ബി ഉണ്ണികൃഷ്ണൻ ഒരുക്കുന്ന ത്രില്ലർ ചിത്രത്തിൽ നായകനായി മമ്മൂട്ടി; എത്തുന്നത് പൊലീസ് വേഷത്തിൽ

July 11, 2022

സംവിധായകൻ ബി ഉണ്ണികൃഷ്ണനൊപ്പം ത്രില്ലർ ചിത്രത്തിൽ വേഷമിടാൻ മമ്മൂട്ടി. ചിത്രം ആചാരപരമായ പൂജാ ചടങ്ങുകളോടെ ലോഞ്ച് ചെയ്തു. ചിത്രത്തിൽ ഐശ്വര്യ ലക്ഷ്മി, അമല പോൾ, സ്നേഹ എന്നിവരാണ് നായികമാർ. അടുത്തിടെ ഡോക്ടർ, എതർക്കും തുനിന്ദവൻ തുടങ്ങിയ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ തമിഴ് നടൻ വിനയ് റായി മറ്റൊരു പ്രധാന വേഷത്തിൽ എത്തുന്നുണ്ട്. ഷൈൻ ടോം ചാക്കോ, ദിലീഷ് പോത്തൻ, ജിനു ജോസഫ് തുടങ്ങിയവരാണ് മറ്റ് അഭിനേതാക്കൾ.

യഥാർത്ഥ സംഭവത്തെ ആസ്പദമാക്കി ഒരുക്കുന്ന ചിത്രത്തിൽ പോലീസ് വേഷത്തിലാണ് മമ്മൂട്ടി എത്തുന്നത്.ഉദയകൃഷ്ണയാണ് ചിത്രത്തിന് തിരക്കഥ ഒരുക്കുന്നത്. ആറാട്ട് എന്ന ചിത്രത്തിന് ശേഷം ബി ഉണ്ണികൃഷ്ണനും ഉദയ്‌കൃഷ്ണയും ഒന്നിക്കുന്ന ചിത്രം കൂടിയാണ് ഇത്. അതേസമയം, പ്രമാണി എന്ന ചിത്രത്തിൽ ബി ഉണ്ണികൃഷ്ണനും മമ്മൂട്ടിയും മുൻപ് തന്നെ ഒന്നിച്ചുപ്രവർത്തിച്ചിട്ടുണ്ട്.

അതേസമയം, നൻപകൽ നേരത്ത് മയക്കം എന്ന ചിത്രമാണ് മമ്മൂട്ടി നായകനായി റിലീസിന് ഒരുങ്ങുന്നത്. ലിജോ ജോസ് പെല്ലിശ്ശേരി ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. തമിഴ്‌നാട്ടിലാണ് ചിത്രത്തിന്റെ ഷൂട്ടിംഗ് പൂർത്തിയായത്. സിനിമയുടെ രണ്ടു ടീസറുകൾ ഇതിനോടകം പ്രേക്ഷകരിലേക്ക് എത്തിക്കഴിഞ്ഞു.

Read Also; ശിവാജി ഗണേശന്റെ ഒന്നരമിനിറ്റ് നീണ്ട ഡയലോഗ് ഒറ്റ ടേക്കിലെടുത്ത് മമ്മൂട്ടി- ‘നൻപകൽ നേരത്ത് മയക്കം’ ടീസർ

അതേസമയം, സൈക്കിൾ മെക്കാനിക്ക് കൂടിയായ വേലൻ എന്ന കള്ളന്റെ വേഷത്തിലാണ് മമ്മൂട്ടി അഭിനയിക്കുന്നതെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.മമ്മൂട്ടി-ലിജോ ജോസ് പെല്ലിശ്ശേരി കൂട്ടുകെട്ടിൽ ഒരുങ്ങുന്ന ‘നൻപകൽ നേരത്ത് മയക്കം’ എന്ന ചിത്രത്തിന്റെ ഛായാഗ്രഹണം നിർവ്വഹിക്കുന്നത് ‘പേരൻപ്’, ‘കർണ്ണൻ’ എന്നീ തമിഴ് ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ തേനി ഈശ്വറാണ്. 

Story highlights- b unnikrishnan and mammootty movie