പ്രധാന കഥാപാത്രമായി ഇന്ദ്രൻസ്; കൊവിഡ് മാനദണ്ഡങ്ങളോടെ ചിത്രീകരണം പൂർത്തിയാക്കി ‘ഹോം’

October 19, 2020

അഭിനയ മികവുകൊണ്ടും ലാളിത്യം കൊണ്ടുമെല്ലാം മലയാളി ഹൃദയങ്ങളിലേക്ക് നടന്നുകയറിയ താരമാണ് ഇന്ദ്രൻസ്. ചെറുതും വലുതുമായി നിരവധി കഥാപാത്രങ്ങളെ വെള്ളിത്തിരയിൽ അവതരിപ്പിച്ച താരം പ്രധാന കഥാപാത്രമായി എത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് ഹോം. ഇപ്പോഴിതാ കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ട് ചിത്രീകരണം പൂർത്തിയാക്കിയിരിക്കുകയാണ് ഹോം. ഔട്ട്ഡോറും ഇൻഡോറും ഉൾപ്പെടെ 42 ദിവസങ്ങൾ തുടർച്ചയായി ഷൂട്ട് ചെയ്താണ് സിനിമ ഒരുക്കിയത്.

റോജിൻ തോമസ് സംവിധാനം നിർവഹിക്കുന്ന ചിത്രം ഫ്രൈഡേ ഫിലിംസിന്റെ ബാനറിൽ വിജയ് ബാബുവാണ് ഒരുക്കുന്നത്. അതേസമയം ലൊക്കേഷനിൽ ആർക്കും കൊവിഡ് ബാധിക്കാതെ സിനിമ ചിത്രീകരണം പൂർത്തിയായ സന്തോഷത്തിലാണ് അണിയറപ്രവർത്തകർ. എന്നാൽ സിനിമ ചിത്രീകരണം ഏതു വിധത്തിൽ ആയിരിക്കും എന്ന കാര്യത്തിൽ ഇതുവരെ തീരുമാനങ്ങൾ വന്നിട്ടില്ല.

Read also:മുറ്റത്ത് അന്നാദ്യമായി…; സിനിമയ്ക്കുള്ളിലെ സിനിമയുമായി ഹലാല്‍ ലവ് സ്‌റ്റോറിയിലെ ഗാനം

ഡോ. ബിജു സംവിധാനം ചെയ്ത ‘വെയില്‍മരങ്ങള്‍’ എന്ന ചിത്രത്തിലെ അഭിനയത്തിന് മികച്ച നടനുള്ള അന്താരാഷ്ട്ര പുരസ്‌കാരമടക്കം കരസ്ഥമാക്കിയ നടനാണ് ഇന്ദ്രൻസ്. വെള്ളിത്തിരയിൽ തിരക്കുള്ള നടനായി മാറിയ അദ്ദേഹത്തിന്റേതായി അണിയറയിൽ ഒരുങ്ങുന്ന മറ്റൊരു ചിത്രമാണ് ലോന. ബിജു ബെർണാഡ് തിരക്കഥയും സംവിധാനവും നിർവഹിക്കുന്ന ചിത്രം ഒരു നഗരത്തിൽ ഒറ്റപെട്ടു ജീവിക്കുന്ന വ്യക്തിയുടെ കഥയാണ് പറയുന്നത്.

Read also:ഹൃദയംതൊട്ട് ബാക്ക് പാക്കേഴ്‌സിലെ ആദ്യ ഗാനം; വേറിട്ട ലുക്കിൽ കാളിദാസും കാർത്തിക നായരും

ഇന്ദ്രൻസിനെ മുഖ്യകഥാപാത്രമാക്കി നവാഗത സംവിധായകൻ അശോക് ആർ കലീത്ത ഒരുക്കുന്ന ചിത്രമാണ് ‘വേലുക്കാക്ക’. പി.ജെ.വി. ക്രിയേഷന്‍സിന്റെ ബാനറില്‍ സിബി വര്‍ഗ്ഗീസ് പുല്ലൂരുത്തിക്കരി നിർമിക്കുന്ന ചിത്രത്തിന്റെ തിരക്കഥ ഒരുക്കുന്നതും അശോക് ആണ്. സിനിമ ചിത്രീകരണം പാലക്കാട് ആരംഭിച്ചു.

Story Highlights: vijay babu rojin thomas movie home pack up