന്ന ചിത്രത്തിലാണ് ഉർവശി ഇനി വേഷമിടുന്നത്. ദുരൂഹസാഹചര്യത്തിൽ ഒരു പൊലീസുകാരൻ മരിക്കുന്നതും അതിനെത്തുടർന്ന് ഉണ്ടാകുന്ന സംഭവങ്ങളുമാണ് ചിത്രത്തിന്റെ പ്രമേയം. വൈശാഖ് സിനിമാസിന്റെയും റയൽ ക്രിയേഷൻസിന്റെയും ബാനറിൽ വൈശാഖ് രാജൻ ആണ് ചിത്രം നിർമിക്കുന്നത്. ബിനു പപ്പു, കോട്ടയം രമേഷ്, തെസ്നി ഖാൻ, മുത്തുമണി തുടങ്ങിയവരും ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്.

Story highlights- Parvathy Thiruvothu – Urvashi starrer ‘Ullozhukku’